വീണ്ടും പ്രകോപനവുമായി നേപ്പാള്‍; ഗണ്ഡക് അണക്കെട്ടിന്റെ അറ്റകുറ്റപ്പണി തടഞ്ഞു; കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തെ സമീപിക്കുമെന്ന് ബിഹാര്‍

താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറുന്നത് തടയാന്‍ നദീതീരത്തും അണക്കെട്ടിന്റെ വിവിധ ഭാഗങ്ങളിലും നടത്തിവന്നിരുന്ന അറ്റകുറ്റപ്പണികളാണ് നേപ്പാള്‍ തടഞ്ഞത്.

Update: 2020-06-22 10:08 GMT

പട്‌ന:ഇന്ത്യന്‍ പ്രദേശങ്ങള്‍ ഉള്‍പ്പെടുത്തിയുള്ള പുതിയ ഭൂപടത്തിന് അംഗീകാരം നല്‍കിയതിനു പിന്നാലെ വീണ്ടും പ്രകോപനവുമായി നേപ്പാള്‍. ബിഹാറിലെ ഇന്ത്യ-നേപ്പാള്‍ അതിര്‍ത്തിയില്‍ സ്ഥിതി ചെയ്യുന്ന ഗണ്ഡക് അണക്കെട്ടിന്റെ അറ്റകുറ്റപ്പണി നേപ്പാള്‍ അധികൃതര്‍ തടഞ്ഞു. താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറുന്നത് തടയാന്‍ നദീതീരത്തും അണക്കെട്ടിന്റെ വിവിധ ഭാഗങ്ങളിലും  നടത്തിവന്നിരുന്ന അറ്റകുറ്റപ്പണികളാണ് നേപ്പാള്‍ തടഞ്ഞത്.

ചില ഇന്ത്യന്‍ പ്രദേശങ്ങളില്‍ അവകാശവാദമുന്നയിച്ചുള്ള പുതിയ ഭൂപടവുമായി ബന്ധപ്പെട്ട് ന്യൂഡല്‍ഹിയും കാഠ്മണ്ഡുവും തമ്മിലുള്ള സംഘര്‍ഷം മൂര്‍ച്ഛിക്കുന്നതിനിടെയാണ് പുതിയ സംഭവം. നേപ്പാളുമായി 700 കി.മീറ്ററോളം അതിര്‍ത്തി പങ്കിടുന്ന ബിഹാറിനെ വെള്ളപൊക്കത്തില്‍ മുക്കുന്നതാണ് കാഠ്മണ്ഡുവിന്റെ പുതിയ നീക്കം.

നേപ്പാളില്‍നിന്നു ഒഴുകുന്ന നദികള്‍ കരകവിഞ്ഞ് ഒഴുകുന്നത് തടയാനുള്ള ശ്രമങ്ങള്‍ തടസ്സപ്പെടുത്തിയത് സംസ്ഥാനത്തെ ഗുരുതരമായി ബാധിക്കും. സംസ്ഥാന സര്‍ക്കാര്‍ കേന്ദ്ര വിദേശകാര്യമന്ത്രാലയത്തെ സമീപിച്ച് സാഹചര്യം ഉയര്‍ത്തുന്ന ഭീഷണിയെക്കുറിച്ച് ബോധിപ്പിക്കുമെന്ന് ബിഹാര്‍ ജലവിഭവ മന്ത്രി സഞ്ജയ് കുമാര്‍ ഝാ പറഞ്ഞു.

ഗണ്ഡക് അണക്കെട്ടിന്റെ 36 ഗെയ്റ്റുകളില്‍ 18 എണ്ണം നേപ്പാളിലാണുള്ളത്. അറ്റകുറ്റപ്പണി നടത്താതിരുന്നാല്‍ കനത്ത മഴയില്‍ ഗണ്ഡക് നദിയിലെ ജലനിരപ്പ് ഉയരുകയും ഗുരതരമായ പ്രത്യാഘാതങ്ങളുണ്ടാകുകയും ചെയ്യും. ആദ്യമായിട്ടാണ് ഇത്തരമൊരു സംഭവമെന്നും ബിഹാര്‍ ജലവിഭവ വകുപ്പ് മന്ത്രി സഞ്ജയ് ഝാ പറഞ്ഞു.

എഞ്ചിനീയര്‍മാരും ജില്ലാ കളക്ടറും നേപ്പാള്‍ അധികൃതരുമായി സംസാരിച്ച് ആശങ്ക അറിയിച്ചിട്ടുണ്ട്. പ്രശ്‌നം സമയബന്ധിതമായി പരിഹരിച്ചില്ലെങ്കില്‍, ബീഹാറിലെ പ്രധാന ഭാഗങ്ങള്‍ വെള്ളത്തിലാകുമെന്നും സഞ്ജയ് ഝാ മുന്നറിയിപ്പ് നല്‍കി. 

Tags:    

Similar News