മുസിരിസ് പൈതൃക പദ്ധതി കണ്‍വെന്‍ഷന്‍ സെന്റര്‍ കൊവിഡ് ഫസ്റ്റ് ലൈന്‍ ചികിത്സാ കേന്ദ്രമാകുന്നു -250 രോഗികളെ ചികില്‍സിക്കാന്‍ സൗകര്യം
കൊവിഡിനെ നേരിടുന്നതിനായി തദ്ദേശഭരണ വകുപ്പും ആരോഗ്യ വകുപ്പും ചേര്‍ന്ന് പ്രത്യേകമായി തയ്യാറാക്കുന്ന ജനകീയ ആരോഗ്യ കേന്ദ്രമാണ് കൊവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്റര്‍.
കൊടുങ്ങല്ലൂര്‍: മുസിരിസ് പൈതൃക പദ്ധതി കണ്‍വെന്‍ഷന്‍ സെന്റര്‍ കൊടുങ്ങല്ലൂരിലെ കൊവിഡ് ഫസ്റ്റ് ലൈന്‍ ചികിത്സാകേന്ദ്രം ആകുന്നു. പുല്ലൂറ്റ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പദ്ധതിയുടെ കെട്ടിടസമുച്ചയം ഇതിനായി ഏറ്റെടുത്തതായി ജില്ലാ കലക്ടര്‍ എസ് ഷാനവാസ് അറിയിച്ചു. 250 രോഗികളെ കിടത്തി ചികിത്സിക്കാനുള്ള സൗകര്യമാണ് ഇവിടെയുള്ളത്. ഇപ്പോള്‍ പ്രവര്‍ത്തിക്കുന്ന മുസിരിസ് പ്രോജക്റ്റ് മാനേജിങ് ഡയറക്ടറുടെ ഓഫിസ് മറ്റൊരു സ്ഥലത്തേക്ക് മാറ്റി സ്ഥാപിക്കും.
കൊവിഡിനെ നേരിടുന്നതിനായി തദ്ദേശഭരണ വകുപ്പും ആരോഗ്യ വകുപ്പും ചേര്‍ന്ന് പ്രത്യേകമായി തയ്യാറാക്കുന്ന ജനകീയ ആരോഗ്യ കേന്ദ്രമാണ് കൊവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്റര്‍. ഗുരുതര സ്വഭാവമില്ലാത്ത കൊവിഡ് രോഗികളെ ചികിത്സിക്കുന്നതിന് വേണ്ടിയാണിവ. കൊവിഡ് വ്യാപനം ഇനിയും വര്‍ദ്ധിച്ചാല്‍ മതിയായ ചികിത്സാ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനാണ് ഈ പുതിയ കേന്ദ്രം സജ്ജമാക്കുന്നത്. കേന്ദ്രത്തിലേയ്ക്കുള്ള കട്ടിലുകള്‍, കിടക്കകള്‍, ഉപകരണങ്ങള്‍, തുടങ്ങിയ എല്ലാ ഭൗതിക സാഹചര്യങ്ങളും കൊടുങ്ങല്ലൂര്‍ നഗരസഭ നല്‍കുമെന്ന് നഗരസഭ ചെയര്‍മാന്‍ കെ ആര്‍ ജൈത്രന്‍ അറിയിച്ചു. ഇവിടേക്കുള്ള ഭക്ഷണവും ശുചിത്വവും ഉറപ്പുവരുത്തുന്നത് നഗരസഭയുടെ ചുമതലയാണ്. കേന്ദ്രത്തിന്റെ ഫലപ്രദമായ നടത്തിപ്പിന് ഒരു മാനേജിംഗ് കമ്മിറ്റിയും രൂപീകരിച്ചിട്ടുണ്ട്. നഗരസഭാ ചെയര്‍മാന്‍ ചെയര്‍മാനും താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. ടി വി റോഷ് കണ്‍വീനറും ആയുള്ള കമ്മിറ്റി ആണിത്.