'മരണത്തിന് മുമ്പ് അവകാശങ്ങള്‍ സംരക്ഷിക്കണം'; 12 വര്‍ഷത്തെ ജയില്‍വാസത്തിന് ശേഷം മുസ്‌ലിം യുവാവിന് ജാമ്യം അനുവദിച്ച് കോടതി
മുഹമ്മദ് ഹക്കീം എന്ന യുവാവിനാണ് ഡല്‍ഹി ഹൈക്കോടതി ബുധനാഴ്ച ജാമ്യം അനുവദിച്ചത്.
ന്യൂഡല്‍ഹി: 2008ല്‍ രാജ്യതലസ്ഥാനത്തുണ്ടായ സ്‌ഫോടന പരമ്പരയില്‍ പങ്കുണ്ടെന്ന് ആരോപിച്ച് തുറങ്കിലടച്ച മുസ്‌ലിം യുവാവിന് 12 വര്‍ഷത്തിന് ശേഷം ജാമ്യം. മുഹമ്മദ് ഹക്കീം എന്ന യുവാവിനാണ് ഡല്‍ഹി ഹൈക്കോടതി ബുധനാഴ്ച ജാമ്യം അനുവദിച്ചത്.
ആരോപണ വിധേയരുടെ നിയമപരവും ഭരണഘടനാ പരവുമായി അവകാശങ്ങള്‍ കോടതികള്‍ പരിഗണിക്കുന്നത് അവരുടെ മരണത്തിന് ശേഷം ആവരുതെന്നും പകരം അത്തരം അവകാശങ്ങള്‍ കെടുത്തിക്കളയുന്നതിന് മുമ്പ് അവരെ മരണത്തില്‍നിന്നു രക്ഷിക്കുന്ന ഡോക്ടറുടെ പ്രവര്‍ത്തനമായിരിക്കണം കോടതികളുടേതെന്നും ജസ്റ്റിസ് സിദ്ധാര്‍ത്ഥ് മൃദുല്‍, ജസ്റ്റിസ് അനുപ് ജയറാം ഭംഭാനി എന്നിവരുടെ ഡിവിഷന്‍ ബെഞ്ച് ചൂണ്ടിക്കാട്ടി.
സ്‌ഫോടനത്തിനായി ലക്‌നൗവില്‍ നിന്ന് ഡല്‍ഹിയിലേക്ക് ഏതാനും സൈക്കിള്‍ ബോള്‍ ബെയറിംഗുകള്‍ കൊണ്ടുപോയി എന്നതുമാത്രമാണ് ഹക്കീമിനു മേലുള്ള ആരോപണമെന്ന് ഹരജിക്കാരന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷക നിത്യ രാമകൃഷ്ണ കോടതിയില്‍ ചൂണ്ടിക്കാട്ടി. സംഭവ സമയത്ത് കോളജ് വിദ്യാര്‍ഥിയായ ഹക്കീം ഇതിനു മുമ്പ് ഒരു കേസില്‍ പോലും പ്രതിയായിരുന്നില്ലെന്നും അവര്‍ ചൂണ്ടിക്കാട്ടി. ഹക്കീമിന്റെ ജാമ്യാപേക്ഷയെ അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അമിത് ചദ്ദ എതിര്‍ത്തു.