പള്ളിയില്‍ നിന്നു വരികയായിരുന്ന യുവാവിനു ജയ്ശ്രീറാം വിളിക്കാനാവശ്യപ്പെട്ടു ക്രൂര മര്‍ദനം
പള്ളിയില്‍ നിന്നു നമസ്‌കാരം കഴിഞ്ഞു രാത്രി പത്തുമണിയോടെ തന്റെ തയ്യല്‍ കടയിലേക്കു വരികയായിരുന്ന മുഹമ്മദ് ബര്‍കാത് ആലം എന്ന 25കാരനാണ് ഹിന്ദുത്വരുടെ ആക്രമണത്തിനിരയായത്. തൊപ്പി ഊരി എറിയുകയും ജയ്ശ്രീറാം വിളിക്കാന്‍ ആവശ്യപ്പെട്ടുമാണ് മര്‍ദിച്ചത്. വിവരമറിഞ്ഞു സ്ഥലത്തെത്തിയ ബന്ധു മുര്‍തുജയാണ് സാരമായി പരിക്കേറ്റ ബര്‍കാതിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ഗുരുഗ്രാം: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ നരേന്ദ്ര മോദി വീണ്ടും അധികാരത്തിലേറിയതോടെ മുസ്‌ലിംകള്‍ക്കെതിരേയുള്ള ആക്രമണങ്ങള്‍ ശക്തിപ്പെടുത്തി ഹിന്ദുത്വര്‍. ബിജെപി ഭരിക്കുന്ന ഹരിയാനയിലെ ഗുരുഗ്രാമില്‍ പള്ളിയില്‍ നിന്നു വരികയായിരുന്ന മുസ്‌ലിം യുവാവിനെ ജയ്ശ്രീറാം വിളിക്കനാവശ്യപ്പെട്ടു ഹന്ദുത്വര്‍ ക്രൂരമായി ആക്രമിച്ചു. ശനിയാഴ്ചയാണ് സംഭവമെന്നു ദ ഹിന്ദു റിപോര്‍ട്ടു ചെയ്തു.
പള്ളിയില്‍ നിന്നു നമസ്‌കാരം കഴിഞ്ഞു രാത്രി പത്തുമണിയോടെ തന്റെ തയ്യല്‍ കടയിലേക്കു വരികയായിരുന്ന മുഹമ്മദ് ബര്‍കാത് ആലം എന്ന 25കാരനാണ് ഹിന്ദുത്വരുടെ ആക്രമണത്തിനിരയായത്. ഈ പ്രദേശത്ത് ഇനി തൊപ്പി ധരിക്കാന്‍ പാടില്ലെന്നാവശ്യപ്പെട്ടു ബര്‍കാതിനെ അക്രമികള്‍ വളയുകയായിരുന്നു. തുടര്‍ന്നു തൊപ്പി ഊരാന്‍ ആവശ്യപ്പെടുകയും തെറി വിളിക്കുകയും ചെയ്തു. പള്ളിയില്‍ പോയതിനാലാണു തൊപ്പി ധരിച്ചതെന്നു പറഞ്ഞതോടെ ക്രൂരമായി ആക്രമിക്കുകയായിരുന്നു. തുടര്‍ന്നു തൊപ്പി ഊരി എറിയുകയും ജയ്ശ്രീറാം എന്നും ഭാരത് മാതാ കീ ജയ് എന്നും വിളിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു. ഇതിനു മടിച്ചതോടെ വീണ്ടും മര്‍ദിക്കുകയും പന്നി മാംസം തീറ്റിക്കുമെന്നു ഭീഷണിപ്പെടുത്തുകയുമായിരുന്നു. ഇതേസമയം ചുറ്റും കൂടിയവരോടു സഹായിക്കണമെന്നു ബര്‍കാത് അപേക്ഷിച്ചെങ്കിലും ആരും മുന്നോട്ടു വന്നില്ല. ഇതിനിടെ ബര്‍കാത് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും അക്രമികള്‍ വടിയെടുത്തു ആക്രമിക്കുകയും ധരിച്ചിരുന്ന കുര്‍ത്ത വലിച്ചു കീറുകയും ചെയ്തു. പിന്നീട് അക്രമികള്‍ മോട്ടോര്‍ സൈക്കിളില്‍ കയറി പോവുകയുമായിരുന്നു.
വിവരമറിഞ്ഞു സ്ഥലത്തെത്തിയ ബന്ധു മുര്‍തുജയാണ് സാരമായി പരിക്കേറ്റ ബര്‍കാതിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ബീഹാറിലെ ബെഗുസരായ് സ്വദേശിയായ ബര്‍കാത് ഈ മാസം ആദ്യമാണ് തയ്യല്‍ പഠിക്കാനായി ഗുരുഗ്രാമിലെത്തിയത്.
ഇക്കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപി വന്‍ വിജയം നേടിയ സംസ്ഥാനങ്ങളിലൊന്നാണ് ഹരിയാന.
