മുനമ്പം വഖ്ഫ് ഭൂമി:ജുഡീഷ്യല്‍ കമ്മീഷനില്‍ വിശ്വാസം നഷ്ടപ്പെട്ടു, ജസ്റ്റിസ് രാമചന്ദ്രന്‍ നായരെ പുറത്താക്കണം:പി അബ്ദുല്‍ ഹമീദ്
തിരുവനന്തപുരം: മുനമ്പം വഖ്ഫ് ഭൂമി വിഷയത്തില്‍ സര്‍ക്കാര്‍ നിയോഗിച്ച ജുഡീഷ്യല്‍ കമ്മീഷനിലുള്ള വിശ്വാസം നഷ്ടപ്പെട്ടിരിക്കുകയാണെന്നും ജസ്റ്റിസ് സി എന്‍ രാമചന്ദ്രന്‍ നായരെ സ്ഥാനത്തു നിന്നു പുറത്താക്കണമെന്നും എസ്ഡിപിഐ സംസ്ഥാന വൈസ് പ്രസിഡന്റ് പി അബ്ദുല്‍ ഹമീദ്. രണ്ടു കക്ഷികള്‍ തമ്മില്‍ തര്‍ക്കമുണ്ടാകുമ്പോള്‍ രേഖകളുടെയും തെളിവുകളുടെയും അടിസ്ഥാനത്തില്‍ നീതിപൂര്‍വമായി തീര്‍പ്പ് കല്‍പ്പിക്കാനാണ് കമ്മീഷനെ നിയോഗിക്കുന്നത്. ഇരു കക്ഷികളില്‍ നിന്നും നിഷ്പക്ഷമായി വിവരങ്ങള്‍ ശേഖരിക്കേണ്ട ഉത്തരവാദിത്വമാണ് കമ്മീഷനുള്ളത്.
അതേസമയം, കമ്മീഷന്‍ മേധാവി ഒരു കക്ഷിയുടെ പ്രതിനിധികളോട് വിധി നിങ്ങള്‍ക്കനുകൂലമാകട്ടെയെന്ന് ആശംസിക്കുന്നത് നിയമവ്യവസ്ഥയെ പരിഹസിക്കലാണ്. കൂടാതെ മുനമ്പം ഭൂമി വഖഫ് ഭൂമിയാണെന്ന് ഒരു കോടതിയും പറഞ്ഞിട്ടില്ല എന്ന ജസ്റ്റിസിന്റെ അഭിപ്രായ പ്രകടനം തെറ്റിദ്ധാരണാജനകമാണ്. മാനുഷിക പരിഗണനയുടെ അടിസ്ഥാനത്തില്‍ പരിഹാരം നിര്‍ദ്ദേശിക്കുമെന്ന് കമ്മീഷന്‍ ഒരു കക്ഷിയ്ക്ക് പ്രതീക്ഷയും ഉറപ്പും നല്‍കുന്നത് എന്തടിസ്ഥാനത്തിലാണെന്നു വ്യക്തമാക്കണം. നീതിയുടെ പക്ഷം നില്‍ക്കേണ്ടവര്‍ അതിന് വിപരീതമായ നിലപാട് സ്വീകരിക്കുന്നത് നിയമവ്യവസ്ഥയോടുള്ള വെല്ലുവിളിയാണ്. ബാബരി ഭൂമി അന്യായമായി ഫാഷിസ്റ്റുകള്‍ക്ക് വിട്ടുനല്‍കിയ കോടതി വിധിയ്ക്കു സമാനമാകുമോ മുനമ്പം വഖഫ് ഭൂമി വിഷയമെന്ന ആശങ്കയാണ് ജുഡീഷ്യല്‍ കമ്മീഷന്‍ മേധാവിയുടെ അഭിപ്രായം കേള്‍ക്കുമ്പോള്‍ തോന്നുന്നതെന്നും അദ്ദേഹം പറഞ്ഞു.