നവകേരള സദസ്സ്: അഭിവാദ്യമര്‍പ്പിക്കാന്‍ വീണ്ടും കുട്ടികളെ റോഡരികില്‍നിരത്തി

Update: 2023-11-27 15:17 GMT

എടപ്പാള്‍: ഹൈക്കോടതി വിമര്‍ശനം വകവയ്ക്കാതെ നവകേരളാ സദസ്സിന് അഭിവാദ്യമര്‍പ്പിക്കാന്‍ വീണ്ടും കുട്ടികളെ റോഡരികില്‍നിരത്തി. മലപ്പുറം എടപ്പാളിലാണ് പിഞ്ചുകുട്ടികളെ തെരുവിലിറക്കിയത്. എടപ്പാള്‍ തുയ്യം സ്‌കൂളിലെ കുട്ടികളെയാണ് യൂനിഫോമില്‍ റോഡരികില്‍ നിരനിരയായി നിര്‍ത്തിയത്. പ്രൈമറി-പ്രീപ്രൈമറി കുട്ടികളെയാണ് ഉപയോഗിച്ചത്. തിങ്കളാഴ്ച ഉച്ചയ്ക്ക് ഒന്നുമുതല്‍ രണ്ടുവരെ പൊരിവെയിലിലാണ് നിര്‍ത്തിയത്. മുഖ്യമന്ത്രിയുടെ വാഹനം കടന്നുപോവുമ്പോള്‍ കൈവീശണം എന്നതുള്‍പ്പെടെയുള്ള നിര്‍ദേശങ്ങള്‍ കുട്ടികള്‍ക്ക് അധ്യാപകര്‍ നല്‍കിയതായും വിവരമുണ്ട്. നേരത്തേ, കണ്ണൂരില്‍ കുട്ടികളെ അഭിവാദ്യം ചെയ്യാന്‍ ഉപയോഗിച്ചതിനെതിരേ ഹൈക്കോടതിയെ സമീപിച്ചപ്പോള്‍ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. തുടര്‍ന്ന് കുട്ടികളെ ഉപയോഗിക്കില്ലെന്ന് സര്‍ക്കാര്‍ അറിയിക്കുകയും ചെയ്തിരുന്നെങ്കിലും വീണ്ടും ആവര്‍ത്തിച്ചിരിക്കുകയാണ്. പോലിസുകാരുടെ സാന്നിധ്യത്തിലാണ് എടപ്പാളില്‍ കുട്ടികളെ റോഡിലിറക്കിയത്. അതേസമയം, നടപടിക്കെതിരേ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തുമെന്ന് എംഎസ്എഫും യൂത്ത് കോണ്‍ഗ്രസും അറിയിച്ചു.

    അതിനിടെ, നവകേരള സദസ്സിന്റെ ഭാഗമായി എറണാകുളം പറവൂരിലും സ്‌കൂളിന്റെ മതില്‍ പൊളിക്കാന്‍ നീക്കം. സ്‌കൂളിന്റെ മതില്‍ പൊളിക്കണമെന്ന് നഗരസഭാ സെക്രട്ടറി വാക്കാലാണ് നിര്‍ദേശം നല്‍കിയത്. വാഹനങ്ങള്‍ അകത്ത് കടക്കുന്നതിന് സ്‌കൂളിന്റെ ചുറ്റുമതിലില്‍ നിന്നും കുറച്ച് ഭാഗങ്ങള്‍ നീക്കം ചെയ്യണമെന്നായിരുന്നു നിര്‍ദേശം. ഇതിനെതിരേ നഗരസഭാ അധ്യക്ഷ ബീന ശശിധരന്‍ നോര്‍ത്ത് പറവൂര്‍ തഹസില്‍ദാര്‍ക്ക് കത്ത് നല്‍കി. നേരത്തേ പെരുമ്പാവൂര്‍ ഗവ.ബോയ്‌സ് സ്‌കൂളിന്റെ മതില്‍ പൊളിക്കാനും സംഘാടകര്‍ നഗരസഭയ്ക്ക് നിര്‍ദേശം നല്‍കിയിരുന്നു.

Tags:    

Similar News