ഇക്കഴിഞ്ഞ 22നാണ് മധ്യപ്രദേശിലെ സിയോണില്‍ ബീഫ് കൈവശം വച്ചെന്നാരോപിച്ചു ഒരു സ്ത്രീയടക്കം മൂന്ന് പേരെ ഗോരക്ഷാ പ്രവര്‍ത്തകര്‍ ക്രൂരമായി മര്‍ദിച്ചത്. തൗഫീക്, അഞ്ജും ഷാമ, ദിലിപ് മാളവിയ്യ എന്നിവരാണ് ഹിന്ദുത്വരുടെ ആക്രമണത്തിനിരയായത്. എന്നാല്‍ സംഭവത്തിലിടപെട്ട പോലിസ് ആദ്യം ഗോവധ നിരോധന നിയമപ്രകാരം മര്‍ദനത്തിനിരയായവരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. പിന്നീട് ഇവരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ അയക്കുകയും ചെയ്തു.
അക്രമികളെ വ്യക്തമായി മനസ്സിലാവുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളിലടക്കം പ്രചരിച്ചിട്ടും ഹിന്ദുത്വ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്യാത്തതിനെതിരേ ശക്തമായ പ്രതിഷേധം പൊട്ടിപ്പുറപ്പെട്ടിരുന്നു. ഇതേതുടര്‍ന്നാണ് പോലിസ് പിന്നീട് പ്രതികളെ അറസ്റ്റ് ചെയ്തത്. രാമസേന നേതാവ് ശുഭം ഭാഗേല്‍ ഉള്‍പെടെ അഞ്ച് പേരെയാണ് പോലിസ് അറസ്റ്റ് ചെയതത്. മുമ്പും ഹിന്ദുത്വര്‍ നടത്തിയ ആള്‍ക്കൂട്ട ആക്രമണക്കേസുകളില്‍ അറസ്റ്റിലായ വ്യക്തിയാണ് ഭാഗേല്‍. ഭോപാലില്‍ നിന്നു ബിജെപി ടിക്കറ്റില്‍ ജയിച്ച, മലേഗാവ് സ്‌ഫോടനക്കേസിലെ പ്രതി പ്രജ്ഞാസിങ് താക്കൂറുമായി അടുത്ത ബന്ധമുള്ള വ്യക്തിയാണ് ശുഭം ഭാഗേല്‍.
ഖൈരി ഗ്രാമത്തിലൂടെ ഓട്ടോറിക്ഷയില്‍ പോവുകയായിരുന്നു രണ്ട് യുവാക്കളെയും ഒരു യുവതിയെയുമാണ് ബീഫ് കൈവശം വച്ചു എന്നാരോപിച്ച് ഗോരക്ഷാ പ്രവര്‍ത്തകര്‍ സിയോണില്‍ ആക്രമിച്ചത്. ഓട്ടോയില്‍ നിന്ന് വലിച്ചിറക്കി മരത്തിലും വൈദ്യുതി തൂണിലും കെട്ടിയിട്ട് ഒന്നിലധികം പേര്‍ ചേര്‍ന്നാണ് യുവാക്കളെ ആക്രമിച്ചത്. പെണ്‍കുട്ടിയുടെ മുഖത്ത് ചെരുപ്പ് കൊണ്ട് അടിക്കാന്‍ കൂടെയുണ്ടായിരുന്ന യുവാവിനോട് അക്രമികള്‍ ആവശ്യപ്പെടുകയായിരുന്നു.
മോദി ഭരണത്തില്‍ മുസ്‌ലിംകള്‍ക്കെതിരേ ആക്രമണം വര്‍ധിക്കുന്നതായി നേരത്തെ നിരവധി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഇന്ത്യയില്‍ നരേന്ദ്ര മോദിയുടെ ഭരണകാലത്ത് മുസ്‌ലിംകള്‍ ജീവിക്കുന്നത് ഭയത്തോടെയെന്ന് അന്താരാഷ്ട്ര മാധ്യമമായ ബിബിസി തിരഞ്ഞെടുപ്പ് ഫലങ്ങള്‍ പുറത്തുവരും മുമ്പ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. രാജ്യത്ത് മുസ്‌ലിംകള്‍ക്കെതിരായ ആക്രമണങ്ങളും വിദ്വേഷവും വര്‍ധിച്ചുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ബിജെപി ഭരണത്തില്‍ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയില്‍ അസഹിഷ്ണുത വര്‍ധിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. രജനി വൈദ്യനാഥന്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങള്‍ പറയുന്നത്. രാജ്യത്ത് തിരഞ്ഞെടുപ്പ് ആരംഭിക്കുന്നതിനും ദിവസങ്ങള്‍ക്ക് മുന്‍പ് അസമില്‍ വച്ച് മുസ്‌ലിം വ്യാപാരിയായ ഷൗക്കത്ത് അലി ജനക്കൂട്ട ആക്രമണത്തിന് ഇരയായിരുന്നു. ഈ സംഭവം പരാമര്‍ശിച്ചാണ് ബിബിസിയുടെ റിപ്പോര്‍ട്ട് ആരംഭിക്കുന്നത്. ഹ്യൂമന്‍ റൈറ്റ്‌സ് വാച്ച് 2019 ഫെബ്രുവരിയില്‍ പുറത്തുവിട്ട കണക്കുപ്രകാരം 2015 മെയ് മുതല്‍ 2018 ഡിസംബര്‍ വരെ ഇന്ത്യയിലെ 12 സംസ്ഥാനങ്ങളിലായി 44 പേര്‍ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടെന്നും ഇതില്‍ 36 പേര്‍ മുസ്‌ലിംകളാണെന്നും പറയുന്നു.