ദേശീയപാതാ വികസനം: ഇതുവരെ നല്‍കിയത് 715.56 കോടി; മൂന്നാംഘട്ട അദാലത്ത് ഇന്ന് മുതല്‍
തൃശൂര്‍: ദേശീയപാതാ വികസനവുമായി ബന്ധപ്പെട്ട് ഭൂമി ഏറ്റെടുത്ത ഭൂവുടമകള്‍ക്ക് ഇതുവരെ നല്‍കിയത് 715.56 കോടി രൂപ. പൂര്‍ണ്ണമായും ഭൂമിയുടെ രേഖകളും മറ്റു തിരിച്ചറിയല്‍ രേഖകളും സമര്‍പ്പിച്ച 1070 പൊന്നുംവില കേസ്സുകളിലെ, ഏകദേശം 513 ഭൂവുടമകളില്‍ നിന്നായി ഒക്ടോബര്‍ 30 വരെ 27.4011 ഹെക്ടര്‍ ഭൂമിയാണ് ഏറ്റെടുത്തത്. ഇതിന്റെ നഷ്ടപരിഹാരതുകയായ 715.56 കോടി രൂപയാണ് ഗുണഭോക്താക്കളുടെ അക്കൗണ്ടുകളില്‍ അധികൃതര്‍ നിക്ഷേപിച്ചത്.
ദേശീയപാതാ 66 സ്ഥലമെടുപ്പുമായി ബന്ധപ്പെട്ട് നിശ്ചിത സമയത്തിനുളളില്‍ ഉടമസ്ഥാവകാശ രേഖകള്‍ പൂര്‍ണ്ണമായും സമര്‍പ്പിക്കാത്ത ഭൂവുടമകള്‍ക്ക് പാസ്സാക്കി മാറ്റിവച്ചിട്ടുള്ള നഷ്ടപരിഹാരത്തുക അനുവദിക്കുന്നതിന് വില്ലേജാഫീസുകള്‍ കേന്ദ്രീകരിച്ച് അദാലത്തുകള്‍ ഘട്ടങ്ങളായി സംഘടിപ്പിച്ച് വരികയാണ്. ഇതിന്റെ മൂന്നാംഘട്ടം നവംബര്‍ ഒന്ന് മുതല്‍ ആറ് വരെയുള്ള തീയതികളില്‍ അതാത് വില്ലേജാഫീസുകളില്‍ ക്രമീകരിച്ചിട്ടുണ്ട്. മൂന്നാംഘട്ടമായി യൂണിറ്റ് ഒന്നിന് കീഴില്‍ വരുന്ന മേത്തല, ലോകമലേശ്വരം, ചെന്ത്രാപ്പിന്നി, തളിക്കുളം, ഒരുമനയൂര്‍ വില്ലേജുകളുടെയും യൂണിറ്റ് രണ്ടിന് കീഴില്‍ വരുന്ന മണത്തല, വാടാനപ്പള്ളി, കയ്പമംഗലം, ആല, കൂളിമുട്ടം വില്ലേജുകളുടെ അദാലത്തുകളാണ് നടക്കുക.
അദാലത്തുകളുടെ ആദ്യഘട്ടം യൂണിറ്റ് നാലിന് കീഴില്‍ വരുന്ന കടിക്കാട്, എടക്കഴിയൂര്‍, കടപ്പുറം, നാട്ടിക, പാപ്പിനിവട്ടം വില്ലേജുകളുടെതായിരുന്നു. രണ്ടാംഘട്ടം യൂണിറ്റ് മൂന്നിന്റെ കീഴില്‍ വരുന്ന ഏങ്ങണ്ടിയൂര്‍, പനങ്ങാട്, പെരിഞ്ഞനം, വലപ്പാട്, പുന്നയൂര്‍ വില്ലേജുകളുടെതുമായിരുന്നു. ആദ്യ രണ്ട് ഘട്ട അദാലത്തുകളിലും ഭൂവുടമകളുടെ നല്ല സഹകരണമാണ് ലഭിച്ചത്. ഈ വില്ലേജുകളില്‍ ഇനിയും രേഖകള്‍ സമര്‍പ്പിക്കാത്ത ഭൂവുടമകള്‍ പൂര്‍ണ്ണമായ രേഖകള്‍ ഉടന്‍ സമര്‍പ്പിക്കേണ്ടതാണെന്നും, അദാലത്തുകള്‍ പ്രയോജനപ്പെടുത്തി കക്ഷികള്‍ പൂര്‍ണ്ണമായും രേഖകള്‍ സമര്‍പ്പിക്കുന്നതോടെ ഇവര്‍ക്ക് ഡിസംബര്‍ 31നകം നഷ്ടപരിഹരത്തുക വിതരണം പൂര്‍ത്തീകരിക്കുവാന്‍ സാധിക്കുമെന്നും സ്‌പെഷ്യല്‍ ഡെപ്യൂട്ടി കലക്ടര്‍ ടി മുരളി അറിയിച്ചു.
