റാഞ്ചി: വനിതാ എസ്‌ഐയെ വാഹനം ഇടിപ്പിച്ച് കൊലപ്പെടുത്തി. ജാര്‍ഖണ്ഡ് തലസ്ഥാനമായ റാഞ്ചിയില്‍ വാഹനപരിശോധനയ്ക്കിടെയാണ് സംഭവം. തുപുടാന പോലിസ് സ്‌റ്റേഷനിലെ വനിതാ എസ്‌ഐ സന്ധ്യാ തോപ്‌നോ ആണ് കൊല്ലപ്പെട്ടത്. തുപുടാന ഔട്ട് പോസ്റ്റ് ഇന്‍ചാര്‍ജായിരുന്നു കൊല്ലപ്പെട്ട എസ്‌ഐ. ബുധനാഴ്ച പുലര്‍ച്ചെ എസ്‌ഐ ഇതുവഴി വന്ന പിക് അപ്പ് വാന്‍ നിര്‍ത്താന്‍ ആവശ്യപ്പെട്ടു. എന്നാല്‍, ഡ്രൈവര്‍ വണ്ടി നിര്‍ത്താതെ എസ്‌ഐയെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. കൊലയാളി വാന്‍ നിര്‍ത്താതെ ഓടിച്ചുപോയെങ്കിലും സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് പിടികൂടി.
Jharkhand | A female sub-inspector named Sandhya Topno mowed down to death during vehicle check, last night. She was posted as in-charge of Tupudana OP. Accused has been arrested and vehicle has been seized: SSP Ranchi
— ANI (@ANI) July 20, 2022
പ്രതിയെയും ഇയാള്‍ സഞ്ചരിച്ച വാഹനവും പോലിസ് കസ്റ്റഡിയിലെടുത്തു. കൊലയാളിയുടെ വിശദാംശങ്ങള്‍ ലഭ്യമായിട്ടില്ല. കൊലപ്പെടുത്തുക എന്ന ഉദ്ദേശത്തോടെയാണ് ഇയാള്‍ വാഹനം ഇടിച്ചുകയറ്റിയതെന്ന് പോലിസ് പറഞ്ഞു. സംഭവം ആസൂത്രിതമാണോ അല്ലയോ എന്ന് ഇതുവരെ വ്യക്തമായിട്ടില്ല. ടോപ്‌നോയുടെ മരണം സംബന്ധിച്ച് അന്വേഷണം നടന്നുവരികയാണ്. കഴിഞ്ഞ രണ്ടുദിവസത്തിനിടെ രാജ്യത്ത് ഇത്തരത്തില്‍ രണ്ടാമത്തെ സംഭവമാണ്. കഴിഞ്ഞ ദിവസം ഹരിയാനയില്‍ ഖനന മാഫിയ ഡിഎസ്പിയെ ട്രക്കിടിച്ച് കൊലപ്പെടുത്തിയിരുന്നു. നൂഹില്‍ അനധികൃത ഖനനം തടയാന്‍ പോയ ഡിഎസ്പി സുരേന്ദ്ര സിങ് ബിഷ്‌ണോയിയെ ആണ് കല്ല് നിറച്ച ട്രക്ക് ഇടിച്ചുവീഴ്ത്തിയത്.