കര്‍ണാടകയിലെ പശുക്കൊല: മുഖ്യപ്രതി ഉള്‍പ്പെടെ അഞ്ചുപേര്‍ രാജസ്ഥാനില്‍ അറസ്റ്റില്‍
ബെഗളൂരു: കര്‍ണാടക രാമനഗരയില്‍ പശുക്കടത്ത് ആരോപിച്ച് മുസ് ലിം യുവാവിനെ തല്ലിക്കൊന്ന കേസില്‍ മുഖ്യപ്രതി ഉള്‍പ്പെടെ അഞ്ചുപേര്‍ രാജസ്ഥാനില്‍ അറസ്റ്റില്‍. ഇദ്‌രീസ് പാഷ വധക്കേസിലെ മുഖ്യപ്രതി പുനീത് കേരഹള്ളിയെയും കൂട്ടാളികളെയുമാണ് രാജസ്ഥാനില്‍ നിന്ന് അറസ്റ്റ് ചെയ്തതെന്ന് രാമനഗര പോലിസ് സൂപ്രണ്ട് കാര്‍ത്തിക് റെഡ്ഡി സ്ഥിരീകരിച്ചു. ഇയാള്‍ ഒളിവില്‍ പോയി നാല് ദിവസത്തിന് ശേഷമാണ് അറസ്റ്റ്. കന്നുകാലികളെ കടത്തിയതിന് ഇദ് രീസ് പാഷയെ കൊലപ്പെടുത്തുകയും കൂട്ടാളികളായ സയ്യിദ് സഹീറിനെയും ഇര്‍ഫാനെയും ആക്രമിച്ചതിനുമാണ് ഇവര്‍ക്കെതിരേ കേസെടുത്തത്. മാര്‍ച്ച് 31ന് പുനീതിന്റെ നേതൃത്വത്തിലുള്ള ഹിന്ദുത്വ സംഘം പാഷയെ പിന്തുടരുകയും ആക്രമിച്ച് കൊലപ്പെടുത്തുകയുമായിരുന്നു.
അതിനിടെ, കൊലയാളി സംഘത്തിലെ മുഖ്യപ്രതിയായ പുനീത് കേരഹള്ളിക്ക് ഉന്നത ബിജെപി നേതാക്കളുമായുള്ള ബന്ധവും പുറത്തുവന്നിട്ടുണ്ട്. പാഷയുടെ കുടുംബാംഗങ്ങള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ഐപിസി സെക്ഷന്‍ 302 ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ പ്രകാരമാണ് അഞ്ചുപേര്‍ക്കെതിരേയും കേസെടുത്തത്. പാഷയെ മോചിപ്പിക്കാന്‍ രണ്ട് ലക്ഷം രൂപ ആവശ്യപ്പെടുകയും തുക നല്‍കിയില്ലെങ്കില്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതായും പരാതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. പുനീത് കേരഹള്ളി നേരത്തെയും ഗോസംരക്ഷണത്തിന്റെ പേരില്‍ ആക്രമണങ്ങള്‍ നടത്തിയിട്ടുണ്ട്. കന്നുകാലി കച്ചവടക്കാരെ ആക്രമിക്കുന്ന നിരവധി വീഡിയോകള്‍ പുനീത് തന്റെ സോഷ്യല്‍ മീഡിയ പേജുകളില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. പാഷയുടെ കൊലപാതകത്തിന് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് പോസ്റ്റ് ചെയ്ത വീഡിയോകളിലൊന്നില്‍ പുനീത് ഒരു കന്നുകാലി വ്യാപാരിയെ സ്റ്റണ്‍ ഗണ്‍ ഉപയോഗിച്ച് ആക്രമിക്കുന്നതും കാണാം. ബെംഗളൂരുവിന്റെ പ്രാന്തപ്രദേശത്ത് കന്നുകാലികളെ കൊണ്ടുപോകുന്ന ട്രക്ക് പുനീത് തടഞ്ഞുനിര്‍ത്തുകയും നിരപരാധിയാണെന്ന് പറഞ്ഞിട്ടും വസീം എന്ന വ്യക്തിയെ ട്രക്കിനുള്ളില്‍ വച്ച് ആക്രമിക്കുന്ന വീഡിയോയും പോസ്റ്റ് ചെയ്തിരുന്നു.