ന്യൂഡല്‍ഹി: സമാജ്‌വാദി പാര്‍ട്ടി സ്ഥാപകനും ഉത്തര്‍പ്രേദശ് മുന്‍മുഖ്യമന്ത്രിയുമായ മുലായം സിങ് യാദവ് (82) അന്തരിച്ചു. മകനും എസ്പി അധ്യക്ഷനുമായ അഖിലേഷ് യാദവാണ് മരണവിവരം ട്വിറ്ററിലൂടെ അറിയിച്ചത്. ആരോഗ്യനില മോശമായതിനെത്തുടര്‍ന്ന് കഴിഞ്ഞ കുറച്ചുദിവസങ്ങളായി ഗുരുഗ്രാമിലെ വേദാന്ത ആശുപത്രിയിലെ അത്യാഹിത വിഭാഗത്തില്‍ ചികില്‍സയിലായിരുന്നു. ശ്വാസ തടസ്സത്തിനൊപ്പം വൃക്കകളുടെ പ്രവര്‍ത്തനവും തകരാറിലായതോടെയാണ് മുലായത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഉയര്‍ന്ന രക്തസമ്മര്‍ദവും ഓക്‌സിജന്‍ അളവിലെ കുറവുമാണ് മുലായത്തിന്റെ സ്ഥിതി ഗുരുതരമാക്കിയത്.
കഴിഞ്ഞ ജൂലൈയിലും മേദാന്തയില്‍ മുലായത്തെ ചികില്‍സയ്ക്കായി പ്രവേശിപ്പിച്ചിരുന്നു. ആരോഗ്യനില മെച്ചപ്പെടുന്നുണ്ടെന്ന വാര്‍ത്തകള്‍ക്കിടെയാണ് നിര്യാണം. മൂന്നുതവണ യുപി മുഖ്യമന്ത്രിയായിരുന്ന മുലായം കേന്ദ്ര പ്രതിരോധ മന്ത്രിസ്ഥാനവും വഹിച്ചിട്ടുണ്ട്. നിലവില്‍ മെയ്ന്‍പുരിയില്‍ നിന്നുള്ള ലോക്‌സഭാംഗമാണ്. അസംഗഢില്‍ നിന്നും സംഭാലില്‍ നിന്നും പാര്‍ലമെന്റിനെ പ്രതിനിധീകരിച്ചിട്ടുള്ള മുലായം 1996ല്‍ ദേവഗൗഡ, ഗുജ്‌റാള്‍ സര്‍ക്കാരുകളിലാണ് കേന്ദ്ര പ്രതിരോധമന്ത്രിയായിരുന്നത്. 1975ല്‍ അടിയന്തരാവസ്ഥക്കാലത്ത് അറസ്റ്റിലായ മുലായം 19 മാസം തടവില്‍ക്കിടന്നു.
1939 നവംബര്‍ 22ന് ഉത്തര്‍പ്രദേശിലെ ഇറ്റാവ ജില്ലയിലെ സയ്ഫായ് ഗ്രാമത്തില്‍ സുഖാര്‍ സിങിന്റെയും മൂര്‍ത്തിദേവിയുടെയും മകനായി ജനനം. ഒരു കര്‍ഷക കുടുംബത്തില്‍ ജനിച്ച മുലായം ഇറ്റാവയിലെ കെകെ കോളജ്, ഷിക്കോഹബാദിലെ എകെ കോളജ്, ആഗ്ര സര്‍വകലാശാല എന്നിവിടങ്ങളില്‍ നിന്ന് രാഷ്ട്രതന്ത്രത്തില്‍ ബിരുദവും ബിരുദാനന്തര ബിരുദവും നേടി. 15ാം വയസില്‍ തന്നെ രാഷ്ട്രീയത്തില്‍ തല്‍പരനായ മുലായം കലാലയ പഠനകാലത്ത് രാം മനോഹര്‍ ലോഹ്യയുടെ ആശയങ്ങളില്‍ തല്‍പരനായാണ് സോഷ്യലിസ്റ്റ് ചിന്താധാരയുടെ ഭാഗമാവുന്നത്.
ലോഹ്യയുമായുള്ള അടുപ്പം സോഷ്യലിസ്റ്റ് പ്രസ്ഥാനത്തിന്റെ ഉത്തര്‍പ്രദേശിലെ യുവമുഖങ്ങളിലൊന്നാക്കി മുലായത്തെ മാറ്റി. ഇറ്റാവയിലെ ഒരു കര്‍ഷക കുടുംബത്തില്‍ നിന്ന് ഉത്തര്‍പ്രദേശ് രാഷ്ട്രീയത്തിലേക്കും അവിടെ നിന്ന് ദേശീയ രാഷ്ട്രീയത്തിലേക്കുമുള്ള മുലായം സിങ് യാദവിന്റെ യാത്ര സംഭവബഹുലമായിരുന്നു. ഗുസ്തിക്കാരനാക്കണമെന്ന ആഗ്രഹത്തോടെ അച്ഛന്‍ പരിശീലനത്തിന് അയച്ചത്. അവിടെ വച്ച് പരിചയപ്പെട്ട നട്ടു സിങ് എന്ന സോഷ്യലിസ്റ്റ് നേതാവിലൂടെ രാഷ്ട്രീയ ഗോദയിലേക്ക് ഇറങ്ങി.
1967ല്‍ 28ാം വയസില്‍ സംയുക്ത സോഷ്യലിസ്റ്റ് പാര്‍ട്ടി സ്ഥാനാര്‍ഥിയായി ജസ്‌വന്ത്‌നഗറില്‍ നിന്ന് മല്‍സരിച്ച് അദ്ദേഹം നിയമസഭയിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗമായി. 1977ല്‍ ആദ്യമായി മന്ത്രിയായി. ഏഴ് തവണയാണ് അദ്ദേഹം ജസ്‌വന്ത്‌നഗറിനെ നിയമസഭയില്‍ പ്രതിനിധീകരിച്ചത്. 1992 ഒക്ടോബറിലാണ് സമാജ്‌വാദി പാര്‍ട്ടി രൂപീകരിക്കുന്നത്. ദേശീയ രാഷ്ട്രീയത്തിന്റെ ഗതിവരെ ഒരു കാലത്ത് നിര്‍ണയിച്ചിരുന്ന രാഷ്ട്രീയ ചാണക്യനാണ് ചരിത്രത്തിലേക്ക് മായുന്നത്. യുപി മുന്‍ മുഖ്യമന്ത്രിയും എസ്പി അധ്യക്ഷനുമായ അഖിലേഷ് യാദവ് ആണ് മകന്‍. മല്‍തി ദേവിയും സാധന ഗുപ്തയുമായിരുന്നു ഭാര്യമാര്‍.