ഈ വര്‍ഷം യുഎഇ സന്ദര്‍ശിക്കാന്‍ ഉദ്ദേശിക്കുന്നതായി ഇസ്രയേല്‍ പ്രധാനമന്ത്രി

'ഈ വര്‍ഷം, ഉടന്‍ നിങ്ങളെ സന്ദര്‍ശിക്കാന്‍ താന്‍ ആഗ്രഹിക്കുന്നതായി യുഎഇയിലെ ജൂത കമ്മ്യൂണിറ്റി നേതാക്കളോട് സൂം വഴി നടത്തിയ കൂടിക്കാഴ്ചയില്‍ അറിയിച്ചതായി നെതന്യാഹുവിന്റെ ഓഫിസ് പുറത്തിറക്കിയ പ്രസ്താവനയിലും വ്യക്തമാക്കിയിട്ടുണ്ട്.

Update: 2020-08-21 15:14 GMT

തെല്‍അവീവ്: 2020 അവസാനിക്കുന്നതിനുമുമ്പ് യുഎഇ സന്ദര്‍ശിക്കാന്‍ ഉദ്ദേശിക്കുന്നതായി ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. അനദൊളു ന്യൂസ് ഏജന്‍സിയാണ് ഇക്കാര്യം റിപോര്‍ട്ട് ചെയ്തത്. 'ഈ വര്‍ഷം, ഉടന്‍ നിങ്ങളെ സന്ദര്‍ശിക്കാന്‍ താന്‍ ആഗ്രഹിക്കുന്നതായി യുഎഇയിലെ ജൂത കമ്മ്യൂണിറ്റി നേതാക്കളോട് സൂം വഴി നടത്തിയ കൂടിക്കാഴ്ചയില്‍ അറിയിച്ചതായി നെതന്യാഹുവിന്റെ ഓഫിസ് പുറത്തിറക്കിയ പ്രസ്താവനയിലും വ്യക്തമാക്കിയിട്ടുണ്ട്. ഇസ്രായേല്‍ രാജ്യത്തിനും ജൂത ജനതയ്ക്കും ഇത് വളരെ മികച്ച ദിവസമാണെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് കഴിഞ്ഞ ആഴ്ച പ്രഖ്യാപിച്ച യുഎഇ ഇസ്രായേല്‍ ധാരണയെ പരാമര്‍ശിച്ച് നെതന്യാഹു പറഞ്ഞു.

ന്യൂയോര്‍ക്ക് ആസ്ഥാനമായുള്ള ഓണ്‍ലൈന്‍ വാര്‍ത്താ പ്രസിദ്ധീകരണമായ യെശിവ വേള്‍ഡ് ന്യൂസിന്റെ റിപ്പോര്‍ട്ട് അനുസരിച്ച് യുഎസ്, യൂറോപ്പ്, സൗത്ത് ആഫ്രിക്ക എന്നിവിടങ്ങളിലെ 150 ജൂത കുടുംബങ്ങളില്‍നിന്നുള്ള 2,000 മുതല്‍ 3,000 വരെ അംഗങ്ങള്‍ അബുദബി, ദുബയ് എന്നിവിടങ്ങളില്‍ താമസിക്കുന്നുണ്ട്. ഈജിപ്തിനും ജോര്‍ദാനും ശേഷം ഇസ്രായേലുമായി സമ്പൂര്‍ണ നയതന്ത്ര ബന്ധം പുലര്‍ത്തുന്ന ആദ്യ ഗള്‍ഫ് രാജ്യവും മൂന്നാമത്തെ അറബ് രാജ്യവുമാണ് യുഎഇ. വെസ്റ്റ്ബാങ്കിലെ ഇസ്രായേലിന്റെ വിവാദ കയ്യേറ്റം അവസാനിപ്പിച്ച് കൊണ്ടുള്ളതാണ് യുഎഇയുമായുള്ള കരാറെങ്കിലും കൂട്ടിച്ചേര്‍ക്കല്‍ പദ്ധതിയുമായി മുന്നോട്ട് പോവുമെന്ന് നെതന്യാഹു വ്യക്തമാക്കിയിരുന്നു.


Tags:    

Similar News