മുനമ്പം ഭൂസംരക്ഷണ സമിതി നേതാക്കളെ സന്ദര്‍ശിച്ച് എസ്ഡിപിഐ സംഘം
പ്രശ്‌നം രമ്യമായി പരിഹരിക്കാതെ വൈകിപ്പിക്കുന്നതിലൂടെ സംഘപരിവാറിനു വര്‍ഗീയ വിഭജനത്തിന് അവസരം നല്‍കുകയാണ് ഇടതു സര്‍ക്കാര്‍ ചെയ്യുന്നതെന്നും വി കെ ഷൗക്കത്തലി ചൂണ്ടിക്കാട്ടി.
കൊച്ചി: മുനമ്പം ഭൂസംരക്ഷണ സമിതി ഭാരവാഹികളെ എസ്ഡിപിഐ എറണാകുളം ജില്ലാ പ്രസിഡന്റ് വി കെ ഷൗക്കത്ത് അലിയുടെ നേതൃത്വത്തില്‍ സന്ദര്‍ശിച്ചു. കോട്ടപ്പുറം അതിരൂപത വികാരി ജനറല്‍ ഫാദര്‍ റോബിന്‍ റോക്കി, സമര സമിതിയുടെ രക്ഷധികാരിയും ഇടവക വികാരിയുമായ ഫാദര്‍ ആന്റണി സേവിയര്‍, സമര സമിതി ചെയര്‍മാന്‍ സെബാസ്റ്റ്യന്‍ പാലക്കല്‍, കണ്‍വീനര്‍ ജോസഫ് ബെന്നി, സമിതി അംഗങ്ങളായ ബിബിന്‍, ഷിബു തുടങ്ങിയവരെയാണ് എസ്ഡിപിഐ സംഘം സന്ദര്‍ശിച്ചത്.
എസ്ഡിപിഐ ജില്ലാ വൈസ് പ്രസിഡന്റ് ഷമീര്‍ മാഞ്ഞാലി, എസ്ഡിപിഐ ജില്ലാ ജനറല്‍ സെക്രട്ടറിമാരായ അജ്മല്‍ കെ മുജീബ്, കെ എം ലത്തീഫ്, കെ എ മുഹമ്മദ് ഷമീര്‍, വൈപ്പിന്‍ മണ്ഡലം പ്രസിഡന്റ് സുധീര്‍ ഉമ്മര്‍, സെക്രട്ടറി അറഫ മുത്തലിബ് എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.
പ്രയാസത്തില്‍ കഴിയുന്ന കുടുംബങ്ങളെ സംരക്ഷിക്കണം, മുസ്‌ലിം -ക്രിസ്ത്യന്‍ സൗഹാര്‍ദ്ദം തകര്‍ക്കാനുള്ള സംഘപരിവാര്‍ നീക്കം ചെറുക്കണം, വഖ്ഫ് ഭൂമി സംരക്ഷിക്കപ്പെടണം, കൈയേറ്റത്തിന് ഒത്താശ ചെയ്തവര്‍ക്കെതിരെ നടപടി സ്വീകരിക്കണം എന്നീ നിലപാട് സംഘം സമരസമിതിക്ക് മുന്നില്‍ അവതരിപ്പിച്ചു. കൂടാതെ സമരസമിതിയുടെ ആശങ്കകളും അഭിപ്രായങ്ങളും സന്ദര്‍ശനവേളയില്‍ പങ്ക് വച്ചു. പ്രശ്‌നം രമ്യമായി പരിഹരിക്കാതെ വൈകിപ്പിക്കുന്നതിലൂടെ സംഘപരിവാറിനു വര്‍ഗീയ വിഭജനത്തിന് അവസരം നല്‍കുകയാണ് ഇടതു സര്‍ക്കാര്‍ ചെയ്യുന്നതെന്നും വി കെ ഷൗക്കത്തലി ചൂണ്ടിക്കാട്ടി.