ലഖീംപൂര്‍ ഖേരി: ആശിഷ് മിശ്രയുടെ അറസ്റ്റ് ആവശ്യപ്പെട്ട് നവജ്യോത് സിദ്ദു നിരാഹാരം ആരംഭിച്ചു
ന്യൂഡല്‍ഹി: ലഖീംപൂര്‍ ഖേരി കര്‍ഷക കൂട്ടക്കൊല കേസിലെ പ്രധാന പ്രതി ആശിഷ് മിശ്രയെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് പഞ്ചാബ് കോണ്‍ഗ്രസ് പ്രസിഡന്റ് നവജ്യോത് സിംഗ് സിദ്ദു അനിശ്ചിതകാല നിരാഹാര സമരം ആരംഭിച്ചു. കര്‍ഷകരെ വാഹനം കയറ്റി കൊന്ന കേസിലെ പ്രധാന പ്രതി ആശിഷ് മിശ്രയെ അറസ്റ്റ് ചെയ്യും വരെ ഉപവാസം തുടരുമെന്ന് അദ്ദേഹം പറഞ്ഞു. അന്തരിച്ച പ്രാദേശിക മാധ്യമപ്രവര്‍ത്തകന്‍ രാമന്‍ കശ്യപിന്റെ വസതിയിലാണ് സിദ്ദുവിന്റെ നിരാഹാര സമരം.
കശ്യപിന്റെ കുടുംബാംഗങ്ങളുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് വീടിന് പുറത്ത് ഉപവാസം ആരംഭിച്ചത്. നേരത്തെ, പഞ്ചാബ് കാബിനറ്റ് മന്ത്രി വിജയ് ഇന്ദര്‍ സിംഗ്ല, എംഎല്‍എ മദന്‍ ലാല്‍, കുല്‍ജിത് നഗ്ര എന്നിവരടങ്ങിയ പ്രതിനിധി സംഘം പാലിയയില്‍ മരിച്ച കര്‍ഷകനായ ലവ്പ്രീത് സിംഗിന്റെ കുടുംബത്തെ സന്ദര്‍ശിച്ചിരുന്നു.