മധ്യപ്രദേശില്‍ മുസ്‌ലിം കച്ചവടക്കാരനെ ഭീഷണിപ്പെടുത്തി 'ജയ് ശ്രീറാം' വിളിപ്പിച്ചു; രണ്ട് പേര്‍ അറസ്റ്റില്‍ (വീഡിയോ)

'ജയ് ശ്രീറാം' വിളിക്കണമെന്നായിരുന്നു അക്രമികളുടെ ആവശ്യം. ഇതിന് വഴങ്ങാതായതോടെ ഇയാളുടെ വാഹനത്തിലുണ്ടായിരുന്ന ആക്രി സാധനങ്ങള്‍ വലിച്ചെറിഞ്ഞ അക്രമികള്‍, ഇനി ഗ്രാമത്തില്‍ കച്ചവടം നടത്താന്‍ അനുവദിക്കില്ലെന്നും ആക്രോശിച്ചു. കച്ചവടം നടത്താന്‍ അനുവദിക്കണമെന്ന ഇദ്ദേഹത്തിന്റെ അഭ്യര്‍ഥനകളൊന്നും അക്രമികള്‍ ചെവികൊണ്ടില്ല.

Update: 2021-08-29 10:57 GMT

ഭോപാല്‍: മധ്യപ്രദേശില്‍ മുസ്‌ലിം കച്ചവടക്കാരനെ ഭീഷണിപ്പെടുത്തി 'ജയ് ശ്രീറാം' വിളിപ്പിച്ചു. ശനിയാഴ്ചയാണ് മധ്യപ്രദേശ് ഉജ്ജയിനി ജില്ലയിലെ സെക്ലി ഗ്രാമത്തില്‍ രണ്ടുപേര്‍ ചേര്‍ന്ന് മുസ്‌ലിം കച്ചവടക്കാരനെതിരേ ആക്രമണം അഴിച്ചുവിട്ടത്. സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതിനെത്തുടര്‍ന്ന് കമല്‍, ഈശ്വര്‍ എന്നിങ്ങനെ രണ്ടുപേരെ പോലിസ് അറസ്റ്റുചെയ്തു. ഗ്രാമത്തില്‍ ആക്രി സാധനങ്ങള്‍ ശേഖരിച്ച് വില്‍പ്പന നടത്തുന്ന അബ്ദുല്‍ റഷീദാണ് ആക്രമണത്തിനിരയായത്. ബൈക്കിലെത്തിയ രണ്ടംഗസംഘം അബ്ദുല്‍ റഷീദിനെ തടയുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുകയായിരുന്നു.

'ജയ് ശ്രീറാം' വിളിക്കണമെന്നായിരുന്നു അക്രമികളുടെ ആവശ്യം. ഇതിന് വഴങ്ങാതായതോടെ അബ്ദുല്‍ റഷീദിനെ അക്രമികള്‍പിടിച്ചുതള്ളുകയും വാഹനത്തിലുണ്ടായിരുന്ന ആക്രി സാധനങ്ങള്‍ വലിച്ചെറിയുകയും ചെയ്തു. ഇനി ഗ്രാമത്തില്‍ കച്ചവടം നടത്താന്‍ അനുവദിക്കില്ലെന്നായിരുന്നു അവരുടെ ആക്രോശം. ഉപദ്രവിക്കരുതെന്ന ഇദ്ദേഹത്തിന്റെ അഭ്യര്‍ഥനകളൊന്നും അക്രമികള്‍ ചെവികൊണ്ടില്ല. നിങ്ങള്‍ക്ക് 'ജയ് ശ്രീറാം' വിളിക്കുന്നതിന് എന്താണ് ദോഷം, 'ജയ് ശ്രീറാം' വിളിച്ചേ മതിയാവൂ എന്ന് പറഞ്ഞ് ഇവര്‍ അദ്ദേഹത്തെ ഭീഷണിപ്പെടുത്തുകയും ചെയ്തു.

ഒടുവില്‍ അക്രമികളുടെ സമ്മര്‍ദ്ദത്തിന് വഴങ്ങിയ അബ്ദുല്‍ റഷീദ് ശരി, 'ജയ് ശ്രീറാം' എന്ന് പറഞ്ഞു. ഇതോടെ നിങ്ങള്‍ ഇപ്പോള്‍ സന്തോഷവാനായില്ലേ എന്ന് ചോദിച്ച് അക്രമികള്‍ ഇദ്ദേഹത്തെ പിന്തുടരുന്നുമുണ്ട്. ഇതിന്റെ വീഡിയോ ദൃശ്യങ്ങളടക്കം പുറത്തുവന്നിട്ടുണ്ട്. അക്രമികള്‍ അബ്ദുല്‍ റഷീദിന്റെ കൈയില്‍ പിടിച്ച് ജയ് ശ്രീറാം വിളിക്കാന്‍ ആക്രോശിക്കുന്നത് വ്യക്തമായി കാണാം.

അക്രമത്തിനുശേഷം അബ്ദുല്‍ റഷീദ് പോലിസില്‍ പരാതി നല്‍കുകയായിരുന്നു. എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത പോലിസ്, ആക്രമണത്തിന് നേതൃത്വം നല്‍കിയ കമലിനെയും ഈശ്വറിനെയും അറസ്റ്റുചെയ്തു. ഇത്തരം സംഭവങ്ങള്‍ വച്ചുപൊറുപ്പിക്കില്ലെന്ന് സമൂഹത്തിന് ഒരു സന്ദേശം നല്‍കുന്നതിനായി പോലിസ് ഇക്കാര്യത്തില്‍ കര്‍ശന നിലപാട് സ്വീകരിക്കുമെന്ന് മഹിദ്പൂര്‍ സബ് ഡിവിഷനല്‍ പോലിസ് ഓഫിസര്‍ ആര്‍ കെ റായ് പറഞ്ഞു. കേസില്‍ കമലും ഈശ്വറും അറസ്റ്റിലായ വിവരം ഉജ്ജയിനിലെ പോലിസ് സൂപ്രണ്ട് സത്യേന്ദ്ര കുമാര്‍ ശുക്ല സ്ഥിരീകരിച്ചിട്ടുണ്ട്.

Tags:    

Similar News