മുലായം സിംഗ് യാദവിന് വിട; സംസ്‌കാരം പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ
ജന്മനാടായ സൈഫായിലായിരുന്നു സംസ്‌കാരം. സംസ്‌കാര ചടങ്ങില്‍ കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്, കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജുന്‍ ഗാര്‍ഖെ, ബിഹാര്‍ ഉപമുഖ്യമന്ത്രി തേജസ്വി യാദവ്, തെലുങ്ക് ദേശം പാര്‍ട്ടി നേതാവ് ചന്ദ്രബാബു നായിഡു ഉള്‍പ്പടെ നിരവധി നേതാക്കള്‍ സംസ്‌കാരചടങ്ങില്‍ പങ്കെടുത്തു. അവസാനമായി തങ്ങളുടെ പ്രിയനേതാജിയെ കാണാന്‍ ആയിരങ്ങളാണ് സൈഫായിലേക്ക് ഒഴുകിയെത്തിയത്.
ലഖ്‌നൗ: സമാജ്‌വാദി പാര്‍ട്ടി നേതാവും ഇന്ത്യന്‍ രാഷ്ട്രീയത്തിലെ അതികായനുമായ മുലായം സിങ് യാദവിന് യാത്രാമൊഴി ചൊല്ലി പതിനായിരങ്ങള്‍. ജന്മനാടായ സൈഫായിലായിരുന്നു സംസ്‌കാരം. സംസ്‌കാര ചടങ്ങില്‍ കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്, കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജുന്‍ ഗാര്‍ഖെ, ബിഹാര്‍ ഉപമുഖ്യമന്ത്രി തേജസ്വി യാദവ്, തെലുങ്ക് ദേശം പാര്‍ട്ടി നേതാവ് ചന്ദ്രബാബു നായിഡു ഉള്‍പ്പടെ നിരവധി നേതാക്കള്‍ സംസ്‌കാരചടങ്ങില്‍ പങ്കെടുത്തു. അവസാനമായി തങ്ങളുടെ പ്രിയനേതാജിയെ കാണാന്‍ ആയിരങ്ങളാണ് സൈഫായിലേക്ക് ഒഴുകിയെത്തിയത്.
श्रद्धेय नेताजी की अंतिम यात्रा। pic.twitter.com/YZC18SMPAH
— Samajwadi Party (@samajwadiparty) October 11, 2022
ഇടയ്ക്കിടെ പെയ്ത ചാറ്റല്‍ മഴയെ അവഗണിച്ചാണ് ജീവിതത്തിന്റെ നാനാതുറകളില്‍നിന്നുള്ളവര്‍ സംസ്‌കാരച്ചടങ്ങുകള്‍ക്ക് സാക്ഷിയാവാന്‍ എത്തിയത്. ഗുരുഗ്രാമിലെ മേദാന്ത ആശുപത്രിയില്‍ നിന്ന് ഇന്നലെ വൈകീട്ടാണ് മുലായത്തിന്റെ മൃതദേഹം ജന്മനാടായ സൈഫായില്‍ എത്തിച്ചത്. ഇന്നലെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് വീട്ടിലെത്തി മുലായത്തിന് അന്ത്യാജ്ഞലി അര്‍പ്പിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ഉത്തര്‍പ്രദേശ് ഗവര്‍ണര്‍ ആനന്ദിബെന്‍ പട്ടേലിനും ഉത്തര്‍പ്രദേശ് സര്‍ക്കാരിനും വേണ്ടി അദ്ദേഹം പുഷ്പ ചക്രം അര്‍പ്പിച്ചു.
മൂന്നുതവണ യുപി മുഖ്യമന്ത്രിയായിരുന്ന മുലായം കേന്ദ്ര പ്രതിരോധ മന്ത്രിയുമായിട്ടുണ്ട്. നിലവില്‍ മെയ്ന്‍പുരിയില്‍നിന്നുള്ള ലോക്‌സഭാംഗമാണ്. അസംഗഢില്‍നിന്നും സംഭാലില്‍നിന്നും പാര്‍ലമെന്റിനെ പ്രതിനിധീകരിച്ചിട്ടുണ്ട്.
