എന്‍ഐഎ ഭേദഗതി ബില്ലിനെ അനുകൂലിച്ച് ലീഗ് എംപിമാര്‍; ന്യായീകരിച്ച അണികള്‍ വെട്ടിലായി
എന്‍ഐഎക്ക് കൂടുതല്‍ അധികാരങ്ങള്‍ നല്‍കുന്ന ബില്ലിനെ എതിര്‍ക്കേണ്ട കാര്യമില്ലെന്ന പ്രസ്താവനയുമായി ലോക്‌സഭാ എംപി ഇ ടി മുഹമ്മദ് ബഷീറും ലീഗ് ബില്ലിനെ അനുകൂലിക്കുകയോ എതിര്‍ക്കുകയോ ചെയ്യുന്നില്ലെന്ന വാദവുമായി രാജ്യസഭാ എംപി പി വി അബ്ദുല്‍ വഹാബുമാണ് രംഗത്തെത്തിയത്.
കോഴിക്കോട്: എന്‍ഐഎ ഭേദഗതി ബില്ലിനെ ലീഗ് എംപിമാര്‍ ലോക്‌സഭയില്‍ ശക്തമായി എതിര്‍ത്തുവെന്നും പ്രതിഷേധത്തിന്റെ ഭാഗമായാണ് വോട്ടെടുപ്പില്‍ പങ്കെടുക്കാതെ വിട്ടുനിന്നതെന്നും സോഷ്യല്‍ മീഡിയയില്‍ ന്യായീകരിച്ച അണികളെ വെട്ടിലാക്കി ലീഗ് എംപിമാരുടെ പ്രസ്താവന. എന്‍ഐഎക്ക് കൂടുതല്‍ അധികാരങ്ങള്‍ നല്‍കുന്ന ബില്ലിനെ എതിര്‍ക്കേണ്ട കാര്യമില്ലെന്ന പ്രസ്താവനയുമായി ലോക്‌സഭാ എംപി ഇ ടി മുഹമ്മദ് ബഷീറും ലീഗ് ബില്ലിനെ അനുകൂലിക്കുകയോ എതിര്‍ക്കുകയോ ചെയ്യുന്നില്ലെന്ന വാദവുമായി രാജ്യസഭാ എംപി പി വി അബ്ദുല്‍ വഹാബുമാണ് രംഗത്തെത്തിയത്.
എന്‍ഐഎ ഭേദഗതി ബില്ല് കഴിഞ്ഞ ദിവസം ലോക്‌സഭയില്‍ വോട്ടിനിട്ടപ്പോള്‍ ലീഗ് എംപിമാരായ പി കെ കുഞ്ഞാലിക്കുട്ടിയും ഇ ടി മുഹമ്മദ് ബഷീറും വോട്ട് ചെയ്യാതെ മാറിനിന്നത് ലീഗ് അണികളില്‍ നിന്നുള്‍പ്പെടെ ശക്തമായ എതിര്‍പ്പിന് കാരണമായിരുന്നു. നിരപരാധികളായ മുസ്‌ലിംകളെ കേസില്‍ കുടുക്കുകയും ഹിന്ദുത്വര്‍ പ്രതികളായ കേസുകളില്‍ പ്രതികള്‍ക്ക് അനുകൂലമായ നിലപാട് സ്വീകരിക്കുകയും ചെയ്യുന്ന എന്‍ഐഎക്ക് കൂടുതല്‍ അധികാരങ്ങള്‍ നല്‍കുന്ന ബില്ലിനെതിരേ ലീഗ് വോട്ട് ചെയ്യാത്തതില്‍ സോഷ്യല്‍ മീഡിയയില്‍ കടുത്ത പ്രതിഷേധമാണ് ഉയര്‍ന്നത്. ഇതേ തുടര്‍ന്നാണ് പ്രാദേശിക ലീഗ് നേതാക്കള്‍ ഉള്‍പ്പെടെ എംപിമാരെ ന്യായീകരിച്ച് രംഗത്തെത്തിയത്. ലീഗിന് എന്‍ഐഎ ഭേഗഗതി ബില്ലിനോട് കടുത്ത എതിര്‍പ്പുണ്ടെന്നും അത് ലോക്‌സഭയില്‍ രേഖപ്പെടുത്തിയിട്ടുണ്ടെന്നുമായിരുന്നു ന്യായീകരണം. മാത്രമല്ല, ശക്തമായ എതിര്‍പ്പ് രേഖപ്പെടുത്തിയ എംപിമാര്‍ വോട്ടെടുപ്പില്‍ വിജയിക്കില്ലെന്ന് ഉറപ്പുള്ളതിനാല്‍ പ്രതിഷേധിച്ച് ഇറങ്ങിപ്പോവുകയായിരുന്നുവെന്നും ചിലര്‍ തട്ടിവിട്ടു. എന്നാല്‍, ഇവരെയെല്ലാം വെട്ടിലാക്കുന്നതാണ് ഇ ടി മുഹമ്മദ് ബഷീര്‍ ഇന്ന് ഫെയ്‌സ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്ത പ്രസ്താവന.