പൂര്‍ണ്ണമായും കുടിയൊഴിപ്പിക്കപ്പെടുന്ന വാണിജ്യസ്ഥാപനങ്ങളിലെ വാടകക്കാര്‍ക്കുള്ള പുനരധിവാസ പാക്കേജ് തുക വിതരണം ആരംഭിച്ചിട്ടുണ്ട്. രേഖകള്‍ സമര്‍പ്പിച്ചിട്ടുളളവരുടെ തുക വിതരണം ചെയ്യുന്നതിനുള്ള ഫയല്‍ പരിശോധനയും നടപടിക്രമങ്ങളും ത്വരിതഗതിയില്‍ നടന്നുവരികയാണ്. പൂര്‍ണ്ണമായും കുടിയൊഴിപ്പിക്കപ്പെടുന്ന 41 കുടുംബങ്ങള്‍ക്ക് പുനരധിവാസ പാക്കേജുമായി ബന്ധപ്പെട്ട് ഇതുവരെ 1.23 കോടി രൂപയാണ് വിതരണം ചെയ്തത്. രേഖകള്‍ ഇനിയും ഹാജരാക്കാത്ത വാടകക്കാര്‍ അടിയന്തിരമായി രേഖകള്‍ ഹാജരാക്കേണ്ടതാണെന്നും അദ്ദേഹം അറിയിച്ചു.
സ്ഥലമേറ്റെടുപ്പുമായി ബന്ധപ്പെട്ട് ജില്ലാ കലക്ടര്‍ ഹരിത വി കുമാറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ഡിസംബര്‍ 31 ന് മുമ്പായി സ്ഥലം ഏറ്റെടുത്ത് ദേശീയപാതാ അതോറിറ്റിക്ക് കൈമാറുന്നതിനുവേണ്ട നടപടികളും അതോടൊപ്പം തന്നെ പുനരധിവാസ പാക്കേജ്, നഷ്ടപരിഹാരത്തുക വിതരണം എന്നിവ വേഗത്തിലാക്കാനും ഡെപ്യൂട്ടി കലക്ടര്‍ക്കും യൂണിറ്റ് തഹസില്‍ദാര്‍മാര്‍ക്കും നിര്‍ദ്ദേശം നല്‍കിയിരുന്നു. പാസാക്കി വച്ചിരിക്കുന്ന തുക ഇനിയും രേഖകള്‍ ഹാജരാക്കി കൈപ്പറ്റാതിരിക്കുന്നവരുടെ ഭൂമി ദേശീയപാതാ നിയമം 1956 3ഋ(2) പ്രകാരമുള്ള നിയമാനുസൃത നടപടികള്‍ സ്വീകരിച്ച് ഏറ്റെടുത്ത് ദേശീയപാതാ അതോറിറ്റിക്ക് കൈമാറാനുള്ള നടപടികള്‍ക്ക് തുടക്കം കുറിക്കാനും യോഗത്തില്‍ തീരുമാനിച്ചു. കൂടാതെ പഞ്ചായത്തുകളുടെയും വിവിധ സര്‍ക്കാര്‍ സ്ഥാപനങ്ങളുടെയും അധീനതയിലുള്ളതും ഏറ്റെടുക്കുവാന്‍ വിജ്ഞാപനം പുറപ്പെടുവിച്ചിട്ടുള്ളതുമായ മുഴുവന്‍ ഭൂമികളും ഇത് സംബന്ധിച്ച സര്‍ക്കാര്‍ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ദേശീയപാതാ അതോറിറ്റിക്ക് കൈമാറുന്നതിനുള്ള നടപടികളും ത്വരിതഗതിയില്‍ പുരോഗമിച്ചുവരുന്നുണ്ട്.