പത്ത് ദിവസമായിട്ടും എഫ്‌ഐആര്‍ പോലുമില്ല; ജാര്‍ഖണ്ഡില്‍ വെടിവയ്പില്‍ കൊല്ലപ്പെട്ട മുദ്ദസിറിന്റെ കുടുംബം കോടതിയിലേക്ക്
സംഭവം നടന്ന് പത്തു ദിവസം പിന്നിട്ടിട്ടും തങ്ങളുടെ പരാതിയില്‍ എഫ്‌ഐആര്‍ പോലും രജിസ്റ്റര്‍ ചെയ്യാന്‍ പൊലിസ് തയാറായിട്ടില്ലെന്നാണ് കുടുംബം ആരോപിക്കുന്നത്.
റാഞ്ചി: ബിജെപി നേതാക്കളുടെ പ്രവാചക നിന്ദയ്‌ക്കെതിരേ ജാര്‍ഖണ്ഡ് തലസ്ഥാനമായ റാഞ്ചിയില്‍ നടന്ന പ്രതിഷേധത്തിനിടെ വെടിയേറ്റു മരിച്ച മുഹമ്മദ് മുദ്ദസിറിന്റെ കുടുംബം നീതി തേടി സുപ്രിം കോടതിയിലേക്ക്. സംഭവം നടന്ന് പത്തു ദിവസം പിന്നിട്ടിട്ടും തങ്ങളുടെ പരാതിയില്‍ എഫ്‌ഐആര്‍ പോലും രജിസ്റ്റര്‍ ചെയ്യാന്‍ പൊലിസ് തയാറായിട്ടില്ലെന്നാണ് കുടുംബം ആരോപിക്കുന്നത്.
15 വയസ്സുകാരന്റെ മരണത്തെ തുടര്‍ന്ന് നല്‍കിയ പരാതിയില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ വിസമ്മതിക്കുന്ന പോലിസ് കൊലയാളികളെ സംരക്ഷിക്കുകയാണെന്നു മുദ്ദസിറിന്റെ കുടുംബം ആരോപിച്ചു. ജൂണ്‍ 10ന് നടന്ന പ്രതിഷേധത്തിനിടെ ക്ഷേത്രാങ്കണത്തില്‍നിന്നു വെടിയുതിര്‍ത്തെന്ന ആരോപണമുള്ള പ്രതി ഭൈറോണ്‍ സിംഗ് തങ്ങള്‍ക്കെതിരെ മറ്റൊരു പരാതി നല്‍കിയിട്ടുണ്ടെന്നും കുടുംബം പറഞ്ഞു.
സര്‍ക്കാര്‍ പോലിസിനെയും ഭരണകൂടത്തേയും സംരക്ഷിക്കാന്‍ ശ്രമിക്കുകയാണെന്നു കൊല്ലപ്പെട്ട കൗമാരക്കാരന്റെ മാതൃസഹോദരന്‍ ഷാഹിദ് അയൂബി കുറ്റപ്പെടുത്തി. തങ്ങള്‍ പോലിസില്‍ നല്‍കിയ അപേക്ഷ ഒരടി മുന്നോട്ട് പോയിട്ടില്ലെന്നും ഷാഹിദ് പറഞ്ഞു. തുടര്‍ന്ന് കുടുംബം കഴിഞ്ഞ ദിവസം റാഞ്ചി ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരിക്കുകയാണ്.
'സര്‍ക്കാര്‍ അതിന്റെ പോലിസിനെയും ഭരണകൂടത്തെയും നാണക്കേടുകളില്‍ നിന്ന് രക്ഷിക്കാന്‍ ശ്രമിക്കുകയാണെന്ന് ഇതിലൂടെ വ്യക്തമാണ്. കൊലയാളികളെ സംരക്ഷിക്കാനും അവര്‍ ആഗ്രഹിക്കുന്നു'-ഷാഹിദ് ആരോപിച്ചു.
ജൂണ്‍ 10 നാണ് മുദ്ദസിറിനെ വെടിയേറ്റ് റാഞ്ചിയിലെ റിംസ് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുന്നതും അന്ന് രാത്രിയോടെ മരണപ്പെടുന്നതും.അതേ രാത്രിയില്‍ 21 വയസ്സുള്ള സഹിലും സമാനമായ വെടിവെപ്പില്‍ കൊല്ലപ്പെട്ടിരുന്നു.
മുദസ്സിറിന്റെ കുടുംബം നല്‍കിയ പരാതി പ്രകാരം ഒരു ക്ഷേത്രത്തിന്റെ മേല്‍ക്കൂരയില്‍ നിന്ന് ഭൈരോണ്‍ സിംഗ്, ശശി ശരദ് കരണ്‍, സോനു സിംഗ് എന്നീ മൂന്ന് പേര്‍ പ്രകടനക്കാര്‍ക്ക് നേരെ വെടിയുതിര്‍ത്തതായി ചൂണ്ടിക്കാട്ടിയിട്ടുണ്ട്.