ബില്ലില്‍ പറഞ്ഞതു പ്രകാരം ഇന്ത്യയുടെ ആഭ്യന്തര സുരക്ഷിതത്വം, പരമാധികാരം എന്നിവ സംബന്ധിച്ച ഒരു കുറ്റം ഇന്ത്യക്ക് പുറത്ത് നടന്നാല്‍ അവര്‍ക്കെതിരെ ആ നാട്ടിലെ നിയമത്തിന്റെ കൂടി പിന്‍ബലത്തോട് കൂടി കേസെടുക്കാന്‍ ഇന്ത്യാ ഗവണ്‍മെന്റിന് അനുവാദം നല്‍കുന്ന നിയമത്തെ മുസ്‌ലിംലീഗിന് എതിര്‍ക്കേണ്ട കാര്യമില്ലെന്നായിരുന്നു ഇ ടി യുടെ പ്രസ്താവനയുടെ കാതല്‍. എന്നാല്‍, ഇത് ദുരുപയോഗം ചെയ്യരുതെന്നും നിരപരാധികളെ ഉപദ്രവിക്കാനുള്ള ഉപകരണമായി ദേശീയ അന്വേഷണ ഏജന്‍സി മാറരുതെന്നും പറയേണ്ട ബാധ്യത ലീഗിനുണ്ടെന്നും പാര്‍ട്ടി ആ ബാധ്യത പാര്‍ലമെന്റില്‍ കൃത്യമായി നിര്‍വ്വഹിച്ചിട്ടുണ്ടെന്നും ഇ ടി കൂട്ടിച്ചേര്‍ത്തു. അതേ സമയം, ബില്ലിനെ ലീഗ് അനുകൂലിക്കുകയോ എതിര്‍ക്കുകയോ ചെയ്യുന്നില്ലെന്നായിരുന്നു ലീഗിന്റെ രാജ്യസഭാ എം പി പി വി അബ്ദുല്‍ വഹാബിന്റെ പ്രസ്താവന. ബില്ല് സബ്ജക്ട് കമ്മിറ്റിക്ക് വിടണമെന്ന ആവശ്യം നിരാകരിക്കപ്പെട്ടതിനെ തുടര്‍ന്ന് ഇടത് എംപിമാര്‍ രാജ്യസഭയില്‍ നിന്ന് ഇറങ്ങിപ്പോയപ്പോള്‍ അവരോടൊപ്പം ഇറങ്ങിപ്പോകാനും അബ്ദുല്‍ വഹാബ് തയ്യാറായി.
ഇത്തരം ഒരു നിയമത്തില്‍ മറിച്ച് വോട്ട് ചെയ്താല്‍ അത് ഇന്ത്യയിലെ ന്യൂനപക്ഷങ്ങള്‍ രാജ്യ താല്‍പര്യത്തിനെതിരായി നില്‍ക്കുന്നുവരെന്ന പ്രചരണം നടത്താന്‍ ഫാഷിസ്റ്റ് ശക്തികള്‍ക്കും പ്രത്യേകിച്ച് ബിജെപിക്കും എളുപ്പമാകുമെന്നാണ് ഇ ടി മുഹമ്മദ് ബഷീര്‍ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ ന്യായീകരിച്ചത്. ബില്ലിനെ എതിര്‍ക്കുന്നവര്‍ ഭീകരതയെ അനുകൂലിക്കുന്നവരായി കണക്കാക്കും എന്ന അമിത് ഷായുടെ ഭീഷണിപ്പെടുത്തലില്‍ ലീഗ് വിരണ്ടു എന്ന ആരോപണത്തെ ശരിവയ്ക്കുന്നതാണ് ഇ ടിയുടെ ഈ നിലപാടെന്നും വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നു.
എന്‍ഐഎ ബില്ലിലെ ഭേദഗതികളെ എതിര്‍ക്കേണ്ട കാര്യം ലീഗിനില്ലെന്ന് പറയുമ്പോഴും സൈബര്‍ കുറ്റകൃത്യങ്ങള്‍, മനുഷ്യക്കടത്ത് പോലുള്ള വിഷയങ്ങളില്‍ എന്‍ഐഎക്ക് അമിതാധികാരം നല്‍കിയാലുള്ള അപകടങ്ങള്‍ പലരും ചൂണ്ടിക്കാട്ടുന്നുണ്ട്. ഉത്തരേന്ത്യയിലെ ചേരികളിലും മറ്റും കഴിയുന്ന കുട്ടികളെ ദത്തെടുത്ത് കേരളത്തിലെ അനാഥാലയങ്ങളിലേക്കു കൊണ്ടുവന്നതിനെ മനുഷ്യക്കടത്തായി വ്യാഖ്യാനിച്ച സംഭവങ്ങള്‍ നേരത്തേ ഉണ്ടായിട്ടുണ്ട്. ഇത്തരം വിഷയങ്ങള്‍ തികച്ചും പക്ഷപാതപരമായി പെരുമാറുന്ന എന്‍ഐഎ ഏറ്റെടുത്താലുണ്ടാവുന്ന ഭവിഷ്യത്തുകള്‍ ഊഹിക്കാവുന്നതിലും അപ്പുറമായിരിക്കും. ഭരണകൂട വിമര്‍ശനങ്ങളെ ഒതുക്കാന്‍ സൈബര്‍ നിയമത്തെ ദുരുപയോഗം ചെയ്യാനുള്ള സാധ്യതയും വളരെ കൂടുതലാണ്. എന്‍ഐഎയുടെ മുന്‍കാല നിലപാടുകള്‍ മുന്നിലിരിക്കേ പ്രസ്തുത ഏജന്‍സിക്ക് അമിതാധികാരം നല്‍കുന്ന നിയമത്തെ ലീഗിന് എങ്ങിനെ ന്യായീകരിക്കാനാവും എന്ന ചോദ്യമാണ് ഉയരുന്നത്.