യുഎസ് ഇസ്രായേലിനെ കൈവിടുന്നോ? നെതന്യാഹുവിനെ വിളിക്കാന്‍ കൂട്ടാക്കാതെ ബൈഡന്‍

അധികാരത്തിലേറി ആഴ്ചകള്‍ പിന്നിട്ടിട്ടും പുതിയ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ തന്നെ ഒന്നു വിളിക്കാന്‍ പോലും കൂട്ടാക്കാത്തതില്‍ ഏറെ ഖിന്നനാണ് നെതന്യാഹു.

Update: 2021-02-08 07:27 GMT

വാഷിങ്ടണ്‍/തെല്‍ അവീവ്: നാല് വര്‍ഷം മുമ്പ് വൈറ്റ് ഹൗസില്‍ അധികാരത്തിലേറിയതിനു തൊട്ടുപിന്നാലെ ഡോണള്‍ഡ് ട്രംപ് ആദ്യമായി വിളിച്ച പ്രമുഖരില്‍ ഒരാള്‍ താനാണെന്നതില്‍ ഏറെ അഭിമാനിച്ചിരുന്നു ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. എന്നാല്‍, അധികാരത്തിലേറി ആഴ്ചകള്‍ പിന്നിട്ടിട്ടും പുതിയ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ തന്നെ ഒന്നു വിളിക്കാന്‍ പോലും കൂട്ടാക്കാത്തതില്‍ ഏറെ ഖിന്നനാണ് നെതന്യാഹു. വാഷിങ്ടണിന്റെ ഇസ്രായേലുമായുള്ള നിലപാടിലെ കാതലായ മാറ്റത്തിന്റെ സൂചനയായിട്ടാണ് ബൈഡന്‍ നെതന്യാഹുവിനെ അവഗണിക്കുന്നതിനെ പശ്ചിമേഷ്യന്‍ വിദഗ്ധര്‍ നോക്കി കാണുന്നത്.

യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍

ട്രംപില്‍നിന്ന് നെതന്യാഹുവിന് ലഭിച്ച പിന്തുണ ചരിത്രത്തില്‍ ഒരു യുഎസ് പ്രസിഡന്റില്‍നിന്നും ഒരു ഇസ്രായേല്‍ നേതാവിനും ലഭിച്ചിരുന്നില്ല. രാജ്യം മറ്റൊരു തിരഞ്ഞെടുപ്പിന്റെ പടിവാതിക്കല്‍ എത്തി നില്‍ക്കെ ബൈഡന്റെ ഒരു വിളി നെതന്യാഹുവിന്റെ രാഷ്ട്രീയ ഭാവിക്ക് ഏറെ അത്യാവശ്യമാണ്.

'ലോകത്ത് 195 രാജ്യങ്ങളുണ്ട്, യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ 188 എണ്ണവുമായി ഇതുവരെ ബന്ധപ്പെട്ടിട്ടില്ല. എന്നാല്‍ ഇസ്രായേലില്‍ മാത്രമാണ് ഈ കാലതാമസത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ജനങ്ങള്‍ക്ക് ആശങ്കയുള്ളത്' -ജറുസലേം പോസ്റ്റ് ബുധനാഴ്ച അഭിപ്രായപ്പെട്ടിരുന്നു

ബരാക് ഒബാമയുടെ പ്രസിഡന്റ് പദവിയിലെ അവസാന മാസങ്ങളില്‍ വിവിധ വിഷയങ്ങളില്‍ നെതന്യാഹു ഡെമോക്രാറ്റിക് പാര്‍ട്ടിയുമായി പ്രത്യക്ഷ ഏറ്റുമുട്ടലില്‍ ഏര്‍പ്പെട്ടിരുന്നു. ഇക്കാലയളവില്‍ ബൈഡന്‍ ഒബാമയുടെ വൈസ് പ്രസിഡന്റായിരുന്നു.

2015ല്‍ ഒബാമ ഭരണകൂടം ഇറാനുമായി ആണവക്കരാര്‍ ഒപ്പിട്ടപ്പോള്‍ ഇസ്രായേല്‍ പ്രധാനമന്ത്രി ശക്തമായ പ്രതിഷേധവുമായി മുന്നോട്ട് വന്നിരുന്നു. കൂടാതെ, അധിനിവേശ ഫലസ്തീന്‍ പ്രദേശങ്ങളിലെ ഇസ്രയേല്‍ വാസകേന്ദ്രങ്ങള്‍ക്കെതിരായ യുഎന്‍ പ്രമേയം 2334നെതിരേ വീറ്റോ ഉപയോഗിക്കുന്നതില്‍നിന്ന് യുഎസ് വിട്ടുനിന്നതും നെതന്യാഹുവിനെ ചൊടിപ്പിക്കുകയും ഒബാമയെ കടന്നാക്രമിക്കുന്നതിലേക്ക് നയിക്കുകയും ചെയ്തിരുന്നു.

