'പറയാത്ത കാര്യം തന്റെ മേല്‍ കെട്ടിവയ്ക്കുന്നു'; മാധ്യമങ്ങള്‍ക്കെതിരേ കേസെടുക്കുമെന്ന പരാമര്‍ശത്തില്‍ മലക്കംമറിഞ്ഞ് എം വി ഗോവിന്ദന്‍

Update: 2023-06-13 08:27 GMT
പാലക്കാട്: സര്‍ക്കാര്‍, എസ്എഫ് ഐ വിരുദ്ധ കാംപയിനുമായി വന്നാല്‍ മാധ്യമങ്ങള്‍ക്കെതിരേ ഇനിയും കേസെടുക്കുമെന്ന പരാമര്‍ശത്തില്‍ മലക്കംമറിഞ്ഞ് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. ആടിനെ പട്ടിയാക്കുന്ന സമീപനമാണിതെന്നും പറയാത്ത കാര്യം തന്റെ മേല്‍ കെട്ടിവയ്ക്കുകയായിരുന്നെന്നും എം വി ഗോവിന്ദന്‍ പറഞഞ്ഞു. ക്രിമിനല്‍ ഗുഢാലോചന നിയമത്തിനുമുന്നില്‍ കൃത്യമായി വരണം, കുറ്റവാളികള്‍ ആരായാലും, മാധ്യമപ്രവര്‍ത്തകരായാലും രാഷ്ട്രീയക്കാരായാലും നിയമത്തിനു മുന്നില്‍ കൊണ്ടുവരേണ്ടതാണ് എന്ന് മാത്രമാണ് പറഞ്ഞത്. അതിനപ്പുറം ചേര്‍ത്തതെല്ലാം എന്റെ പേരിലെ തെറ്റായ വാദങ്ങളാണ്. തെറ്റായ വാദങ്ങള്‍ ഉന്നയിക്കുക, അതിനെ അടിസ്ഥാനപ്പെടുത്തി ചര്‍ച്ച സംഘടിപ്പിക്കുക, ആ ചര്‍ച്ചയുടെ ഭാഗമായി മുഖപ്രസംഗം എഴുതുക. ഇതെല്ലാം തെറ്റായ പ്രവണതയാണ്. ആടിനെ പട്ടിയാക്കുന്ന സമീപനമാണ് സ്വീകരിക്കുന്നത്. സര്‍ക്കാരിനെ വിമര്‍ശിക്കാന്‍ പാടില്ലെന്ന് ഞാന്‍ പറഞ്ഞാല്‍ ലോകത്ത് ആരെങ്കിലും അംഗീകരിക്കുമോയെന്നും അദ്ദേഹം ചോദിച്ചു. ഞാന്‍ പറയാത്ത ഒരു കാര്യം എന്റെ നേരെ കെട്ടിച്ചമച്ച് എം കെ സാനു ഉള്‍പ്പെടെ ആളുകളോട് പോയി സര്‍ക്കാറിനെ വിമര്‍ശിച്ചാല്‍ കേസെടുക്കുമെന്ന് പറഞ്ഞു എന്ന് പറഞ്ഞാല്‍ നിഷ്‌കളങ്കരായ ആരെങ്കിലും പ്രതികരിക്കാതിരിക്കുമോ?. അങ്ങനെ ചിലയാളുകള്‍ പ്രതികരിച്ചിട്ടുണ്ടാകും. ആ പ്രതികരണത്തെ ആ അര്‍ത്ഥത്തിലാണ് കാണുന്നതും ഗോവിന്ദന്‍ പറഞ്ഞു. എസ്എഫ് ഐ സംസ്ഥാന സെക്രട്ടറി പി എം ആര്‍ഷോയുടെ പരാതിയില്‍ മാധ്യമപ്രവര്‍ത്തകക്കെതിരേ കേസെടുത്തതു സംബന്ധിച്ച ചോദ്യത്തിനായിരുന്നു എം വി ഗോവിന്ദന്റെ പരാമര്‍ശം. ഇതിനെതിരേ വ്യാപക പരാതിയും പ്രതിഷേധവും ഉയര്‍ന്നതോടെയാണ് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ നിലപാട് മാറ്റിയത്.
Tags:    

Similar News