ഗോവയ്ക്ക് സ്വാതന്ത്ര്യം കിട്ടാന്‍ വൈകിയതിനു കാരണം നെഹ്‌റുവെന്ന് മുഖ്യമന്ത്രി പ്രമോദ് സാവന്ത്
മുഖ്യമന്ത്രി അല്‍പ്പം ചരിത്രം വായിച്ച ശേഷം മാത്രമേ ഇത്തരം വിഷയങ്ങളില്‍ അഭിപ്രായം പറയാന്‍ പാടുള്ളൂവെന്ന് ഗോവ പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് ഗിരീഷ് ഛോദാന്‍ഗര്‍ പറഞ്ഞു
പനാജി: പോര്‍ച്ചുഗീസുകാരില്‍ നിന്ന് ഗോവയ്ക്ക് സ്വാതന്ത്ര്യം കിട്ടാന്‍ വൈകിയതിനു കാരണം പ്രഥമ പ്രധാനമന്ത്രി നെഹ്‌റുവാണെന്ന് മുഖ്യമന്ത്രി പ്രമോദ് സാവന്ത്. സൈന്യത്തെ അറിയുക എന്ന പ്രമേയത്തില്‍ നടത്തിയ പരിപാടിക്കിടെയാണ് പ്രമോദ് സാവന്തിന്റെ വിമര്‍ശനം. ഇന്ത്യയ്ക്ക് 1947ല്‍ സ്വാതന്ത്ര്യം ലഭിച്ചെങ്കിലും ഗോവക്കാര്‍ക്ക് സ്വാതന്ത്ര്യത്തിന്റെ രുചിയറിയാന്‍ പിന്നെയും 14 വര്‍ഷം വൈകി. നെഹ്‌റുവിന്റെ രാഷ്ട്രീയമായ വീഴ്ചയാണ് ഇതിനു കാരണമെന്നും അദ്ദേഹം പറഞ്ഞു. ഗോവയ്ക്കു സ്വാതന്ത്ര്യം ലഭിച്ചതിനു സൈന്യത്തിനു അദ്ദേഹം നന്ദിയറിയിക്കുകയും ചെയ്തു.
എന്നാല്‍, മുഖ്യമന്ത്രി അല്‍പ്പം ചരിത്രം വായിച്ച ശേഷം മാത്രമേ ഇത്തരം വിഷയങ്ങളില്‍ അഭിപ്രായം പറയാന്‍ പാടുള്ളൂവെന്ന് ഗോവ പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് ഗിരീഷ് ഛോദാന്‍ഗര്‍ പറഞ്ഞു. അദ്ദേഹത്തിന് ചരിത്രമറിയില്ല. എന്നാല്‍, സ്വാതന്ത്ര്യസമര സേനാനികളോട് ചോദിച്ചറിഞ്ഞ ശേഷമല്ലേ ഇത്തരം പ്രസ്താവനകള്‍ നടത്തേണ്ടത്. ഇന്ത്യന്‍ പതാകയെ അംഗീകരിക്കാന്‍ ആര്‍എസ്എസ് 52 വര്‍ഷമെടുത്തതിനെ കുറിച്ചും സാവന്ത് മറുപടി പറയണം. രാജ്യം സ്വാതന്ത്ര്യം നേടിയപ്പോള്‍ ആര്‍എസ്എസ് നേതാക്കള്‍ വിലപിക്കുകയായിരുന്നു. രാജ്യത്തുനിന്ന് ബ്രിട്ടീഷുകാര്‍ പോയതില്‍ ദുഖിതരായിരുന്നു അവരെന്നും ഗിരീഷ് ഛോദാന്‍ഗര്‍ പറഞ്ഞു.