റാം മനോഹര്‍ ലോഹ്യയുടെയും രാജ് നാരായണിന്റെയും ശിഷ്യനായി രാഷ്ട്രീയത്തിലിറങ്ങിയ മുലായം 1967ല്‍ ആദ്യമായി യുപി നിയമസഭയിലെത്തി. 1975ല്‍ അടിയന്തരാവസ്ഥക്കാലത്ത് അറസ്റ്റിലായ മുലായം 19 മാസം തടവില്‍ക്കിടന്നു. 1977ല്‍ ആദ്യമായി മന്ത്രിയായി.
1980ല്‍ ലോക്ദള്‍ പാര്‍ട്ടിയുടെ അധ്യക്ഷനായി. പിന്നീട് ഈ പാര്‍ട്ടി ജനതാദളിന്റെ ഭാഗമായി. ലോക്ദള്‍ പിളര്‍ന്നതോടെ ക്രാന്തികാരി മോര്‍ച്ച പാര്‍ട്ടിയുമായി മുലായം രംഗത്തെത്തി. 1989ല്‍ ആദ്യമായി യുപി മുഖ്യമന്ത്രിയായി. കേന്ദ്രത്തില്‍ വിപി സിങ് സര്‍ക്കാര്‍ താഴെ വീണതോടെ ജനതാദള്‍ (സോഷ്യലിസ്റ്റ്) പാര്‍ട്ടിയുമായി ചേര്‍ന്ന് കോണ്‍ഗ്രസിന്റെ പിന്തുണയോടെ മുഖ്യമന്ത്രിയായി തുടര്‍ന്നു.
1992ല്‍ സമാജ്‌വാദി പാര്‍ട്ടി രൂപീകരിച്ചു. 1993ല്‍ ബിഎസ്പിയുമായി ചേര്‍ന്ന് തിരഞ്ഞെടുപ്പിനെ നേരിട്ടു. കോണ്‍ഗ്രസിന്റെയും ജനതാദളിന്റെയും പിന്തുണയോടെ സര്‍ക്കാര്‍ രൂപീകരിച്ചു. 1995ല്‍ സഖ്യകക്ഷികള്‍ പിന്മാറിയതോടെ സര്‍ക്കാര്‍ വീണു.1996ല്‍ 11ാം ലോക്‌സഭയില്‍ മെയ്ന്‍പുരിയെ പ്രതിനിധീകരിച്ചിരുന്നു. അന്നത്തെ സഖ്യ സര്‍ക്കാരില്‍ പ്രതിരോധ മന്ത്രിയായി. 1998ല്‍ കേന്ദ്രസര്‍ക്കാര്‍ നിലംപതിച്ചപ്പോള്‍ പിന്നീട് സാംഭാല്‍ മണ്ഡലത്തില്‍നിന്ന് ലോക്‌സഭയിലെത്തി. 1999ല്‍ സംഭാലില്‍നിന്നും കന്നൗജില്‍നിന്നും ലോക്‌സഭയിലേക്കു മത്സരിച്ചു ജയിച്ചു.
2003 സെപ്റ്റംബറില്‍ ബിജെപി - ബിഎസ്പി സര്‍ക്കാര്‍ താഴെവീണപ്പോള്‍ കിട്ടിയ അവസരം പാഴാക്കാതെ സ്വതന്ത്രരുടെയും ചെറുപാര്‍ട്ടികളുടെയും പിന്തുണയോടെ മൂന്നാം വട്ടവും മുഖ്യമന്ത്രിയായി. മുഖ്യമന്ത്രിപദത്തില്‍ കയറിയപ്പോഴും ലോക്‌സഭാംഗമായിരുന്നു അന്ന് മുലായം. അതു രാജിവച്ച് പിന്നീട് നിയമസഭയിലേക്കു മത്സരിച്ചു. എന്നാല്‍ അതേ വര്‍ഷത്തെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വീണ്ടും മത്സരിച്ചു. ജയിച്ചെങ്കിലും അതു രാജിവച്ചു മുഖ്യമന്ത്രിസ്ഥാനത്തു തുടര്‍ന്നു. 2007ലെ തിരഞ്ഞെടുപ്പില്‍ ബിഎസ്പിയോട് തോല്‍ക്കുന്നതുവരെ അദ്ദേഹം മുഖ്യമന്ത്രിയായി തുടര്‍ന്നു.