കേരള വന നിയമ ഭേദഗതി ബില്‍ അടിയന്തരമായി പിന്‍വലിക്കണം: എസ്ഡിപിഐ

Update: 2025-01-09 06:56 GMT

കോഴിക്കോട്: കേരള വനനിയമത്തില്‍ സമഗ്രമായ ഭേദഗതികള്‍ നിര്‍ദേശിച്ചുകൊണ്ട് 2024 നവംബര്‍ ഒന്നാം തീയതി കേരള ഗസറ്റില്‍ വിജ്ഞാപനം ചെയ്തിട്ടുള്ള വന നിയമ ഭേദഗതി ബില്‍ അടിയന്തരമായി പിന്‍വലിക്കണമെന്ന് എസ്ഡിപിഐ കോഴിക്കോട് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.

കോഴിക്കോട് ജില്ലയില്‍ ഉള്‍പ്പെടെ റിസര്‍വ് വനവും വന്യജീവി സങ്കേതങ്ങളും ജനവാസ കേന്ദ്രങ്ങളും അതിര്‍ത്തി പങ്കിടുന്ന മേഖലകളില്‍ വന്യജീവി ആക്രമണം ദിനേന വര്‍ധിച്ചു വരുന്നത് ജനജീവിതം അസാധ്യമാക്കുന്നു. വനം വകുപ്പ് പുറത്തുവിട്ട കണക്കനുസരിച്ച് 2024 ഏപ്രില്‍ മുതല്‍ സെപ്റ്റംബര്‍ വരെയുള്ള ആറ് മാസ കാലയളവില്‍ മാത്രം 2771 വന്യജീവി ആക്രമണങ്ങള്‍ ഉണ്ടായിട്ടുണ്ട്. 22 പേരാണ് ഈ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടത്. മൃഗങ്ങളുടെ വര്‍ദ്ധനവ് നിയന്ത്രിക്കാനുള്ള നടപടികളുടെ അഭാവത്തില്‍ വന്യമൃഗങ്ങളും കാട്ടുപന്നികളും തെരുവുനായ്ക്കളും ജനവാസ . കേന്ദ്രങ്ങളില്‍ പ്രയാസങ്ങള്‍ സൃഷ്ടിക്കുന്നു. ഈ ആശങ്കകളുടെ നേരെ കണ്ണടച്ചുകൊണ്ട് തികച്ചും ജനവിരുദ്ധമായ നിര്‍ദേശങ്ങളുമായി ഈ ഘട്ടത്തില്‍ സര്‍ക്കാര്‍ മുന്നോട്ടുവരുന്നത് ജനങ്ങളുടെ നേരെ കൊഞ്ഞനം കുത്തുന്നതിന് തുല്യമാണ്.

വനത്തിനുള്ളില്‍ മാലിന്യം നിക്ഷേപിക്കുന്നത് തടയുന്നതിന് വേണ്ടിയാണ് പുതിയ ഭേദഗതികള്‍ എന്നാണ് സര്‍ക്കാരിന്റെ വാദമെങ്കിലും വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് അമിതമായ അധികാരം നല്‍കി വനാതിര്‍ത്തികളില്‍ താമസിക്കുന്ന മനുഷ്യരെ കുടിയൊഴിപ്പിക്കാനുള്ള ഗൂഢതന്ത്രങ്ങളാണ് ഭേദഗതിയിലൂടെ മെനഞ്ഞെടുത്തിട്ടുള്ളത്. വനത്തിലൂടെ സഞ്ചരിക്കുന്നതും വനാതിര്‍ത്തികളിലൂടെ ഒഴുകുന്ന പുഴയില്‍ കുളിപ്പിക്കുന്നതും മീന്‍ പിടിക്കുന്നതും വളര്‍ത്തുമൃഗങ്ങളെ മേയ്ക്കുന്നതും 25000 രൂപ വരെ പിഴ ചുമത്താവുന്ന കുറ്റകൃത്യങ്ങളായി മാറും. വനത്തിനുള്ളില്‍ അനുമതിയില്ലാതെ പ്രവേശിച്ചാല്‍ വാറന്റില്ലാതെ അറസ്റ്റ് ചെയ്യാനുള്ള അധികാരവും പുതിയ നിയമം വനംവകുപ്പിന് നല്‍കുന്നു. ബീറ്റ് ഫോറസ്റ്റ് ഓഫീസറുടെ റാങ്കില്‍ കുറയാത്ത ഏതെങ്കിലും ഫോറസ്റ്റ് ഓഫീസര്‍ക്ക് മജിസ്‌ട്രേറ്റിന്റെ ഉത്തരവില്ലാതെ സംശയത്തിന്റെ അടിസ്ഥാനത്തില്‍ വനത്തില്‍ നിന്ന് ആരെയും അറസ്റ്റുചെയ്ത് തടങ്കലില്‍ വെയ്ക്കാം. വനംവകുപ്പ് താത്കാലിക വാച്ചര്‍മാര്‍ക്കു വരെ അറസ്റ്റിന് അനുമതി നല്‍കുന്ന വ്യവസ്ഥകളുമുണ്ട്. മനുഷ്യരെക്കാള്‍ വന്യമൃഗങ്ങള്‍ക്ക് പരിഗണന നല്‍കുന്ന തികച്ചും ജനവിരുദ്ധമായ ഭേദഗതികള്‍ നിരുപാധികം പിന്‍വലിക്കണമെന്ന് എസ്ഡിപിഐ ആവശ്യപ്പെട്ടു.

ജില്ലാ പ്രസിഡന്റ് മുസ്തഫ കൊമ്മേരി അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡണ്ട് മാരായ കെ അബ്ദുല്‍ ജലീല്‍ സഖാഫി, പി വി ജോര്‍ജ്ജ്, വാഹിദ് ചെറുവറ്റ, ജനറല്‍ സെക്രട്ടറിമാരായ കെ ഷമീര്‍, എപി നാസര്‍, സെക്രട്ടറിമാരായ റഹ്‌മത്ത് നെല്ലോളി, പിടി അബ്ദുല്‍ കയ്യൂം, പിവി മുഹമ്മദ് ഷിജി, ട്രഷറര്‍ കെ കെ നാസര്‍ മാസ്റ്റര്‍, കമ്മിറ്റി അംഗങ്ങളായ ബി നൗഷാദ്, കെ കെ കബീര്‍, ഫായിസ് മുഹമ്മദ്, ഷറഫുദ്ദീന്‍ വടകര, സഫീര്‍ എം കെ, ടിപി മുഹമ്മദ്, കെ കെ ഫൗസിയ, മുസ്തഫ പാലേരി, റഷീദ് പി, ഷാനവാസ് മാത്തോട്ടം, എം അഹമ്മദ് മാസ്റ്റര്‍, നാസര്‍ ചെറുവാടി, ഷബ്‌ന ടിപി, ജസിയ എവി, മണ്ഡലം പ്രസിഡണ്ടുമാരായ എം എ സലീം, ജാഫര്‍ കെ പി, റസാക്ക് ചക്കേരി, നിസാര്‍ ചെറുവറ്റ, ഷംസീര്‍ ചോമ്പാല, നവാസ് കണ്ണാടി, ഇബ്രാഹിം തലായി, നൗഷാദ് വി, നവാസ് നടുവണ്ണൂര്‍, ടി പി യൂസഫ്, സി ടി അഷറഫ്, ഹനീഫ പാലാഴി തുടങ്ങിയവര്‍ പങ്കെടുത്തു.

Tags:    

Similar News