ഡല്‍ഹിയിലെ സഹായത്തിന് നന്ദി; വിവാഹവേളയില്‍ സിഖ് തലപ്പാവണിഞ്ഞ് മുസ് ലിം യുവാവ്

ഡല്‍ഹി അക്രമങ്ങള്‍ക്കിടയില്‍ മുസ് ലിംകളെ സഹായിക്കുകയും അവര്‍ക്ക് ഭക്ഷണവും പാര്‍പ്പിടവും നല്‍കുകയും ചെയ്ത സിഖുകാരോടുള്ള സാമുദായിക ഐക്യവും സ്‌നേഹവും പ്രകടിപ്പിക്കാനാണ് ഇത്തരമൊരു മാര്‍ഗം തിരഞ്ഞെടുത്തത്.

Update: 2020-03-11 02:49 GMT

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ നടന്ന മുസ് ലിം വിരുദ്ധ വംശഹത്യയ്ക്കിടെ മുസ് ലിംകളെ രക്ഷപ്പെടുത്തി സഹായിച്ച സിഖ് സമുദായത്തെ ബഹുമാനിക്കാനായി മുസ് ലിം യുവാവ് വിവാഹവേളയില്‍ സിഖുകാരുടെ തലപ്പാവ്(ടര്‍ബന്‍) അണിഞ്ഞെത്തിയത് പുത്തനനുഭവമായി. പഞ്ചാബിലെ ഗിദ്ദര്‍ബഹ പട്ടണത്തില്‍ നടന്ന വിവാഹത്തിലാണ് പുതുമണവാളന്‍ സിഖ് തലപ്പാവണിഞ്ഞത്. മാര്‍ച്ച് ഒന്നിന് നടന്ന വിവാഹദിനത്തില്‍ വരന്‍ അബ്ദുല്‍ ഹക്കീം മാത്രമല്ല, ഇദ്ദേഹത്തിന്റെ സുഹൃത്തുക്കളും ടര്‍ബണിഞ്ഞാണ് ആഘോഷത്തില്‍ പങ്കെടുത്തത്. ഡല്‍ഹി അക്രമങ്ങള്‍ക്കിടയില്‍ മുസ് ലിംകളെ സഹായിക്കുകയും അവര്‍ക്ക് ഭക്ഷണവും പാര്‍പ്പിടവും നല്‍കുകയും ചെയ്ത സിഖുകാരോടുള്ള സാമുദായിക ഐക്യവും സ്‌നേഹവും പ്രകടിപ്പിക്കാനാണ് ഇത്തരമൊരു മാര്‍ഗം തിരഞ്ഞെടുത്തത്. ടര്‍ബനണിഞ്ഞെത്തിയ നവവരനെ നാട്ടുകാരും ബന്ധുക്കളുമെല്ലാം അഭിനന്ദിക്കുകയാണ്. 'ആളുകള്‍ ഇപ്പോഴും അവനെ അഭിനന്ദിക്കുകയാണ്. കാരണം ഇത് ഒരു സന്ദേശമാണ്. ഡല്‍ഹിയിലെ മുസ് ലിംകളെ രക്ഷപ്പെടുത്തി സാമുദായിക ഐക്യത്തിന്റെ സന്ദേശം നല്‍കിയ സിഖുകാരോടുള്ള ബഹുമാനാര്‍ഥം തലപ്പാവ് ധരിക്കുമെന്ന് അബ്ദുല്‍ ഹക്കീം മുന്‍കൂട്ടി ഞങ്ങളോട് പറഞ്ഞിരുന്നു. അദ്ദേഹത്തിന്റെ തീരുമാനത്തില്‍ ഞങ്ങള്‍ ഏറെ സന്തുഷ്ടരാണെന്നും അബ്ദുല്‍ ഹക്കീമിന്റെ ഭാര്യാപിതാവ് സലീം ഖാന്‍ പറഞ്ഞു. യഥാര്‍ഥ മുസ് ലിമിനെ തൊപ്പിയിലൂടെ മാത്രമല്ല സത്യസന്ധതയിലൂടെയുമാണ് തിരിച്ചറിയുക. അതുപോലെ, ഒരു യഥാര്‍ഥ സിഖുകാരന്റെ ഐഡന്റിറ്റി അദ്ദേഹത്തിന്റെ തലപ്പാവില്‍ മാത്രമല്ലെന്നും അദ്ദേഹം പറഞ്ഞു.

    ഡല്‍ഹിയില്‍ ഹിന്ദുത്വര്‍ നടത്തിയ ആക്രമണങ്ങള്‍ക്കിടെ മുസ് ലിംകള്‍ക്ക് സഹായവുമായി ഗുരുദ്വാരകള്‍ തുറന്നുകൊടുക്കുകയും ഇരകള്‍ക്ക് സഹായവുമായി അന്താരാഷ്ട്ര സിഖ് ചാരിറ്റി, ഖല്‍സ എയ്ഡ് തുടങ്ങിയ സംഘടനകള്‍ പ്രവര്‍ത്തിക്കുകയും ചെയ്തിരുന്നു. ഡല്‍ഹിയിലെ സഹകരണത്തിന്റെ പശ്ചാത്തലത്തില്‍ സഹാറന്‍പൂരില്‍ ഗുരുദ്വാര മാനേജ്‌മെന്റ് വാങ്ങിയ ഒരു ഭൂമിയുടെ അവകാശവാദം സംബന്ധിച്ച് ഒരു ദശാബ്ദക്കാലമായി സിഖുകാരും മുസ് ലിംകളും തമ്മില്‍ തുടരുന്ന ഭൂമി തര്‍ക്കം രമ്യമായി അവസാനിപ്പിച്ചത് ഏറെ ചര്‍ച്ചയായിരുന്നു. 2014ല്‍ സഹാറന്‍പൂരില്‍ കലാപത്തിന് കാരണമാവുകയും മൂന്നുപേര്‍ കൊല്ലപ്പെടുകയും ചെയ്ത പ്രശ്‌നമാണ് ഇതുവഴി പരിഹരിക്കപ്പെട്ടത്.




Tags:    

Similar News