നീറ്റ് പരീക്ഷയിലെ ക്രമക്കേട് ആരോപണം; എന്‍ടിഎയോട് സുപ്രിംകോടതി വിശദീകരണം തേടി

Update: 2024-06-11 07:32 GMT

ന്യൂഡല്‍ഹി: നീറ്റ്-യുജി പരീക്ഷയില്‍ ക്രമക്കേട് നടന്നെന്ന ആരോപണത്തില്‍ സുപ്രിംകോടതി നാഷനല്‍ ടെസ്റ്റിങ് അതോറിറ്റി(എന്‍ടിഎ)യില്‍ നിന്ന് വിശദീകരണം തേടി. പരീക്ഷ റദ്ദാക്കണമെന്നും വീണ്ടും നടത്തണമെന്നും ആവശ്യപ്പെട്ട് നല്‍കിയ ഹരജി പരിഗണിച്ചാണ് സുപ്രിംകോടതി നടപടി. ജസ്റ്റിസ് അസ്മാനുല്ല അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിച്ചത്. വിവാദം പരീക്ഷയുടെ പവിത്രതയെ ബാധിച്ചെന്ന് ചൂണ്ടിക്കാട്ടിയ കോടതി, എംബിബിഎസ് ഉള്‍പ്പെടെയുള്ള കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിന്റെ കൗണ്‍സലിങ് നടപടികള്‍ സ്‌റ്റേ ചെയ്യാന്‍ വിസമ്മതിച്ചു. കേസ് ജൂലൈ എട്ടിലേക്ക് മാറ്റി.

    ദേശീയ മെഡിക്കല്‍ പ്രവേശനപരീക്ഷയായ നീറ്റ് യുജിയില്‍ 67 പേര്‍ക്ക് ഇത്തവണ ഒന്നാംറാങ്ക് ലഭിച്ചിരുന്നു. ആദ്യമായാണ് ഇത്രയും പേര്‍ക്ക് കൂട്ടത്തോടെ ഒന്നാംറാങ്ക് ലഭിക്കുന്നത്. ഹരിയാനയിലെ ഒരു പരീക്ഷാ കേന്ദ്രത്തില്‍മാത്രം ആറുപേര്‍ക്ക് മുഴുവന്‍ മാര്‍ക്കും ലഭിച്ചതായും ആരോപണമുയര്‍ന്നിരുന്നു. 2020, 2021, 2023 എന്നീ വര്‍ഷങ്ങളില്‍ യഥാക്രമം രണ്ട്, മൂന്ന്, രണ്ട് എന്നിങ്ങനെയാണ് മുഴുവന്‍ മാര്‍ക്കും ലഭിച്ചത്. 2022ല്‍ നാലുപേര്‍ക്ക് ഒന്നാം റാങ്ക് ലഭിച്ചിരുന്നെങ്കിലും 715 മാര്‍ക്കാണ് ലഭിച്ചിരുന്നത്. വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ ക്രമക്കേട് ആരോപിച്ച് രംഗത്തെത്തിയതോടെയാണ് വിവാദമായത്. എന്നാല്‍,

    44 പേര്‍ക്ക് മുഴുവന്‍ മാര്‍ക്കും കിട്ടിയത് ഗ്രേസ് മാര്‍ക്കിലൂടെയാണെന്നായിരുന്നു എന്‍ടിഎ ചെയര്‍മാന്‍ സുബോദ് കുമാര്‍ സിങിന്റെ പ്രതികരണം. പരീക്ഷ വൈകിയതിനാല്‍ സമയം തികയാതെവന്നവര്‍ക്ക് സുപ്രികോടതിയുടെ മുന്‍ നിര്‍ദേശ പ്രകാരം ഗ്രേസ് മാര്‍ക്ക് നല്‍കിയതാണ് ഒന്നാം റാങ്കുകാരുടെ എണ്ണം കൂടാന്‍ കാരണമെന്ന് വിശദീകരിച്ച അദ്ദേഹം, ഗ്രേസ് മാര്‍ക്കില്‍ അപാകതയുണ്ടോയെന്ന് പരിശോധിക്കാന്‍ സമിതി രൂപീകരിച്ചതായും അറിയിച്ചിരുന്നു.

Tags:    

Similar News