ഗസ ആക്രമണം സര്‍വ ശക്തിയോടെയും തുടരും: നെതന്യാഹു
ഫലസ്തീന്‍-ഇസ്രായേല്‍ സംഘര്‍ഷം ചര്‍ച്ച ചെയ്യാന്‍ യുഎന്‍ രക്ഷാ സമിതി അടിയന്തിര യോഗം ചേര്‍ന്നു. യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് 'അടിയന്തര വെടിനിര്‍ത്തല്‍' ആവശ്യപ്പെട്ടു.
തെല്‍ അവീവ്: ഗസയിലെ നരഹത്യ അവസാനിപ്പിക്കാന്‍ ലോകം ഒന്നടങ്കം ആവശ്യപ്പെടുമ്പോഴും ആക്രമണം സര്‍വ ശക്തിയോടെയും തുടരുമെന്ന തിട്ടൂരവുമായി ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ആക്രമണം സര്‍വ ശക്തിയോടെയും തുടരുമെന്നും ഇത് അവസാനിപ്പിക്കാന്‍ സമയം എടുക്കുമെന്നുമാണ് നെതന്യാഹുവിന്റെ മുന്നറിയിപ്പ്. സിബിഎസിന്റെ 'ഫെയ്‌സ് ദി നേഷന്‍' പരിപാടിയില്‍ സംസാരിക്കുകയായിരുന്നു നെതന്യാഹു.ഗസയുമായുള്ള പോരാട്ടം അവസാനിപ്പിക്കാന്‍ 'സമയമെടുക്കുമെന്നും' അടിയന്തിരമായി ഒരു പരിഹാരവുമില്ലെന്നും നെതന്യാഹു പറഞ്ഞു.
അതിനിടെ, ഫലസ്തീന്‍-ഇസ്രായേല്‍ സംഘര്‍ഷം ചര്‍ച്ച ചെയ്യാന്‍ യുഎന്‍ രക്ഷാ സമിതി അടിയന്തിര യോഗം ചേര്‍ന്നു. യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് 'അടിയന്തര വെടിനിര്‍ത്തല്‍' ആവശ്യപ്പെട്ടു, പോരാട്ടം തുടരുകയാണെങ്കില്‍ ഈ മേഖലയില്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാകുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി.
അതേസമയം, ഗസ മുനമ്പില്‍ ഇസ്രായേല്‍ തുടര്‍ച്ചയായി ഏഴാം ദിവസവും വ്യോമാക്രമണം തുടരുകയാണ്. ഞായറാഴ്ച പുലര്‍ച്ചെ നടത്തിയ വ്യോമാക്രമണങ്ങളില്‍ 42 ഫലസ്തീനികള്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കു. ചുരുങ്ങിയത് രണ്ടു പാര്‍പ്പിട സമുച്ചയങ്ങളെങ്കിലും അധിനിവേശ സൈന്യം ബോംബിട്ടു തകര്‍ത്തു.
ഗസയിലെ ഹമാസ് മേധാവി യഹിയ അല്‍ സിന്‍വാറിന്റെ വീടും ലക്ഷ്യമിട്ടതായി മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്യുന്നു.