കേരള ബിജെപിയില്‍ പുതിയ പോര്‍ മുഖം
പിസി അബ്ദുല്ല
കോഴിക്കോട്: കുമ്മനം രാജശേഖരനെ വെട്ടി വി മുരളീധരന്‍ കേന്ദ്ര മന്ത്രിയായതോടെ കേരള ബിജെപിയില്‍ തുറക്കപ്പെടുന്നത് പുതിയ പോര്‍ മുഖം. ആര്‍എസ്എസ് പിന്തുണയാല്‍ ഔദ്യോഗിക പക്ഷത്തെ നിലം പരിശാക്കിയാണ് മുരളീധരന്റെ മന്ത്രി സഭാ പ്രവേശം. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്തു നേരിട്ട കനത്ത പരാജയത്തിനു പുറമേ, കേന്ദ്ര മന്ത്രിസഭയില്‍ കുമ്മനം തഴയപ്പെട്ടത് പിഎസ് ശ്രീധരന്‍ പിള്ളക്കും പികെ കൃഷ്ണ ദാസിന്റെ നേതൃത്വത്തിലുള്ള ഔദ്യോഗിക ഗ്രൂപ്പിനും കനത്ത പ്രഹരമായി.
മിസോറാം ഗവര്‍ണര്‍ പദവി രാജി വയ്പിച്ചാണ് കൃഷ്ണദാസ്, ശ്രീധരന്‍ പിള്ള വിഭാഗം കുമ്മനം രാജശേഖരനെ തിരുവനന്തപുരത്ത് മല്‍സരത്തിനെത്തിച്ചത്. ശ്രീധരന്‍ പിള്ളക്ക് പത്തനം തിട്ടയില്‍ സ്ഥാനാര്‍ഥിയാവാനുള്ള കരു നീക്കങ്ങള്‍ കൂടിയാണ് കുമ്മനത്തെ തിരിച്ചു കൊണ്ടു വന്നതിലൂടെ ഔദ്യോഗിക പക്ഷം ലക്ഷ്യമിട്ടത്.
എന്നാല്‍ പത്തനം തിട്ടയില്‍ സുരേന്ദ്രനു വേണ്ടി മുരളീധര പക്ഷം പിടി മുറുക്കിയതോടെ ശ്രീധരന്‍ പിള്ളക്കും കൃഷ്ണ ദാസിനും അടിയറവു പറയേണ്ടി വന്നു. മൂന്നാം സ്ഥാനത്തേക്കു പിന്തള്ളപ്പെട്ട സുരേന്ദ്രന്റെ പരാജയം കൃഷ്ണ ദാസ്, ശ്രീധരന്‍ പിള്ള ക്യാംപിനെ സന്തോഷിപ്പിച്ചെങ്കിലും തലസ്ഥാനത്തെ കുമ്മനത്തിന്റെ പതനം ഔദ്യോഗിക പക്ഷത്തിന്റെ ആഹ്ലാദങ്ങള്‍ക്ക് തടയിട്ടു.
കേരള ബിജെപിയില്‍ സംഘടനാ സംവിധാനത്തിലും ഗ്രൂപ്പ് ബലാബലത്തിലും വലിയ മാറ്റങ്ങള്‍ക്ക് വഴിവയ്ക്കുന്നതാണ്വി മുരളീധരന്റെ മന്ത്രി സ്ഥാനം. ബിജെപി ദേശീയ നേതൃത്വവുമായി ഏറെ അടുപ്പം പുലര്‍ത്തുന്ന നേതാവാണ് വി മുരളീധരന്‍. മുരളീധരനെ മോദി മന്ത്രിസഭയിലുള്‍പ്പെടുത്തുക വഴി ശ്രീധരന്‍പിള്ളയടക്കമുള്ളവര്‍ക്ക് കടുത്ത സന്ദേശമാണ് കേന്ദ്ര നേതൃത്വം നല്‍കിയിരിക്കുന്നത്. ബിജെപി സംസ്ഥാന ഘടകത്തില്‍കാര്യമായ അഴിച്ച് പണിയുണ്ടാകാമെന്നതടക്കമുള്ള സൂചനകളും ശക്തമാണ്.
ആറു വര്‍ഷം ബിജെപി സംസ്ഥാന പ്രസിഡന്റായിരുന്നു വി മുരളീധരന്‍. പിന്നീട് കേരളത്തിന് പുറത്തുള്ള സംഘടനാ ചുമതലകളായിരുന്നു.
കേന്ദ്രമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ട ശേഷവും ബിജെപി കേരള നേതൃത്വത്തെ അവഗണിക്കുന്ന പരാമര്‍ശമാണ് മുരളീധരന്‍ നടത്തിയത്.
കേരളത്തിലെ പാര്‍ട്ടി ഘടകത്തിന് കിട്ടിയ അംഗീകാരമാണോ എന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന്, കേരളത്തിലെ ജനങ്ങള്‍ക്ക് കിട്ടിയ അംഗീകാരമാണ് മന്ത്രിസ്ഥാനമെന്നായിരുന്നു അദ്ധേഹത്തിന്റെ മറുപടി.