'ജാര്‍ഖണ്ഡില്‍ മുസ്‌ലിം ജനസംഖ്യ വര്‍ധിക്കുന്നു, ആദിവാസികള്‍ കുറയുന്നു' ഹിമന്ത ബിശ്വ ശര്‍മ
ഈ പ്രദേശത്ത് ദേശീയ പൗരത്വ റജിസ്റ്റര്‍ നടപ്പാക്കുമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.
റാഞ്ചി: ജാര്‍ഖണ്ഡില്‍ മുസ്‌ലിം ജനസംഖ്യ വര്‍ധിക്കുകയാണെന്ന് അസം മുഖ്യമന്ത്രി ഹിമാന്ത ബിശ്വ ശര്‍മ. കുടിയേറ്റക്കാരുടെ വര്‍ധനയാണ് മുസ്‌ലിം ജനസംഖ്യ കൂടാന്‍ കാരണമെന്നും സംസ്ഥാനത്തെ ബിജെപിയുടെ ചുമതല കൂടിയുള്ള ഹിമാന്ത പറഞ്ഞു.
''അസമില്‍ ഞാന്‍ കുടിയേറ്റക്കാര്‍ക്കെതിരായി തീ കത്തിച്ചു. ഭഗവാന്‍ ശ്രീരാമന്‍ ശ്രീലങ്കയില്‍ തീയിട്ടു. ജാര്‍ഖണ്ഡിലും തീയിട്ട് അതിനെ ഒരു സുവര്‍ണ ഭൂമിയാക്കി മാറ്റണം. സന്താള്‍ പര്‍ഗാനയില്‍ ആദിവാസി ജനസംഖ്യ കുറയുകയാണ്. മുസ്‌ലിം ജനസംഖ്യ വര്‍ധിക്കുകയും ചെയ്യുന്നു.'' ഹിമാന്ത പറഞ്ഞു.
''എല്ലാ മുസ്‌ലിംകളും കുടിയേറ്റക്കാരല്ല. പക്ഷെ, എങ്ങനെയാണ് ഓരോ അഞ്ചു വര്‍ഷവും മുസ്‌ലിം ജനസംഖ്യ വര്‍ധിക്കുന്നത്. ഒരു കുടുംബം 5-10 കുഞ്ഞുങ്ങളെ ജനിപ്പിക്കുന്നുണ്ടോ? കുടുംബങ്ങള്‍ ഇത്രയുമധികം കുഞ്ഞുങ്ങളെ ഉണ്ടാക്കുന്നില്ലെങ്കില്‍ തീര്‍ച്ചയായും പുറമെക്കാര്‍ വരുന്നുണ്ട്. ഇത് വളരെ ലളിതമായ കണക്കാണ്. തിരഞ്ഞെടുപ്പില്‍ നാം ജയിക്കും. പക്ഷെ, അതല്ല പ്രധാന വിഷയം. സന്താള്‍ പര്‍ഗാനയില്‍ നിന്നും കുടിയേറ്റക്കാരെ പുറത്താക്കണം. സ്ത്രീകള്‍ക്ക് നീതി ലഭിക്കണം''. ഈ പ്രദേശത്ത് ദേശീയ പൗരത്വ റജിസ്റ്റര്‍ നടപ്പാക്കുമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.