മധ്യസ്ഥ ചര്‍ച്ചയ്ക്കിടെ മര്‍ദ്ദനമേറ്റ് മരണം: എം വി ഗോവിന്ദന് പച്ചക്കള്ളം പ്രചരിപ്പിക്കുന്നു-അഡ്വ. എ കെ സലാഹുദ്ദീന്
തിരുവനന്തപുരം: ദമ്പതികള്‍ തമ്മിലുള്ള പ്രശ്ന പരിഹാര ചര്‍ച്ചയ്ക്കിടെ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മര്‍ദ്ദനമേറ്റ് മരിച്ച സംഭവത്തില്‍ എസ്ഡിപിഐയ്ക്കെതിരേ അടിസ്ഥാന രഹിതമായ ആരോപണം ഉന്നയിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന് പച്ചക്കള്ളം പ്രചരിപ്പിക്കുകയാണെന്ന് എസ്ഡിപിഐ സംസ്ഥാന ഖജാഞ്ചി അഡ്വ. എ കെ സലാഹുദ്ദീന്. കുടുംബ പ്രശ്നം പരിഹരിക്കാന്‍ മധ്യസ്ഥ ശ്രമം നടത്തുന്നതിനിടെയാണ് കൊല്ലം തൊടിയൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റും പാലോലികുളങ്ങര ജമാഅത്ത് പ്രസിഡന്റുമായ സലീം മണ്ണേല്‍ ദാരുണമായി കൊല്ലപ്പെട്ടത്. പിടിക്കപ്പെട്ട പ്രതികള്‍ ഡിവൈഎഫ്ഐക്കാര്‍ ഉള്‍പ്പെടെയുള്ളവരാണെന്ന വിവരം അറിയാതെയല്ല ഗോവിന്ദന് പ്രതികരിച്ചിരിക്കുന്നത്. നാടിനെ നടുക്കിയ ദാരുണസംഭവത്തെ പോലും ദുഷ്ടലാക്കോടെ കാണുന്നത് ഒരു രാഷ്ട്രീയ നേതാവിന് യോജിച്ചതല്ല. വളരെ ആസൂത്രിതമായ നീക്കമാണ് ഗോവിന്ദന് ഈ പ്രസ്താവനയിലൂടെ നടത്തിയിരിക്കുന്നത്. സലീം മണ്ണേല്‍ തിരഞ്ഞെടുക്കപ്പെട്ട വാര്‍ഡില്‍ രണ്ടാം സ്ഥാനത്ത് എസ്ഡിപിഐ ആണ്. ഉപതിരഞ്ഞെടുപ്പിനെ ഉന്നംവച്ചുകൊണ്ടുള്ള നീക്കമാണ് സിപിഎം സെക്രട്ടറി നടത്തുന്നത്. എം വി ഗോവിന്ദന്റെ നട്ടാല്‍ കുരുക്കാത്ത കള്ളക്കഥയൊന്നും നാട്ടില്‍ ചെലവാകില്ല. ഡിവൈഎഫ്ഐക്കാരന് കേസില്‍ അറസ്റ്റുചെയ്യപ്പെട്ട സ്ഥിതിക്ക് അല്‍പ്പമെങ്കിലും രാഷ്ട്രീയ ധാര്‍മികത ഉണ്ടെങ്കില്‍ എം വി ഗോവിന്ദന് പ്രസ്താവന തിരുത്താന്‍ തയ്യാറാവണമെന്നും അഡ്വ. എ കെ സലാഹുദ്ദീന് ആവശ്യപ്പെട്ടു.