മോഷണം ആരോപിച്ച് മുസ് ലിം യുവാവിനെ കെട്ടിയിട്ട് തല്ലിക്കൊന്നു

സംഭവത്തില്‍ കൊലപാതകികളായ ഗ്രാമവാസികള്‍ക്കെതിരേയും മോഷണത്തിന് ഇരകള്‍ക്കെതിരേയും പോലിസ് കേസെടുക്കുകയും ചെയ്തു

Update: 2020-05-13 00:44 GMT

ധുംക: ആടിനെ മോഷ്ടിച്ചെന്നാരോപിച്ച് ജാര്‍ഖണ്ഡില്‍ മുസ് ലിം യുവാവിനെ കെട്ടിയിട്ട് തല്ലിക്കൊന്നു. 26 കാരനായ സുബ്ഹാന്‍ അന്‍സാരിയെയാണ് വലിച്ചിഴച്ച് മരത്തില്‍ കെട്ടിയിട്ട ശേഷം തല്ലിക്കൊന്നത്. ആക്രമണത്തില്‍ സുബ്ഹാന്‍ അന്‍സാരിയുടെ സുഹൃത്ത് ദുലാല്‍ മിര്‍ദ(22)യ്ക്കു പരിക്കേറ്റിട്ടുണ്ട്. ഇദ്ദേഹത്തെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൊവിഡ് മഹാമാരി കാരണം രാജ്യമാകെ ലോക്ക് ഡൗണ്‍ നടപ്പാക്കിക്കൊണ്ടിരിക്കുന്നതിനിടെയാണ് കൊലപാതകമെന്ന് എന്‍ഡിടിവി റിപോര്‍ട്ട് ചെയ്തതായി 'ക്ലാരിയണ്‍ ഇന്ത്യ' റിപോര്‍ട്ട് ചെയ്തു. സംഭവത്തില്‍ കൊലപാതകികളായ ഗ്രാമവാസികള്‍ക്കെതിരേയും മോഷണത്തിന് ഇരകള്‍ക്കെതിരേയും പോലിസ് കേസെടുക്കുകയും ചെയ്തു.

    യുവാക്കള്‍ ഇവരുടെ ഗ്രാമത്തില്‍ നിന്ന് ഒരു കിലോമീറ്റര്‍ അകലെയുള്ള കാതികുണ്ടിലെ ഗ്രാമവാസികളുടെ ആടിനെ മോഷ്ടിച്ചെന്ന് ആരോപിച്ചാണ് മരത്തില്‍ കെട്ടിയിട്ട് മര്‍ദ്ദിച്ചത്. ഗ്രാമത്തിന് പുറത്ത് ആടിനെ മോഷ്ടിച്ചത് തങ്ങള്‍ കണ്ടിരുന്നതായി അവകാശപ്പെട്ട ഗ്രാമവാസികള്‍, ഇവരെ വളയുകയും മോഷ്ടാക്കളെന്ന് വിളിക്കുകയും ചെയ്തു. തുടര്‍ന്നാണ് ഇരുവരെയും അക്രമിക്കൂട്ടം ആക്രമിച്ചത്. വിവരമറിഞ്ഞ് പോലിസ് എത്തിയപ്പോള്‍ ഗുരുതരമായി പരിക്കേല്‍ക്കുകയും രക്തം വാര്‍ന്ന നിലയിലുമായിരുന്നു. ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും സുബ് ഹാന്‍ അന്‍സാരി മരണപ്പെട്ടു. ആടിനെ മോഷ്ടിച്ചെന്നാരോപിച്ച് രണ്ടുപേരെ മര്‍ദ്ദിക്കുകയും ഒരാള്‍ മരണപ്പെടുകയും മറ്റൊരാള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ധുംക പോലിസ് സൂപ്രണ്ട് അംബാര്‍ ലക്ദ പറഞ്ഞു. സംഭവത്തില്‍ രണ്ട് കേസുകള്‍ ഫയല്‍ ചെയ്യും. ഒന്ന് ഇരയ്‌ക്കെതിരെയും ഒന്ന് ആക്രമണകാരികള്‍ക്കെതിരെയും. നിയമം കൈയിലെടുത്തവരെ വെറുതെ വിടില്ലെന്നും പോലിസ് ഉദ്യോഗസ്ഥന്‍ അംബാര്‍ ലക്ദ പറഞ്ഞു.


Tags:    

Similar News