മുല്ലപ്പെരിയാര്‍ ഡാമിലെ ജലനിരപ്പ് 138 അടിയിലേക്ക്; സംസ്ഥാനത്ത് ഇന്നും മഴ തുടരും
മുല്ലപ്പെരിയാര്‍ ഡാമിലെ ജലനിരപ്പ് 138 അടിയിലേക്ക് നീങ്ങുന്നു. 137.55 അടിയാണ് നിലവിലെ ജലനിരപ്പ്. ഡാമിന്റെ വൃഷ്ടി പ്രദേശങ്ങളില്‍ വൈകിട്ടോടെ മഴ ശക്തമായി. ഒരു സെക്കന്‍ഡില്‍ ഡാമിലേക്ക് ഒഴുകി എത്തുന്ന ശരാശരി വെള്ളം 3450 ഘനയടി വെള്ളമാണ്. കൂടുതല്‍ വെള്ളം കൊണ്ടു പോകണമെന്ന് കേരളം തമിഴ്‌നാടിനോട് ആവശ്യപ്പെട്ടിരുന്നെങ്കിലും തമിഴ്‌നാട് കൊണ്ടു പോകുന്ന വെള്ളത്തിന്റെ അളവ് വര്‍ധിപ്പിച്ചിട്ടില്ല.
അതേസമയം, സംസ്ഥാനത്ത് ഇന്നും മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പുണ്ട്. 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് നല്‍കിയിട്ടുണ്ട്. കണ്ണൂര്‍ ,കാസര്‍കോട് ഒഴികെയുള്ള ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്. ഒറ്റപ്പെട്ട പ്രദേശങ്ങളില്‍ ഇടിയോട് കൂടിയ ശക്തമായ മഴയുണ്ടാകുമെന്നും കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പിലുണ്ട്. മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയിലുള്ള കാറ്റിനും സാധ്യതയുണ്ട്. കാലാവര്‍ഷം പൂര്‍ണമായും പിന്‍വാങ്ങി തുലാവര്‍ഷത്തിലേക്ക് കടന്നതോടെ ഉച്ചക്ക് ശേഷമായിരിക്കും മഴ ശക്തമാകുക.
അതിനിടെ മുല്ലപ്പെരിയാര്‍ ഡാമിന്റെ സ്ഥിതി വിലയിരുത്താന്‍ ഇടുക്കി ജില്ലാ കലക്ടറുടെ അധ്യക്ഷതയില്‍ ഇന്ന് ഉദ്യോഗസ്ഥതല യോഗം ചേരും. എ.ഡി.എം,ജില്ലാ പൊലീസ് മേധാവി,തഹസില്‍ദാര്‍, ജനപ്രതിനിധികള്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുക്കും. രാവിലെ 11 മണിക്ക് വണ്ടിപ്പെരിയാറില്‍ ആണ് യോഗം ചേരുക.