ഗസ വീണ്ടും കൈയേറുന്നതിന്റെ സൂചന നല്‍കി നെതന്യാഹു
ഒരു കൂട്ടം വിദേശ നയതന്ത്രജ്ഞരുമായുള്ള കൂടിക്കാഴ്ചയിലാണ് നെതന്യാഹു ഇതു സംബന്ധിച്ച സൂചന നല്‍കിയത്. ഹമാസിനെ തുരത്താന്‍ ഇസ്രായേലിന് വീണ്ടും ഗസയില്‍ അധിനിവേശം നടത്തേണ്ടിവരുമെന്നാണ് നെതന്യാഹു അഭിപ്രായപ്പെട്ടത്.
തെല്‍ അവീവ്: ഉപരോധത്തിലുള്ള ഗസ മുനമ്പില്‍ വീണ്ടും കൈയേറ്റം നടത്തുന്നതിന്റെ സൂചനകള്‍ നല്‍കി ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ഒരു കൂട്ടം വിദേശ നയതന്ത്രജ്ഞരുമായുള്ള കൂടിക്കാഴ്ചയിലാണ് നെതന്യാഹു ഇതു സംബന്ധിച്ച സൂചന നല്‍കിയത്. ഹമാസിനെ തുരത്താന്‍ ഇസ്രായേലിന് വീണ്ടും ഗസയില്‍ അധിനിവേശം നടത്തേണ്ടിവരുമെന്നാണ് നെതന്യാഹു അഭിപ്രായപ്പെട്ടത്.
ഗസയില്‍ നടന്നുകൊണ്ടിരിക്കുന്ന ഇസ്രയേല്‍ ബോംബാക്രമണം ഹമാസിന്റെ കഴിവുകളെയും സായുധ ശേഷിയേയും അവരുടെ ഇച്ഛാശക്തിയെയും നശിപ്പിക്കാന്‍ ലക്ഷ്യമിട്ടുള്ളതാണെന്ന് അദ്ദേഹം പറഞ്ഞു. ആക്രമണം കടുപ്പിക്കാനുള്ള സാധ്യതയും അദ്ദേഹം മുന്നോട്ട് വച്ചു.
'നിങ്ങള്‍ക്ക് അവ കൈകാര്യം ചെയ്യാന്‍ രണ്ട് വഴികളേയുള്ളൂ, ഒന്നുകില്‍ 'നിങ്ങള്‍ക്ക് അവരെ കീഴടക്കാം, അത് എല്ലായ്‌പ്പോഴും ഒരു തുറന്ന സാധ്യതയാണ്, അല്ലെങ്കില്‍ നിങ്ങള്‍ക്ക് അവരെ ഭയപ്പെടുത്തി തടഞ്ഞുനിര്‍ത്താം,തങ്ങള്‍ ഇപ്പോള്‍ ശക്തമായ പ്രതിരോധത്തിലാണ് ഏര്‍പ്പെട്ടിരിക്കുന്നത്. എന്നാല്‍ തങ്ങള്‍ ഒന്നും തള്ളിക്കളയുന്നില്ല'- നെതന്യാഹു അംബാസഡര്‍മാരോട് പറഞ്ഞു.
1967 ലെ യുദ്ധത്തില്‍ അധിനിവേശം നടത്തിയ ഗസ മുനമ്പില്‍നിന്ന് 2005 ആഗസ്തില്‍ ഇസ്രായേല്‍ തങ്ങളുടെ കുടിയേറ്റക്കാരെയും സൈന്യത്തെയും പിന്‍വലിക്കാന്‍ നിര്‍ബന്ധിതരാവുകയായിരുന്നു.