സംഘപരിവാര്‍ പ്രതിഷേധം; കോളജ് കാംപസില്‍ നമസ്‌കരിച്ച മുസ്‌ലിം പ്രഫസര്‍ക്ക് നിര്‍ബന്ധിത അവധി

Update: 2022-06-02 06:56 GMT

ലഖ്‌നോ: സംഘപരിവാര്‍ സംഘടനകളുടെ പ്രതിഷേധത്തെത്തുടര്‍ന്ന് കോളജ് കാംപസിനുള്ളില്‍ നമസ്‌കരിച്ച മുസ്‌ലിം പ്രഫസര്‍ക്ക് നിര്‍ബന്ധിത അവധിയില്‍ പ്രവേശിക്കാന്‍ ആവശ്യപ്പെട്ട് അധികൃതര്‍. അലിഗഢിലെ സ്വകാര്യ കോളജായ ശ്രീ വാര്‍ഷ്ണി കോളജ് അധ്യാപകന്‍ എസ് കെ ഖാലിദിനാണ് നമസ്‌കരിച്ചതിന്റെ പേരില്‍ ശിക്ഷാ നടപടി നേരിടേണ്ടിവന്നത്. കഴിഞ്ഞ ദിവസമാണ് കോളജ് കാംപസിലെ പുല്‍ത്തകിടിയില്‍ അധ്യാപകന്‍ നമസ്‌കരിക്കുന്നതിന്റെ വീഡിയോ പുറത്തുവന്നത്. ഇതെത്തുടര്‍ന്ന് അധ്യാപകനെതിരേ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ബിജെപിയും യുവമോര്‍ച്ചയും എബിവിപിയും രംഗത്തുവന്നു. കോളജിനും അധ്യാപകനുമെതിരേ ഇവര്‍ പ്രതിഷേധിക്കുകയും ചെയ്തു.

എബിവിപി അലിഗഢിലെ ഗാന്ധി പാര്‍ക്ക് പോലിസ് സ്‌റ്റേഷനില്‍ ഇതുമായി ബന്ധപ്പെട്ട് പരാതിയും നല്‍കി. ഇതോടെയാണ് അധ്യാപകനോട് നിര്‍ബന്ധിത അവധിയില്‍ പ്രവേശിക്കാന്‍ കോളജ് അധികൃതര്‍ ആവശ്യപ്പെട്ടത്. ഒരുമാസത്തെ നിര്‍ബന്ധിത അവധിയാണ് നിര്‍ദേശിച്ചതെന്നാണ് റിപോര്‍ട്ടുകള്‍. കാംപസില്‍ നമസ്‌കരിച്ച അധ്യാപകന്റെ നടപടിയെ വാര്‍ഷ്ണി കോളജ് പ്രിന്‍സിപ്പല്‍ അനില്‍കുമാര്‍ ഗുപ്ത അപലപിച്ചു. ഇത്തരം പ്രവര്‍ത്തനങ്ങള്‍ വച്ചുപൊറുപ്പിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. യുവമോര്‍ച്ച നേതാക്കള്‍ അധ്യാപകന്‍ അച്ചടക്കം ലംഘിച്ചെന്നും പൊതുസ്ഥലത്ത് പ്രാര്‍ത്ഥന നടത്തി സമാധാനം തകര്‍ക്കാന്‍ ശ്രമിച്ചെന്നും ആരോപിച്ച പരാതി നല്‍കിയ സാഹചര്യത്തില്‍ വിഷയത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്ന് കോളജിന്റെ വക്താവ് അറിയിച്ചു.

ഞായറാഴ്ച രൂപീകരിച്ച പാനല്‍ ഈ ആഴ്ച റിപോര്‍ട്ട് സമര്‍പ്പിക്കുമെന്നും ഉദ്യോഗസ്ഥര്‍ കൂട്ടിച്ചേര്‍ത്തു. പോലിസില്‍ പരാതി നല്‍കിയെങ്കിലും എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്യുന്നത്. ഇതുമായി ബന്ധപ്പെട്ട് അന്വേഷണം ആരംഭിച്ചതായി പോലിസ് പറയുന്നു. കോളജ് അധികൃതരുടെ റിപോര്‍ട്ട് ലഭിച്ച ശേഷം നടപടി സ്വീകരിക്കുമെന്ന് പോലിസ് കൂട്ടിച്ചേര്‍ത്തു.

അതേസമയം, നടുവേദനയുള്ളതിനാലും ഡ്യൂട്ടി വൈകുന്നതിനാലും നമസ്‌കരിക്കാന്‍ പള്ളിയില്‍ പോവാന്‍ കഴിയാത്തതിനാലാണ് കാംപസില്‍ നമസ്‌കരിച്ചതെന്ന് പ്രഫസര്‍ എസ് കെ ഖാലിദ് പ്രതികരിച്ചു. അന്ന് ഞാന്‍ ഡ്യൂട്ടിക്ക് വൈകി, എനിക്ക് നടുവേദനയുമുണ്ടായിരുന്നു. അതിനാല്‍, എനിക്ക് പള്ളിയില്‍ പോവാനും പാര്‍ക്കില്‍ നമസ്‌കരിക്കാനും കഴിഞ്ഞില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കോളജ് കാംപസിനുള്ളില്‍ നമസ്‌കാരം നടത്തി സമാധാനാന്തരീക്ഷം തകര്‍ക്കാനാണ് പ്രഫസര്‍ ശ്രമിക്കുന്നതെന്ന് വിദ്യാര്‍ഥി നേതാവ് ദീപക് ശര്‍മ ആസാദ് മാധ്യമങ്ങളോട് പറഞ്ഞു.

Tags:    

Similar News