'രാത്രി വിജനമായ സ്ഥലത്ത് എന്തിന് പോയി?' മൈസൂരുവില്‍ കൂട്ട ബലാത്സംഗത്തിന് ഇരയായ വിദ്യാര്‍ഥിനിക്കെതിരേ കര്‍ണാടക ആഭ്യന്തരമന്ത്രി
രാത്രി ഏഴിന് വിജനമായ സ്ഥലത്ത് എന്തിനുപോയി എന്നാണ് മന്ത്രിയുടെ ചോദ്യം. വിഷയം രാഷ്ട്രീയമായി വഴിതെറ്റിച്ച് കോണ്‍ഗ്രസ് തന്നെ ബലാത്സംഗം ചെയ്യാന്‍ ശ്രമിക്കുകയാണെന്നും ജ്ഞാനേന്ദ്ര പറഞ്ഞു.
ബെംഗളൂരു: മൈസൂരുവില്‍ കൂട്ട ബലാത്സംഗത്തിന് ഇരയായ എംബിഎ വിദ്യാര്‍ത്ഥിനിയുടെ നില ഗുരുതരമായി തുടരവെ ഇരയ്‌ക്കെതിരേ വിവാദ പ്രസ്താവനയുമായി കര്‍ണാടക ആഭ്യന്തരമന്ത്രി അരഗ ജ്ഞാനേന്ദ്ര. രാത്രി ഏഴിന് വിജനമായ സ്ഥലത്ത് എന്തിനുപോയി എന്നാണ് മന്ത്രിയുടെ ചോദ്യം. വിഷയം രാഷ്ട്രീയമായി വഴിതെറ്റിച്ച് കോണ്‍ഗ്രസ് തന്നെ ബലാത്സംഗം ചെയ്യാന്‍ ശ്രമിക്കുകയാണെന്നും ജ്ഞാനേന്ദ്ര പറഞ്ഞു.
മൈസൂരുവിലാണ് സംഭവം നടന്നത്. പക്ഷേ കോണ്‍ഗ്രസ് അതില്‍നിന്ന് രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കുകയാണ്. പെണ്‍കുട്ടിയും സുഹൃത്തും വിജനമായ സ്ഥലത്താണ് പോയത്. അവര്‍ അവിടെപ്പോകാന്‍ പാടില്ലായിരുന്നുവെന്നും ജ്ഞാനേന്ദ്ര പറഞ്ഞു.എന്നാല്‍ സ്ഥിതിഗതികള്‍ നിസ്സാരവത്കരിക്കാനാണ് ജ്ഞാനേന്ദ്ര ശ്രമിക്കുന്നതെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.
കേസുമായി ബന്ധപ്പെട്ട് പെണ്‍കുട്ടിയുടെ മൊഴിയെടുക്കാന്‍ പോലിസിന് ഇതുവരെ സാധിച്ചിട്ടില്ല. സുഹൃത്തിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്.
ചൊവ്വാഴ്ച വൈകീട്ട് ഏഴോടെയാണ് മൈസൂരു ചാമുണ്ഡി ഹില്‍സിലേക്കുള്ള ഒറ്റപ്പെട്ടവഴിയില്‍വെച്ച് എംബിഎ വിദ്യാര്‍ഥിനി കൂട്ടബലാത്സംഗത്തിനിരയായത്. ഒപ്പമുണ്ടായിരുന്ന സഹപാഠിയായ ആണ്‍കുട്ടിയെ മര്‍ദിച്ചവശനാക്കിയ ശേഷമാണ് ആറംഗ സംഘം പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തത്. ഇവര്‍ മദ്യലഹരിയില്‍ ആയിരുന്നുവെന്നാണ് വിവരം.
മൈസൂരു ലളിതാദ്രിപുര മേഖലയിലാണ് സംഭവം നടന്നതെന്നാണ് പോലിസ് പറയുന്നത്. ബംഗളൂരുവില്‍ പഠിക്കുന്ന യുപി സ്വദേശിനിയാണ് ബലാത്സംഗത്തിനിരയായത്. ചാമുണ്ഡി ഹില്‍സിലേക്കുള്ള വിജനമായ പാതയിലായിരുന്നു ഇരുവരും ഉണ്ടായിരുന്നത്. അഞ്ചംഗസംഘം ബൈക്കുകളില്‍ ഇവരെ പിന്തുടര്‍ന്നെത്തുകയായിരുന്നു. ആദ്യം കവര്‍ച്ചയ്ക്ക് ശ്രമിച്ച പ്രതികള്‍ പിന്നീട് ആണ്‍കുട്ടിയെ മര്‍ദിച്ചു. തുടര്‍ന്ന് പെണ്‍കുട്ടിയെ സമീപത്തേക്ക് വലിച്ചിഴച്ച് കൊണ്ടുപോയി കൂട്ടബലാത്സംഗത്തിനിരയാക്കുകയായിരുന്നു. ഇതിനുശേഷം കടന്നുകളയുകയും ചെയ്തു.
ഗുരുതരമായി പരിക്കേറ്റ വിദ്യാര്‍ഥികള്‍ക്ക് മണിക്കൂറുകള്‍ക്ക് ശേഷമാണ് പ്രധാന റോഡിലേക്ക് എത്താനായത്. രാത്രി 11 മണിയോടെ ഏറെ പ്രയാസപ്പെട്ടാണ് ഇരുവരും പ്രധാന റോഡിലേക്ക് നടന്നെത്തിയത്. തുടര്‍ന്ന് വിദ്യാര്‍ഥികളെ ശ്രദ്ധയില്‍പ്പെട്ട ചില യാത്രക്കാരാണ് ഇവരെ ആശുപത്രിയില്‍ എത്തിച്ചത്. ആശുപത്രിയില്‍നിന്ന് അലനഹള്ളി പോലിസ് സ്‌റ്റേഷനില്‍ വിവരമറിയിക്കുകയായിരുന്നു.