സസ്‌പെന്‍സ് അവസാനിപ്പിച്ച് ബിജെപി; മണിപ്പൂരില്‍ എന്‍ ബിരേന്‍ സിങ് മുഖ്യമന്ത്രിയായി തുടരും

Update: 2022-03-20 12:16 GMT

ഇംഫാല്‍: മണിപ്പൂരില്‍ എന്‍ ബിരേന്‍ സിങ് തന്നെ മുഖ്യമന്ത്രിയായി തുടരും. ബിജെപി നിയമസഭാകക്ഷി യോഗമാണ് ബിരേന്‍ സിങ് തന്നെ മുഖ്യമന്ത്രിയായി തുടരട്ടെയെന്ന് തീരുമാനിച്ചത്. മണിപ്പൂരിലെ ബിജെപിയുടെ കേന്ദ്ര നിരീക്ഷകരായ കേന്ദ്രമന്ത്രിമാരായ നിര്‍മല സീതാരാമനും കിരണ്‍ റിജിജുവും ഇന്ന് സംസ്ഥാന തലസ്ഥാനമായ ഇംഫാലില്‍ വച്ചാണ് പ്രഖ്യാപനം നടത്തിയത്. മുഖ്യമന്ത്രി പദത്തിന്റെ പേരിലുള്ള തര്‍ക്കം രൂക്ഷമായതിനെത്തുടര്‍ന്ന് ബിരേന്‍ സിങ്ങും ബിശ്വജിത്തും കേംചന്ദും ശനിയാഴ്ച ഡല്‍ഹിയില്‍ ബിജെപി കേന്ദ്ര നേതൃത്വവുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. തുടര്‍ന്നാണ് മുഖ്യമന്ത്രിയുടെ കാര്യത്തില്‍ അന്തിമധാരണയുണ്ടാവുന്നത്.

60 അംഗ നിയമസഭയില്‍ 32 സീറ്റ് നേടിയാണ് തുടര്‍ച്ചയായ രണ്ടാം തവണയും സംസ്ഥാനത്ത് ബിജെപി അധികാരത്തിലെത്തിയത്. മല്‍സരിച്ച 20 മണ്ഡലങ്ങളില്‍ ഒമ്പത് സീറ്റുകള്‍ നേടി നാഷനല്‍ പീപ്പിള്‍സ് പാര്‍ട്ടി (എന്‍പിപി) വലിയ മുന്നേറ്റമാണ് കാഴ്ചവച്ചത്. 15 വര്‍ഷം തുടര്‍ച്ചയായി മണിപ്പൂര്‍ ഭരിച്ച, ഉറച്ച വേരുകളുണ്ടായിരുന്ന കോണ്‍ഗ്രസ് മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെട്ടു. പരാജയപ്പെട്ടവരില്‍ മണിപ്പൂര്‍ പിസിസി പ്രസിഡന്റ് എന്‍ ലോകന്‍ സിങ്ങുമുണ്ട്. നാഗ ഗോത്ര മേഖലകളില്‍ മാത്രം മല്‍സരിച്ച എന്‍പിഎഫിന് കോണ്‍ഗ്രസിനേക്കാള്‍ സീറ്റ് നേടാനായി. ഇതോടെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്ന് തന്നെ കോണ്‍ഗ്രസ് പാടെ തുടച്ചുമാറ്റപ്പെട്ടു.

ഇത് രണ്ടാം തവണയാണ് മണിപ്പൂരില്‍ ബിജെപി അധികാരത്തിലെത്തുന്നത്. തിരഞ്ഞെടുപ്പ് ഫലം വന്ന് പത്ത് ദിവസത്തിന് ശേഷമാണ് മുഖ്യമന്ത്രിയുടെ കാര്യത്തില്‍ തീരുമാനമായത്. സംസ്ഥാനത്ത് നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിരേന്‍ സിങ് ഹീന്‍ഗാംഗ് മണ്ഡലത്തില്‍ നിന്ന് 17,000 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ കോണ്‍ഗ്രസിന്റെ പി ശരത്ചന്ദ്ര സിങ്ങിനെയാണ് പരാജയപ്പെടുത്തിയത്. ആര്‍എഎസ്സിന്റെ പിന്തുണയോടെയാണ് ബിരേന്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക് എത്തുന്നത്.

Tags:    

Similar News