ഇസ്രായേല്‍ പ്രധാനമന്ത്രി നെതന്യാഹു

ബൈഡന്‍ നെതന്യാഹുവിന്റെ വിളി നിരസിക്കുകയാണെന്ന് ഇസ്രയേലിലെ ഇടതുപക്ഷ പ്രതിപക്ഷ പാര്‍ട്ടിയായ മെറെറ്റ്‌സിന്റെ നേതാവ് നിറ്റ്‌സാന്‍ ഹൊറോവിറ്റ്‌സ് ഫേസ്ബുക്കിലെ ബ്ലോഗില്‍ പറഞ്ഞു. ഇപ്പോള്‍ നെതന്യാഹു ഡെമോക്രാറ്റുകളുമായി സൃഷ്ടിച്ച പിളര്‍പ്പിന്റെ ചീഞ്ഞ ഫലം കൊയ്യുകയാണെന്നും അദ്ദേഹം ആരോപിച്ചു.

ജറുസലേം പോസ്റ്റ് അനലിസ്റ്റ് ഹെര്‍ബ് കിന്നണ്‍ അഭിപ്രായപ്പെടുന്നത് ബൈഡന്‍ വിളിച്ചില്ലെങ്കില്‍ അദ്ദേഹം നമ്മെ ഇഷ്ടപ്പെടുന്നില്ലെന്നോ നെതന്യാഹുവിനോട് ദേഷ്യത്തിലാണെന്നോ അര്‍ത്ഥമാക്കുന്നില്ല, കൂടാതെ, ഇറാനിയന്‍ ആണവക്കരാറുമായി വീണ്ടും മുന്നോട്ട് പോവുമെന്നോ 1967ലെ അതിര്‍ത്തിയിലേക്ക് മടങ്ങാന്‍ ഇസ്രായേലിനെ നിര്‍ബന്ധിക്കുമെന്നോ ഇത്് അര്‍ത്ഥമാക്കുന്നില്ല. ഇസ്രായേലും മിഡില്‍ ഈസ്റ്റും അദ്ദേഹത്തിന്റെ മുന്‍ഗണനാ പട്ടികയില്‍ ഒന്നാമതല്ല എന്നാണ് ഇതിന് അര്‍ത്ഥം. ബൈഡന്‍ ഉടനെയോ അല്ലെങ്കില്‍ പിന്നീടോ വിളിക്കുമെന്നും കിന്നണ്‍ അഭിപ്രായപ്പെടുന്നു. ഇസ്രായേലിന്റെ വിധി അത് എടുക്കുന്ന തീരുമാനങ്ങളെയും അത് പ്രവര്‍ത്തിക്കുന്ന രീതിയെയും ആശ്രയിച്ചിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

മുന്‍ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്

ബൈഡന്‍ ഇതുവരെ എല്ലാ വിദേശ നേതാക്കളുമായി ബന്ധപ്പെട്ടിട്ടില്ല, പക്ഷേ വിദേശ നേതാക്കളുമായി കൂടുതല്‍ സമയം സംസാരിക്കാന്‍ അദ്ദേഹം ആഗ്രഹിക്കുന്നുവെന്ന് ചൊവ്വാഴ്ച രാത്രി നടന്ന വാര്‍ത്താസമ്മേളനത്തില്‍ വൈറ്റ് ഹൗസ് വക്താവ് ജെയ്ന്‍ സാകി പറഞ്ഞിരുന്നു. ഇതിന്റെ ചുവട് പിടിച്ച് വരുന്ന ആഴ്ചകളില്‍ ബൈഡന്‍ നെതന്യാഹുവുമായി ബന്ധപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ജറുസലേം പോസ്റ്റ് റിപോര്‍ട്ട് ചെയ്തിരുന്നു.

ഇറാനുമായുള്ള ആണവക്കരാറിനെതിരേ നെതന്യാഹു യുഎസ് കോണ്‍ഗ്രസില്‍ നടത്തിയ പ്രസംഗത്തിനു ശേഷം ഡമോക്രാറ്റിക് പാര്‍ട്ടി അസ്വസ്ഥമായിരുന്നുവെന്നത് രഹസ്യമല്ലെന്ന് ഇസ്രയേലിന്റെ സൈനിക രഹസ്യാന്വേഷണ വിഭാഗത്തിന്റെ മുന്‍ മേധാവി അമോസ് യാഡ്‌ലിന്‍ കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് റേഡിയോ 103 എഫ്എമ്മിനോട് വ്യക്തമാക്കിയിരുന്നു. ഒരു വിദേശ രാഷ്ട്രത്തലവന്‍ അമേരിക്കന്‍ പ്രസിഡന്റിനെതിരേ യുഎസ് കോണ്‍ഗ്രസില്‍വച്ച് കടന്നാക്രമണം നടത്തിയത് ചരിത്രത്തിലാദ്യമായിട്ടായിരുന്നു. 2015 മാര്‍ച്ചിലാണ് ബൈഡന്‍ ഒബാമ ഭരണകൂടത്തിന്റെ ഭാഗമായത്.

നെതന്യാഹു പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ബഡനെ അഭിനന്ദിക്കുന്നത് പോലും വെകിയിരുന്നു. ബൈഡന്റെ വിജയത്തെ അഭിനന്ദിച്ച ലോകത്തിലെ അവസാന രാഷ്ട്രത്തലവന്മാരില്‍ ഒരാളായിരുന്നു പ്രധാനമന്ത്രി.

Tags:    

Similar News