തിരുവനന്തപുരം: മുനമ്പം വഖ്ഫ് ഭൂമി പ്രശ്നവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വിളിച്ചു ചേർക്കുന്ന ഉന്നതതല യോഗം ഇന്നു വൈകീട്ട് നാലു മണിക്ക്. മുഖ്യമന്ത്രിക്കു പുറമേ റവന്യൂ, നിയമം, വഖ്ഫ് എന്നീ വകുപ്പുകളുടെ ചുമതലയുള്ള മന്ത്രിമാരും യോഗത്തിൽ പങ്കെടുക്കും. കൂടാതെ ചീഫ് സെക്രട്ടറിയും വകുപ്പ് സെക്രട്ടറിമാരും ഉന്നത ഉദ്യോഗസ്ഥരും യോഗത്തിൽ സംബന്ധിക്കുന്നുണ്ട്. സെക്രട്ടറിയേറ്റിലാണ് യോഗം.
മുനമ്പത്തെ വഖ്ഫ് ഭൂമിയിൽ താമസക്കാരായവർക്കും ഭൂമി കൈവശമുള്ളവർക്കും തങ്ങളുടെ ഭൂമിയിൽ റവന്യൂ അവകാശങ്ങൾ നിയമപരമായി സ്ഥാപിച്ചു നൽകാൻ എന്തെല്ലാം നടപടികൾ സ്വീകരിക്കണം എന്നതാണ് യോഗത്തിൻ്റെ മുഖ്യ അജണ്ട. സമവായ നീക്കമാണ് സർക്കാർ ഉദ്ദേശിക്കുന്നത്. വിവാദ ഭൂമി വഖ്ഫ് തന്നെയാണെന്നുള്ള വഖ്ഫ് ബോർഡിൻ്റെ തീരുമാനത്തിനെതിരേ ഫാറൂഖ് കോളജ് വഖ്ഫ് ട്രിബ്യൂണലിൽ പരാതി നൽകിയിരുന്നു. ഈ കേസിൽ കക്ഷി ചേരാനും സർക്കാരിന് ആലോചനയുണ്ട്. മുനമ്പത്തെ ഭൂമിയിടപാടുകളുമായി ബന്ധപ്പെട്ട രേഖകൾ പരിശോധിച്ച് റവന്യൂവകുപ്പ് തയ്യാറാക്കിയ റിപോർട്ടും യോഗത്തിൽ ചർച്ചയ്ക്ക് വരും.
മുനമ്പത്തെ ഭൂമിയിൽനിന്ന് ആരെയും കുടിയിറക്കില്ലെന്നതാണ് സർക്കാരിൻ്റെ നിലപാട്. അതേസമയം, സർക്കാർ നിയോഗിച്ച നിസാർ കമ്മീഷൻ്റെ ശുപാർശ പ്രകാരം അന്യാധീനപ്പെട്ട വഖ്ഫ് സ്വത്തുകൾ തിരിച്ചുപിടിക്കാൻ നിയമപരമായ അധികാരം ഉപയോഗിച്ച് വഖ്ഫ് ബോർഡ് നടത്തുന്ന നീക്കങ്ങളുടെ കാര്യത്തിലും സർക്കാരിന് തീരുമാനം കൈക്കൊള്ളേണ്ടി വരും.