എം എ യൂസഫലിയുടെ കോട്ടണ്‍മില്‍ കൊവിഡ് കെയര്‍ സെന്ററാകും; ആയിരം കിടക്കകള്‍ ഒരുക്കാന്‍ സൗകര്യം

സ്ഥലസൗകര്യങ്ങള്‍ പരിശോധിക്കാനും കാര്യങ്ങള്‍ വിലയിരുത്താനുമായി തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എ സി മൊയ്തീനും ജില്ലാ കലക്ടര്‍ എസ് ഷാനവാസും കെട്ടിടം സന്ദര്‍ശിച്ചു.

Update: 2020-07-09 04:32 GMT

തൃശൂര്‍: പ്രമുഖ വ്യവസായി എം എ യൂസഫലിയുടെ ഉടമസ്ഥതയിലുളള നാട്ടിക കോട്ടണ്‍മില്‍ കെട്ടിടം കൊവിഡ് കെയര്‍ സെന്ററാക്കുന്നു. ഇതിന്റെ ഭാഗമായി സ്ഥലസൗകര്യങ്ങള്‍ പരിശോധിക്കാനും കാര്യങ്ങള്‍ വിലയിരുത്താനുമായി തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എ സി മൊയ്തീനും ജില്ലാ കലക്ടര്‍ എസ് ഷാനവാസും കെട്ടിടം സന്ദര്‍ശിച്ചു.


സംസ്ഥാന സര്‍ക്കാരിന്റെ കോവിഡ് പ്രതിരോധ നടപടികള്‍ക്കായി കെട്ടിടം വിട്ട് നല്‍കാനും ആവശ്യമായ സഹായങ്ങള്‍ ഒരുക്കാനും തയ്യാറാണെന്ന് എം എ യൂസഫലി സര്‍ക്കാരിനെ അറിയിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു സന്ദര്‍ശനം. കോട്ടണ്‍മില്‍ കെട്ടിടത്തിന്റെ വിശാലമായ സൗകര്യം പൂര്‍ണമായും കൊവിഡ് കെയര്‍ സെന്ററിനായി ഉപയോഗപ്പെടുത്തുമെന്ന് മന്ത്രി എ സി മൊയ്തീന്‍ പറഞ്ഞു. ആരോഗ്യവകുപ്പിന്റെ ഉദ്യോഗസ്ഥസംഘവും മന്ത്രിയോടൊപ്പം ഉണ്ടായിരുന്നു.

കൊവിഡ് കെയര്‍ സെന്ററിനുളള രൂപരേഖ ഉടന്‍ തയ്യാറാക്കാന്‍ മന്ത്രി ജില്ലാ കലക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കി. ആയിരത്തോളം കിടക്കകള്‍ ഒരുക്കാനുളള സൗകര്യങ്ങളും ഡോക്ടര്‍മാര്‍, ആരോഗ്യപ്രവര്‍ത്തകര്‍ മറ്റ് ജീവനക്കാര്‍ എന്നിവര്‍ക്കാവശ്യമായ സൗകര്യവും കെട്ടിടസമുച്ചയത്തിലുണ്ടെന്ന് സംഘം വിലയിരുത്തി. ഇനിയങ്ങോട്ട് കൂടുതല്‍ കൊവിഡ് കെയര്‍ സെന്ററുകള്‍ വേണ്ടി വരുമെന്നാണ് ആരോഗ്യവകുപ്പുദ്യോഗസ്ഥരുടെ വിലയിരുത്തല്‍. നാട്ടിക കോട്ടണ്‍ മില്‍ കെട്ടിടം പൂര്‍ണ്ണ സജ്ജമാവുന്നത്തോടെ ജില്ലയുടെ ആവശ്യം പൂര്‍ണമായും നിറവേറ്റാന്‍ കഴിയുമെന്നാണ് ജില്ലാ ഭരണകൂടത്തിന്റെ ശുഭപ്രതീക്ഷ. യുദ്ധകാലാടിസ്ഥാനത്തില്‍ നാട്ടിക കോവിഡ് സെന്റര്‍ ഒരുക്കുമെന്ന് ജില്ലാ കളക്ടര്‍ എസ് ഷാനവാസ് പറഞ്ഞു.

ചാവക്കാട് തഹസില്‍ദാര്‍ പി എസ് രാജേഷ്, ഡിപിഎം ഡോ. ടി വി സതീശന്‍, ആര്‍ദ്രം മിഷന്‍ അസി. നോഡല്‍ ഓഫിസര്‍ ഡോ. റാണ, തളിക്കുളം മെഡിക്കല്‍ ഓഫിസര്‍ ചുമതലയുളള ഡോ. കേതുല്‍, ലുലു ഗ്രൂപ്പ് പ്രതിനിധികളായ ഇഖ്ബാല്‍ ഹാരീസ്, മറ്റ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവരും മന്ത്രി എ സി മൊയ്തീനോടൊപ്പം ഉണ്ടായിരുന്നു.

Tags:    

Similar News