മണിപ്പൂര്‍ മുഖ്യമന്ത്രിയുടെ വീട് ആക്രമിക്കാന്‍ ശ്രമം

ഇന്നലെ മൂന്നു മന്ത്രിമാരുടെയും ആറ് എംഎല്‍എമാരുടെയും വീട് ആക്രമിക്കപ്പെട്ടിരുന്നു.

Update: 2024-11-17 01:22 GMT

ഇംഫാല്‍: മെയ്‌തെയ് വിഭാഗക്കാര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ മുഖ്യമന്ത്രി ബിരെന്‍ സിങിന്റെ വീട് ഉപരോധിക്കാന്‍ ശ്രമം. സുരക്ഷാ സൈനികര്‍ ഇവരെ തുരത്തി. ടിയര്‍ ഗ്യാസ് ഉപയോഗിച്ചാണ് ആള്‍ക്കൂട്ടത്തെ തുരത്തിയതെന്ന് പോലിസ് അറിയിച്ചു.

കഴിഞ്ഞ ആഴ്ച്ച കുക്കി ആദിവാസി വിഭാഗത്തില്‍ പെട്ട ഒരു സ്ത്രീയെ ജിര്‍ബാം ജില്ലയില്‍ പെട്രോള്‍ ഒഴിച്ചു കത്തിച്ചു കൊന്നിരുന്നു. അതിന് ശേഷം 10 പേരെ കുക്കി തീവ്രവാദികളാണെന്ന് ആരോപിച്ച് പോലിസും വെടിവച്ചു കൊന്നു. ഇതിന് ശേഷം മെയ്‌തെയ് വിഭാഗത്തിലെ ഏതാനും പേരെ കാണാതായി. അവരില്‍ ചിലരുടെ മൃതദേഹങ്ങള്‍ ഇന്നലെ അസം അതിര്‍ത്തിയിലെ ഒരു നദിയില്‍ നിന്നും കണ്ടെത്തി. ഇതോടെ ഇംഫാലില്‍ വീണ്ടും പ്രതിഷേധം ആരംഭിക്കുകയായിരുന്നു. ഇന്നലെ മൂന്നു മന്ത്രിമാരുടെയും ആറ് എംഎല്‍എമാരുടെയും വീട് ആക്രമിക്കപ്പെട്ടിരുന്നു. അതിന് ശേഷമാണ് ആള്‍ക്കൂട്ടം മുഖ്യമന്ത്രിയുടെ തറവാട് ആക്രമിക്കാന്‍ ശ്രമിച്ചത്.

അതേസമയം, സംസ്ഥാനത്തെ ആറു പോലിസ് സ്‌റ്റേഷനുകളില്‍ നിന്ന പ്രത്യേക സൈനികാധികാര നിയമം അഥവാ അഫ്‌സ്പ എടുത്തുമാറ്റണമെന്ന് സംസ്ഥാനസര്‍ക്കാര്‍ കേന്ദ്രസര്‍ക്കാരിനോട് അഭ്യര്‍ത്ഥിച്ചു. 2023 മേയില്‍ സംഘര്‍ഷം തുടങ്ങി ഇതുവരെ 250 പേര്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് ഔദ്യോഗിക കണക്ക്. 60000 പേര്‍ ഭവനരഹിതരായി. ഇതില്‍ ഭൂരിപക്ഷവും കുക്കി വിഭാഗത്തില്‍ നിന്നുള്ളവരാണ്.


Full View




Tags:    

Similar News