'മുനമ്പത്തെ ഭൂമി വഖ്ഫ് തന്നെ, ആരെയും പെട്ടെന്ന് കുടിയൊഴിപ്പിക്കില്ല'; വഖ്ഫ് ബോര്‍ഡ് ചെയര്‍മാന്‍
1962 മുതല്‍ നിലവിലുള്ള വിഷയമാണിത്. ഒരു വ്യക്തി വഖ്ഫ് ചെയ്ത ഭൂമി തന്നെയാണിത്.
കൊച്ചി: മുനമ്പം വഖ്ഫ് ഭൂമി വിഷയത്തില്‍ നിലപാട് വ്യക്തമാക്കി വഖ്ഫ് ബോര്‍ഡ് ചെയര്‍മാന്‍ എം കെ സക്കീര്‍. ഭൂമി വഖ്ഫ് ചെയ്യപ്പെട്ടതാണെന്നും ആരെയും പെട്ടെന്ന് കുടിയൊഴിപ്പിക്കില്ലെന്നും സക്കീര്‍ വ്യക്തമാക്കി. വിഷയം കോടതി തീരുമാനിക്കട്ടെയെന്ന നിലപാടാണ് ബോര്‍ഡിനുള്ളത്. ഇന്നും നാളെയുമായി വഖ്ഫ് ബോര്‍ഡ് യോഗങ്ങള്‍ ചേരുന്നുണ്ട്. എന്നാല്‍, ഈ യോഗങ്ങളില്‍ മുനമ്പം വിഷയം ചര്‍ച്ച ചെയ്യില്ല.
1962 മുതല്‍ നിലവിലുള്ള വിഷയമാണിത്. ഒരു വ്യക്തി വഖ്ഫ് ചെയ്ത ഭൂമി തന്നെയാണിത്. അതിനാല്‍ ഇത് വഖ്ഫ് ബോര്‍ഡിന്റേതാണ്. അത് സംരക്ഷിക്കുക എന്നത് ഉത്തരവാദിത്തമാണ്. വിഷയത്തില്‍ ഒരു ആശങ്കകളും ഉണ്ടാവാന്‍ ബോര്‍ഡ് കാരണമായിട്ടില്ല. കേന്ദ്രനിയമപ്രകാരമായിരിക്കും ബോര്‍ഡ് പ്രവര്‍ത്തിക്കുക. മുസ് ലിം സമുദായം ക്രിസ്ത്യന്‍ സമുദായത്തിന്റെ ഭൂമി പിടിച്ചെടുക്കുകയാണെന്ന പ്രചാരണം അടിസ്ഥാനരഹിതമാണ്. ഇക്കാര്യത്തില്‍ സാമുദായിക സ്പര്‍ധ ഉണ്ടാവരുതെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.