വഖ്ഫ് ഭേദഗതി ബില്ലിനെതിരേ പ്രതിഷേധ സംഗമവുമായി മുസ് ലിം കോഓഡിനേഷന്‍ കമ്മിറ്റി
തിരുവനന്തപുരം: വഖ്ഫ് ഭേദഗതി ബില്ലിനെതിരേ തലസ്ഥാനത്ത് പ്രതിഷേധ സംഗമം നടത്തി മുസ് ലിം കോഓഡിനേഷന്‍ കമ്മിറ്റി. വഖ്ഫ് ബോര്‍ഡുകളുടെ അവകാശം കവര്‍ന്നെടുക്കുന്ന പുതിയ ബില്ലിനെതിരെയും ജനങ്ങളെ മതപരമായി വിഭജിക്കുന്ന സിഎഎ, എന്‍ആര്‍സി നിയമങ്ങള്‍ക്കെതിരെയും ഏജീസ് ഓഫിസിനു മുന്നിലാണ് പ്രതിഷേധം നടത്തിയത്. കേന്ദ്രസര്‍ക്കാര്‍ തുടര്‍ച്ചയായി നടപ്പാക്കുന്ന ഭരണഘടനാ വിരുദ്ധനയങ്ങള്‍ തിരുത്തണമെന്ന് സംഗമം ആവശ്യപ്പെട്ടു.
വിവിധ മുസ് ലിം സംഘടനാ പ്രതിനിധികള്‍ പങ്കെടുത്ത സംഗമം കോഓഡിനേഷന്‍ കമ്മിറ്റി ചെയര്‍മാനും പിഎസ് സി മുന്‍ അംഗവുമായ കായിക്കര ബാബു ഉദ്ഘാടനം ചെയ്തു. പുതിയ നിയമഭേദഗതി ഭരണഘടനാവിരുദ്ധവും ന്യൂനപക്ഷങ്ങളുടെ അവകാശത്തിനു മേലുള്ള കടന്നുകയറ്റവുമാണ് പുതിയ വഖ്ഫ് ബില്ലെന്നും അദ്ദേഹം പറഞ്ഞു. വഖ്ഫ് ബോര്‍ഡുകളില്‍ മുസ് ലിംകള്‍ അല്ലാത്തവര്‍ക്ക് അംഗമാവാനുള്ള അവകാശവും ജില്ലാ കലക്ടര്‍മാര്‍ക്ക് സ്വത്ത് സംബന്ധിച്ച് തീരുമാനമെടുക്കാനുള്ള അവകാശവും തുടങ്ങിയ വളരെ വിചിത്രമായ നിയമങ്ങള്‍ ഉള്‍ക്കൊള്ളിച്ചുള്ള ബില്ല് ഒരിക്കലും അംഗീകരിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. വൈസ് ചെയര്‍മാന്‍ ഡോ. നിസാറുദ്ദീന്‍ അധ്യക്ഷത വഹിച്ചു. അഡ്വ. എ എം കെ നൗഫല്‍, ആമച്ചല്‍ ഷാജഹാന്‍, കാട്ടൂര്‍ ശിഹാബുദ്ദീന്‍ മൗലവി, ഡോ. അശ്‌റഫ് ബാലരാമപുരം, എഎല്‍എം കാസിം, സുലൈമാന്‍ മൗലവി ശ്രീകാര്യം, ജലീല്‍ കരമന, അബ്ദുല്‍ ഹാദി മൗലവി പൂന്തുറ, ഷാഹുല്‍ നേമം, ആരിഫ് മണക്കാട്, ഷാജഹാന്‍ വെഞ്ഞാറമൂട്, കടയ്ക്കാവൂര്‍ അശ്‌റഫ് മൗലവി, നേമം ജബ്ബാര്‍, ഷഹീര്‍ മാസ്റ്റര്‍ സംസാരിച്ചു. ജനകീയ ഒപ്പ് ശേഖരണത്തിന്റെ ഉദ്ഘാടനം ചെയര്‍മാന്‍ കായിക്കര ബാബു നിര്‍വഹിച്ചു.