നാഷണല്‍ ഹെറാള്‍ഡ് കേസ്: രാഹുല്‍ ഗാന്ധി ഇഡിക്കു മുന്നില്‍ ഇന്നു ഹാജരാകില്ല
നാഷണല്‍ ഹെറാള്‍ഡ് കേസിലാണ് രാഹുല്‍ ഗാന്ധിയെയും സോണിയ ഗാന്ധിയെയും ചോദ്യം ചെയ്യാന്‍ ഇഡി സമന്‍സ് നല്‍കിയിരിക്കുന്നത്.
ഡല്‍ഹി: ഇഡിക്ക് മുന്‍പാകെ രാഹുല്‍ ഗാന്ധി ഇന്ന് ഹാജരാകില്ല. വിദേശത്തായതിനാല്‍ മറ്റൊരു ദിവസത്തേക്ക് തിയതി മാറ്റി നല്‍കണമെന്ന് രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു. നാഷണല്‍ ഹെറാള്‍ഡ് കേസിലാണ് രാഹുല്‍ ഗാന്ധിയെയും സോണിയ ഗാന്ധിയെയും ചോദ്യം ചെയ്യാന്‍ ഇഡി സമന്‍സ് നല്‍കിയിരിക്കുന്നത്.
നാഷണല്‍ ഹെറാള്‍ഡ് പത്രത്തിന്റെ നടത്തിപ്പുകാരായ അസോസിയേറ്റ് ജേര്‍ണലിന്റെ ബാധ്യതയും ഓഹരിയും ഏറ്റെടുത്തതില്‍ സാമ്പത്തിക ലാഭം ഉണ്ടായിട്ടില്ലെന്ന് രാഹുല്‍ ഗാന്ധി ഇഡിയെ അറിയിക്കും. പാര്‍ട്ടി പ്രസിദ്ധീകരണം എന്നനിലയില്‍ സാമ്പത്തികമായി കരകയറ്റാനാണ് സഹായിച്ചത്. ബിജെപിയും സിപിഎമ്മും ഉള്‍പ്പെടെ പാര്‍ട്ടികള്‍ മുഖപത്രത്തെ സഹായിക്കാന്‍ കാലാകാലങ്ങളായി ഇടപെടലുകള്‍ നടത്താറുണ്ടെന്നും അറിയിക്കും. വിദേശത്തായതിനാലാണ് രാഹുല്‍ ഗാന്ധി കൂടുതല്‍ സമയം ചോദിച്ചിരിക്കുന്നത്. അഞ്ചാം തിയതിക്ക് ശേഷം എന്നുവേണമെങ്കിലും ഹാജരാകാന്‍ തയ്യാറാണെന്നു അറിയിച്ചിട്ടുണ്ട്. കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയില്‍ നിന്നും ഈ മാസം എട്ടിന് മൊഴിയെടുക്കും.
രാജ്യസഭാ ഉപനേതാവ് മല്ലികാര്‍ജ്ജുന ഖാര്‍ഗെ, ട്രഷറര്‍ പവന്‍കുമാര്‍ ബന്‍സാല്‍ എന്നിവരില്‍ നിന്നും നിന്നും കഴിഞ്ഞ ദിവസം മൊഴിയെടുത്തിരുന്നു. ഇതിന്റെ തുടര്‍ച്ചയായിട്ടാണ് സോണിയ ഗാന്ധിയില്‍ നിന്നും രാഹുല്‍ ഗാന്ധിയില്‍ നിന്നും മൊഴിയെടുക്കുന്നതെന്നു ഇഡി പറഞ്ഞു. അതേസമയം, രാഷ്ട്രീയ എതിരാളികളെ ഇല്ലാതാക്കാന്‍ ഭരണഘടനാ സ്ഥാപനങ്ങളെ ആയുധമാക്കുന്ന ബിജെപി നടപടി തുറന്നു കാട്ടുമെന്നു കോണ്‍ഗ്രസ് വ്യക്തമാക്കി.