എന്‍ഐഎ ഭേദഗതി ബില്ല് രാജ്യസഭയിലും പാസായി

ആഭ്യന്തര മന്ത്രി അമിത് ഷായും പ്രതിപക്ഷ അംഗങ്ങളും തമ്മിലുള്ള ചൂടേറിയ വാദപ്രതിവാദത്തിനൊടുവിലാണ് ബില്ല് പാസാക്കിയത്.

Update: 2019-07-17 12:46 GMT

ന്യൂഡല്‍ഹി: ദേശീയ അന്വേഷണ ഏജന്‍സിക്ക് കൂടുതല്‍ അധികാരങ്ങള്‍ നല്‍കുന്ന എന്‍ഐഎ(ഭേദഗതി) ബില്ല് രാജ്യസഭയിലും പാസായി. ആഭ്യന്തര മന്ത്രി അമിത് ഷായും പ്രതിപക്ഷ അംഗങ്ങളും തമ്മിലുള്ള ചൂടേറിയ വാദപ്രതിവാദത്തിനൊടുവിലാണ് ബില്ല് പാസാക്കിയത്. നിലവിലെ അന്വേഷണ പരിധിയിലുള്ള കുറ്റകൃത്യങ്ങള്‍ക്ക് പുറമെ മനുഷ്യക്കടത്ത്, കള്ളനോട്ട്, നിരോധിത ആയുധങ്ങളുടെ വില്‍പന, സൈബര്‍ ഭീകരവാദം തുടങ്ങിയ സംഭവങ്ങള്‍ കൂടി അന്വേഷിക്കാനുള്ള അധികാരവും നിലവിലെ നിയമസംവിധാനങ്ങളെ മറികടന്ന് പ്രത്യേക വിചാരണാ കോടതികളെ നേരിട്ട് നിയമിക്കാനുള്ള സംവിധാനവും എന്‍ഐഎക്ക് നല്‍കുന്നതാണ് പുതിയ ഭേദഗതി.

എന്‍ഐഎയെ ദുരുപയോഗം ചെയ്യുന്നതായി പ്രതിപക്ഷ ആരോപണം അമിത് ഷാ നിഷേധിച്ചു. മതത്തിന്റെ അടിസ്ഥാനത്തില്‍ നിയമത്തെ ദുരുപയോഗം ചെയ്യില്ലെന്നും എന്നാല്‍, ഏത് മതമെന്ന് പരിഗണിക്കാതെ ഭീകരതയെ ഇല്ലായ്മ ചെയ്യുമെന്നും അമിത് ഷാ പറഞ്ഞു. സംജോത് എക്‌സ്പ്രസ്, മലേഗാവ്, മക്കാ മസ്ജിദ് ഉള്‍പ്പെടെയുള്ള സ്‌ഫോടനക്കേസുകളില്‍ എന്‍ഐഎ ഹിന്ദുത്വര്‍ക്ക് അനുകൂലമായ നിലപാട് സ്വീകരിച്ച കാര്യം വിവിധ അംഗങ്ങള്‍ ചൂണ്ടിക്കാട്ടിയപ്പോഴായിരുന്നു അമിത് ഷായുടെ പ്രതികരണം.  

Tags:    

Similar News