മകളെ മിശ്രവിവാഹം ചെയ്യണമെന്ന ആവശ്യം നിരസിച്ച പിതാവിനെ കൊലപ്പെടുത്തി

മഹാരാഷ്ട്രയിലെ തിത്‌വാല ടൗണിലെ സാക്കിര്‍ മിയയാണ് കൊല്ലപ്പെട്ടത്. കുടുംബസമേതം ബലിപെരുന്നാള്‍ ആഘോഷിക്കുന്നതിനിടെയാണ് ആക്രമണം

Update: 2024-06-20 14:37 GMT

മുംബൈ: മകളെ മിശ്രവിവാഹം ചെയ്യണമെന്ന ആവശ്യം നിരസിച്ച പിതാവിനെ യുവാവും സുഹൃത്തുക്കളും ചേര്‍ന്ന് കൊലപ്പെടുത്തി. മഹാരാഷ്ട്രയിലെ തിത്‌വാല ടൗണിലെ സാക്കിര്‍ മിയ(46)യാണ് കൊല്ലപ്പെട്ടത്. കുടുംബത്തോടൊപ്പം ബലിപെരുന്നാള്‍ ആഘോഷിക്കുന്നതിനിടെ തിങ്കളാഴ്ച രാവിലെ 11.30 ഓടെയാണ് ആക്രമണം നടത്തിയത്. അവിനാഷ് ഖരാട്ടും രണ്ട് സുഹൃത്തുക്കളുമാണ് സാക്കിറിന്റെ വീട്ടിലെത്തി ആക്രമിച്ചത്. മകളെ വിവാഹം ചെയ്തുതരണമെന്ന് അഭ്യര്‍ഥിച്ചാണ് അവിനാഷും സുഹൃത്തുക്കളും എത്തിയത്. എന്നാല്‍ വ്യത്യസ്ത മതത്തിലുള്ളവരായതിനാല്‍ പിതാവ് നിരസിച്ചു. ഇതോടെ സാക്കിര്‍ മിയയെയും മറ്റ് കുടുംബാംഗങ്ങളെയും ക്രൂരമായി മര്‍ദിക്കുകയായിരുന്നു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ സക്കീറിനെ ആദ്യം ഇല്‍ഹാസ് നഗറിലെ സെന്‍ട്രല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും തുടര്‍ന്ന് കല്‍വയിലെ ഛത്രപതി ശിവാജി ആശുപത്രിയിലേക്ക് മാറ്റി. ചികിത്സയിലിരിക്കെ ജൂണ്‍ 18നാണ് സക്കീര്‍ മരണപ്പെട്ടത്. സംഭവത്തില്‍ ഐപിസി സെക്ഷന്‍ 302 പ്രകാരം അവിനാഷ് ഖരാട്ടിനും സുഹൃത്തുക്കള്‍ക്കുമെതിരെ പോലിസ് കേസെടുത്തിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട് രണ്ട് പേരെ പോലിസ് കസ്റ്റഡിയിലെടുത്തതായും റിപോര്‍ട്ടുകളുണ്ട്.

    പ്രതി സാക്കിറിന്റെ മകളെ വിവാഹം കഴിക്കാന്‍ ആവര്‍ത്തിച്ച് അഭ്യര്‍ഥിച്ചെങ്കിലും അദ്ദേഹം നിരസിച്ചു. പെരുന്നാള്‍ദിനത്തില്‍ മൂന്ന് പേരാണ് സാക്കിറിന്റെ മൂന്ന് നിലകളുള്ള അപ്പാര്‍ട്ട്‌മെന്റിലെത്തിയത്. അസഭ്യം പറയുകയും ആയുധങ്ങളും വടികളും ഉപയോഗിച്ച് ആക്രമിക്കുകയും ചെയ്തതായി പോലിസ് പറഞ്ഞു. മൂവര്‍ക്കും സാക്കിറിന്റെ മൂത്ത മകളെ ഏറെക്കാലമായി അറിയാം. അവരില്‍ ഒരാള്‍ അവളുമായി അടുപ്പത്തിലായിരുന്നുവെന്നും സക്കീര്‍ ഇതിനെ എതിര്‍ത്തിരുന്നുവെന്നും കല്യാണ്‍ താലൂക്ക് പോലിസ് പറഞ്ഞു. മകളെ വിവാഹം കഴിക്കാന്‍ പലതവണ സാകിറിനോട് പ്രതി അഭ്യര്‍ഥിച്ചെങ്കിലും ഓരോ തവണയും നിരസിച്ചു. ഇതാണ് ആക്രമത്തിന് കാരണമെന്നും പോലിസ് പറഞ്ഞു. സംഭവസമയത്ത് എന്റെ സഹോദരന്മാരും ഞാനും ഹാജി അലിയില്‍ ആയിരുന്നുവെന്നും പ്രതികള്‍ക്ക് ശിക്ഷ ഉറപ്പാക്കാന്‍ പോലിസിനോട് അഭ്യര്‍ഥിക്കുന്നതായും സാക്കിര്‍ മിയയുടെ മകന്‍ ഹൈദര്‍ ഷെയ്ഖ് പറഞ്ഞു.

Tags:    

Similar News