മുഹമ്മദ് അനസിന് അര്‍ജുന പുരസ്‌കാരത്തിന് ശുപാര്‍ശ
അനസിനെ കൂടാതെ ക്രിക്കറ്റ് താരം രവീന്ദ്ര ജഡേജ, ഫുട്‌ബോള്‍ താരം ഗുര്‍പ്രീത് സിങ് സന്ധു, ബാഡ്മിന്റണ്‍ താരം സായി പ്രണീത് എന്നിവര്‍ അടക്കം 19 കായിക താരങ്ങളെയാണ് അര്‍ജുന അവാര്‍ഡിന് ശുപാര്‍ശ ചെയ്തത്
ന്യൂഡല്‍ഹി: ഏഷ്യന്‍ ഗെയിംസ് സ്വര്‍ണ മെഡല്‍ ജേതാവായ മലയാളി അത്‌ലറ്റ് മുഹമ്മദ് അനസ്, ക്രിക്കറ്റ് താരം രവീന്ദ്ര ജഡേജ, ഫുട്‌ബോള്‍ താരം ഗുര്‍പ്രീത് സിങ് സന്ധു, ബാഡ്മിന്റണ്‍ താരം സായി പ്രണീത് എന്നിവര്‍ അടക്കം 19 കായിക താരങ്ങളെ അര്‍ജുന അവാര്‍ഡിന് ശുപാര്‍ശ ചെയ്തു. അനസ് അര്‍ജുന അവാര്‍ഡിന് ശുപാര്‍ ചെയ്യപ്പെട്ട ഏക മലയാളിയാണ്. ജക്കാര്‍ത്ത ഏഷ്യന്‍സ് ഗെയിംസില്‍ മൂന്ന് വെള്ളിയും ഗുവാഹട്ടി സാഫ് ഗെയിംസിലും ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പിലും സ്വര്‍ണവും നേടിയിട്ടുണ്ട്. നിലവില്‍ പുരുഷന്മാരുടെ 400 മീറ്റര്‍ ഓട്ടത്തില്‍ ദേശീയ റെക്കോഡിന് ഉടമയാണ് നിലമേല്‍ സ്വദേശിയായ അനസ്.
ഒളിമ്പിക് മെഡല്‍ നേടിയ ഏക മലയാളിയായ മുന്‍ ഹോക്കിതാരം മാന്വല്‍ ഫ്രെഡ്രിക്‌സിനെ ധ്യാന്‍ചന്ദ് പുരസ്‌കാരത്തിന് ശുപാര്‍ശ ചെയ്തു. അരുപ് ബസക്ക് (ടേബിള്‍ ടെന്നിസ്), മനോജ് കുമാര്‍ (ഗുസ്തി), നിതിന്‍ കീര്‍ത്തനെ (ടേബിള്‍ ടെന്നിസ്), ലാല്‍രെമസാംഗ (അമ്പെയ്ത്ത്) എന്നിവരെയും ധ്യാന്‍ചന്ദ് പുരസ്‌കാരത്തിന് ശുപാര്‍ശ ചെയ്തു.
ഗുസ്തിതാരം ബജ്‌രംഗ് പൂനിയയെയും പാര അത്‌ലറ്റ് ദീപ മാലിക്കിനെയും പരമോന്നത കായിക പുരസ്‌കാരമായ രാജീവ്ഗാന്ധി ഖേല്‍ രത്‌നയ്ക്ക് ശുപാര്‍ശ ചെയ്തു. വിമല്‍കുമാര്‍ (ബാസഡ്മിന്റണ്‍), സന്ദീപ് ഗുപ്ത (ടേബിള്‍ ടെന്നിസ്), മൊഹീന്ദര്‍ സിങ് ധില്ലണ്‍ (അത്‌ലറ്റിക്‌സ്) എന്നിവരെ പരിശീലകര്‍ക്കുള്ള ദ്രോണാചാര്യ അവാര്‍ഡിനും ആജീവനാന്ത സേവനത്തിനുള്ള പുരസ്‌കാരത്തിന് മെര്‍സബാന്‍ പട്ടേല്‍ (ഹോക്കി), രാംബിര്‍ സിങ് കൊഖുര്‍ (കബഡി), സഞ്ജയ് ഭരദ്വാജ് (ക്രിക്കറ്റ്) എന്നിവരെയും ശുപാര്‍ ചെയ്തു.