ക്ഷേത്രത്തിന് സമീപം വള വില്‍പ്പന: ഹിന്ദുത്വര്‍ മര്‍ദിച്ച് പോലിസില്‍ ഏല്‍പ്പിച്ച മുസ് ലിം യുവാവിന് 107 ദിവസത്തിന് ശേഷം ജാമ്യം

Update: 2021-12-07 07:50 GMT

ഇന്‍ഡോര്‍: ഹിന്ദു ക്ഷേത്രത്തിന് സമീപം വള വില്‍പ്പന നടത്തിയതിന്റെ പേരില്‍ ഹിന്ദുത്വര്‍ ക്രൂരമായി മര്‍ദിച്ച് പോലിസില്‍ ഏല്‍പ്പിച്ച മുസ് ലിം യുവാവിന് 107 ദിവസത്തിന് ശേഷം ജാമ്യം.

പെണ്‍കുട്ടിയെ അപമാനിച്ചു എന്ന കള്ളക്കേസ് ചാര്‍ത്തിയതിന്റെ പേരില്‍ ജയിലില്‍ കഴിഞ്ഞ തസ് ലീം അലിക്കാണ് മധ്യപ്രദേശ് ഹൈക്കോടതിയുടെ ഇന്‍ഡോര്‍ ബഞ്ച് ജാമ്യം അനുവദിച്ചത്. കഴിഞ്ഞ ആഗസ്ത് 23നാണ് തസ് ലീം അലിയെ ഹിന്ദുത്വര്‍ ക്രൂരമായി മര്‍ദിച്ചത്.

മധ്യപ്രദേശിലെ ഇന്‍ഡോറിലാണ് സംഭവം അരങ്ങേറിയത്. യുവാവിനെ ക്രൂരമായി മര്‍ദിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു.

മുസ് ലിം വഴിയോര കച്ചവടക്കാരന്റെ തലയില്‍ സംഘം ചേര്‍ന്ന് അടിക്കുന്നതും വില്‍പ്പനക്ക് കൊണ്ട് സാധനങ്ങള്‍ വാരിവലിച്ചെറിയുന്നതും വീഡിയോയില്‍ കാണാം. ഹിന്ദു ഭൂരിപക്ഷ മേഖലയില്‍ ക്ഷേത്രത്തിന് സമീപം എന്തിനാണ് എത്തിയതെന്ന് ചോദിച്ചായിരുന്നു മര്‍ദനം. ബാഗില്‍ കൊണ്ട് വന്ന സാധനങ്ങള്‍ ഹിന്ദുത്വര്‍ സംശയത്തോടെ പരിശോധിക്കുന്നുണ്ട്.

ഹിന്ദുത്വര്‍ ക്രൂരമായ മര്‍ദനത്തിന് ഇരയാക്കിയ ശേഷം യുവാവിനെ പോലിസിന് കൈമാറി. പെണ്‍കുട്ടിയെ അപമാനിച്ചു എന്ന് ആരോപിച്ച് ഹിന്ദുത്വര്‍ നല്‍കിയ പരാതിയില്‍ തസ് ലീം അലിക്കെതിരേ പോക്‌സോ വകുപ്പ് ചുമത്തി പോലിസ് കേസെടുത്തു. ഇതേ തുടര്‍ന്നാണ് യുവാവിന് ജാമ്യം ലഭിക്കാന്‍ വൈകിയത്.

Tags:    

Similar News