ബനാറസില്‍ പ്രതിഷേധത്തിനിടെ രാമകൃഷ്ണമിഷന്‍ സ്ഥാപനത്തില്‍ സംസ്‌കൃതാധ്യാപകനായി മുസ്‌ലിമിനെ നിയമിച്ചു
കൊല്‍ക്കത്ത: ബനാറസ് ഹിന്ദു സര്‍വകലാശാലയില്‍ മുസ് ലിം അധ്യാപകനെ സംസ്‌കൃതം അധ്യാപകനായി നിയമിക്കുന്നതിനെതിരേ എബിവിപി പ്രതിഷേധിക്കുമ്പോള്‍ ബേലൂരിലെ രാമകൃഷ്ണമിഷന്‍ വിദ്യാമന്ദിറില്‍ സമാന തസ്തികയില്‍ മുസ് ലിം അധ്യാപകനു നിയമനം. റമദാന്‍ ഖാന്‍ എന്ന മുസ് ലിം അധ്യാപകനും പട്ടികവര്‍ഗക്കാരനായ ഗണേഷ് ടുഡു എന്നിവരെയാണ് സംസ്‌കൃതം അസിസ്റ്റന്റ് പ്രഫസര്‍മാരായി നിയമനം ലഭിച്ചത്. രാജ്യത്തെ മികച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളിലൊന്നാണ് രാമകൃഷ്ണമിഷന്‍ വിദ്യാമന്ദിര്‍. 2018ല്‍ മാനവ വിഭവശേഷി വകുപ്പ് മന്ത്രാലയം പ്രീമിയര്‍ കോളജായി പ്രഖ്യാപിച്ചിരുന്നു. സ്വാമി വിവേകാനന്ദന്റെ ഗുരുവായ ശ്രീരാമകൃഷ്ണര്‍ ഉയര്‍ത്തിക്കൊണ്ടുവന്നിരുന്ന ആശയം എന്താണെന്നു വീണ്ടും തെളിയിക്കുകയാണ് രാമകൃഷ്ണ മിഷന്‍ വിദ്യാമന്ദിര്‍ അധികൃതര്‍.
ഇത്തരം നിരവധി സംഭവങ്ങള്‍ നേരത്തെയും ബംഗാളിലുണ്ടായിരുന്നു. കൊല്‍ക്കത്ത സര്‍വകലാശാലയില്‍ നിന്ന് സംസ്‌കൃതം ബിരുദ, ബിരുദാനന്തര ബിരുദങ്ങളില്‍ ഉയര്‍ന്ന മാര്‍ക്ക് നേടിയ ഷെയ്ഖ് സബീര്‍ അലി ഇപ്പോള്‍ ബരാസത്തിലെ പശ്ചിമ ബംഗാള്‍ സ്‌റ്റേറ്റ് യൂനിവേഴ്‌സിറ്റിയില്‍ അധ്യാപകനാണ്. വിദ്യമന്ദിറില്‍ 2000ല്‍ ഷമീം അഹമ്മദിനെ ഫിലോസഫി ഡിപ്പാര്‍ട്ട്‌മെന്റില്‍ നിയമിച്ചിരുന്നു. ഇപ്പോള്‍ വകുപ്പുമേധാവിയായ ഇദ്ദേഹം മഹാഭാരതത്തില്‍ പിഎച്ച്ഡി ചെയ്തിട്ടുണ്ട്. കഴിഞ്ഞ രണ്ട് പതിറ്റാണ്ടായി അദ്ദേഹം ഇന്ത്യന്‍ തത്വശാസ്ത്രത്തെ കുറിച്ച് പഠിപ്പിക്കുന്നുണ്ട്. ഷമീം അഹമ്മദിനൊപ്പം ഫരീദുല്‍ റഹ്മാന്‍ എന്ന അധ്യാപകനെയും ഇതേ വകുപ്പില്‍ നിയമിച്ചിരുന്നു. ബഹുസ്വര സമൂഹത്തെ പ്രായോഗികമായി ഉള്‍ക്കൊള്ള വിധത്തിലാണ് രാമകൃഷ്ണ മഠവും മിഷനും പ്രവര്‍ത്തിച്ചിരുന്നത്. ശ്രീരാമകൃഷ്ണ പരമഹംസരുടെ പ്രധാന ശിഷ്യനായ സ്വാമി വിവേകാനന്ദന്‍ സ്ഥാപിച്ച രാമകൃഷ്ണ മഠവും മിഷനുമെല്ലാം എല്ലായ്‌പോഴും എല്ലാ മതങ്ങളെയും തുല്യമായി കാണണമെന്നാണ് പ്രചരിപ്പിച്ചിരുന്നതെന്നും ഇവരെല്ലാം സഹിഷ്ണുതയുള്ളവരായിരുന്നുവെന്നും തെളിയിക്കുന്നതാണ് ഇത്തരം നിയമനങ്ങള്‍.