അനധികൃത കുടിയേറ്റക്കാര്‍ക്കായി നവി മുംബൈയിലും തടങ്കല്‍ പാളയമൊരുങ്ങുന്നു
ബിജെപിയുടെ ദേവേന്ദ്ര ഫട്‌നാവിസ് നേതൃത്വം നല്‍കുന്ന മഹാരാഷ്ട്ര സര്‍ക്കാര്‍ അനധികൃത കുടിയേറ്റക്കാരെ പാര്‍പ്പിക്കുന്നതിനുള്ള ആദ്യ തടങ്കല്‍പാളയത്തിന് സ്ഥലം നിര്‍ണയിച്ചതായി 'മുംബൈ മിറര്‍' റിപ്പോര്‍ട്ട് ചെയ്യുന്നു.
മുംബൈ: അസമിലേതിനു സമാനമായി അനധികൃത കുടിയേറ്റക്കാര്‍ക്കായി മഹാരാഷ്ട്രയിലും തടങ്കല്‍ പാളയങ്ങള്‍ ഒരുങ്ങുന്നതായി റിപോര്‍ട്ട്. ബിജെപിയുടെ ദേവേന്ദ്ര ഫട്‌നാവിസ് നേതൃത്വം നല്‍കുന്ന മഹാരാഷ്ട്ര സര്‍ക്കാര്‍ അനധികൃത കുടിയേറ്റക്കാരെ പാര്‍പ്പിക്കുന്നതിനുള്ള ആദ്യ തടങ്കല്‍പാളയത്തിന് സ്ഥലം നിര്‍ണയിച്ചതായി 'മുംബൈ മിറര്‍' റിപ്പോര്‍ട്ട് ചെയ്യുന്നു. നവി മുംബൈയിലാണ് സംസ്ഥാനത്തെ ഇത്തരത്തിലുള്ള ആദ്യ തടങ്കല്‍പാളയം ഒരുക്കുന്നതെന്ന് മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവസിനെ ഉദ്ധരിച്ച് ഓണ്‍ലൈന്‍ വാര്‍ത്താ സൈറ്റ് റിപോര്‍ട്ട് ചെയ്തു.
ഇതിനായി ഭൂമി കണ്ടെത്തിക്കഴിഞ്ഞതായും നഗര, വ്യാവസായിക വികസന കോര്‍പറേഷന് ഇതുമായി ബന്ധപ്പെട്ട് ആഭ്യന്തര മന്ത്രാലയം കഴിഞ്ഞയാഴ്ച കത്ത് നല്‍കിയതായും റിപോര്‍ട്ട് വ്യക്തമാക്കുന്നു.
നവി മുംബൈയിലെ നെറൂളില്‍ മൂന്ന് ഏക്കര്‍ സ്ഥലമാണ് തടവുകേന്ദ്രത്തിനായി കണ്ടെത്തിയിട്ടുള്ളത്. അസമിലെ എന്‍ആര്‍സി പട്ടികയില്‍ നിന്നും 19 ലക്ഷത്തില്‍പരം ജനങ്ങളെ ഒഴിവാക്കിയതിനു പിന്നാലെയാണ് ബിജെപി ഭരിക്കുന്ന മഹാരാഷ്ട്ര സര്‍ക്കാറും സംസ്ഥാനത്തെ അനധികൃത കുടിയേറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിക്ക് ഒരുങ്ങുന്നത്.
കഴിഞ്ഞ ജൂലൈയില്‍ കേന്ദ്ര സര്‍ക്കാര്‍ എല്ലാ സംസ്ഥാനങ്ങളോടും പ്രധാന നഗരങ്ങളില്‍ തടവു കേന്ദ്രങ്ങള്‍ ആരംഭിക്കാനുള്ള നടപടികള്‍ കൈകൊള്ളണമെന്ന് ആവശ്യപ്പെട്ട് കത്തയച്ചിരുന്നു. അസമിലും കര്‍ണാടകയിലും ഇത്തരം തടവുകേന്ദ്രങ്ങളുടെ നിര്‍മാണം പുരോഗമിക്കുകയാണ്. രാജ്യത്തെ ഓരോ 'ഇഞ്ചില്‍ നിന്നും' അനധികൃത കുടിയേറ്റക്കാരെയും 'നുഴഞ്ഞുകയറ്റക്കാരെയും' കണ്ടെത്തി 'നിലവിലുള്ള അന്താരാഷ്ട്ര നിയമങ്ങള്‍ക്കനുസൃതമായി അവരെ നാടുകടത്തുമെന്നു' കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിലെ ബിജെപി പ്രകടന പത്രികയില്‍ വ്യക്തമാക്കിയിരുന്നു. തന്റെ സര്‍ക്കാര്‍ അനധികൃത കുടിയേറ്റക്കാരെ കണ്ടെത്തി നാടുകടത്തുന്നത് ഉറപ്പാക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ജൂലൈയില്‍ രാജ്യസഭയെ അറിയിച്ചിരുന്നു.