പണിമുടക്കിനോടു മുഖം തിരിച്ച് ഉത്തരേന്ത്യ

Update: 2019-01-08 06:38 GMT

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ ജനവിരുദ്ധ നടപടികള്‍ക്കെതിരേ രാജ്യവ്യാപകമായി തുടരുന്ന പണിമുടക്ക് ഉത്തരേന്ത്യയില്‍ ഭാഗികം. സംസ്ഥാനത്ത് പണിമുടക്ക് ശക്തമായിരുന്നെങ്കിലും ഉത്തരേന്ത്യന്‍ നഗരങ്ങളെ കാര്യമായി ബാധിച്ചില്ല. ഡല്‍ഹി, മുംബൈ തുടങ്ങിയ നഗരങ്ങളെ പണിമുടക്ക് തീരെ ബാധിച്ചില്ല. ഇവിടങ്ങളിലെല്ലാം റോഡു ഗതാഗതം സാധാരണ ഗതിയിലായിരുന്നു. എന്നാല്‍ അസം, ബംഗാള്‍, തുടങ്ങി മിക്ക സംസ്ഥാനങ്ങളിലും ട്രെയിന്‍ ഗതാഗതം താറുമാറായി. തമിഴ്‌നാട്ടിലടക്കം വിവിധയിടങ്ങളില്‍ ചെറിയ തോതില്‍ അക്രമങ്ങളുണ്ടായി.

പുതുച്ചേരിയില്‍ പണിമുടക്കിനു പിന്തുണ പ്രഖ്യാപിച്ചു റോഡു തടഞ്ഞു പ്രതിഷേധിച്ച അഞ്ഞൂറോളം പേരെ കസ്റ്റഡിയിലെടുത്തു. ബംഗാളിലെ കൊല്‍ക്കത്ത, അസന്‍സോള്‍, ഹൂഗ്ലി തുടങ്ങിയ സ്ഥലങ്ങളില്‍ സംഘര്‍ഷമുണ്ടായി. അസന്‍സോളില്‍ തൃണമൂല്‍ കോണ്‍ഗ്രസ്- സിപിഎം പ്രവര്‍ത്തകര്‍ തമ്മിലായിരുന്നു സംഘര്‍ഷം. കൊല്‍ക്കത്തയില്‍ പണിമുടക്കിന് പിന്തുണ പ്രഖ്യാപിച്ച് പ്രതിഷേധിച്ച സിപിഎം പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു.

ബറസാത്തില്‍ സമരക്കാര്‍ സ്‌കൂള്‍ ബസ്സുകള്‍ തകര്‍ത്തു. അക്രമികളെ പിരിച്ചുവിടാന്‍ പോലിസ് ലാത്തിവീശി. ഒഡിഷയിലെ ഭുവനേശ്വറില്‍ പണിമുടക്കിയ തൊഴിലാളികള്‍ റോഡുകള്‍ ഉപരോധിച്ചു. 48 മണിക്കൂര്‍ ദേശീയ പണിമുടക്ക് തിങ്കളാഴ്ച അര്‍ദ്ധരാത്രിയോടെയാണ് തുടങ്ങിയത്. കേന്ദ്ര സര്‍ക്കാരിന്റെ തൊഴിലാളിജനവിരുദ്ധ നയങ്ങള്‍ക്കെതിരേ സംയുക്ത സമരസമിതിയാണ് പണിമുടക്കിന് ആഹ്വാനം ചെയ്തത്.

Tags:    

Similar News