ഈജിപ്ത് സന്ദര്‍ശിക്കാനൊരുങ്ങി ഇസ്രായേല്‍ പ്രധാനമന്ത്രി

ഒരു ദശകത്തിനിടെ ഒരു ഇസ്രായേല്‍ നേതാവ് ഈജിപ്തിലേക്ക് നടത്തുന്ന ആദ്യ ഔദ്യോഗിക സന്ദര്‍ശനമാവും ഇത്.

Update: 2020-12-10 18:11 GMT

തെല്‍ അവീവ്: ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ഈജിപ്ത് സന്ദര്‍ശിക്കാന്‍ ഒരുങ്ങുന്നതായി റിപോര്‍ട്ട്. ടൈംസ് ഓഫ് ഇസ്രായേല്‍ ആണ് ഇക്കാര്യം റിപോര്‍ട്ട് ചെയ്തത്. ഒരു ദശകത്തിനിടെ ഒരു ഇസ്രായേല്‍ നേതാവ് ഈജിപ്തിലേക്ക് നടത്തുന്ന ആദ്യ ഔദ്യോഗിക സന്ദര്‍ശനമാവും ഇത്.

ടൈംസ് ഓഫ് ഇസ്രായേലിന്റെ റിപോര്‍ട്ട് പ്രകാരം 2011ല്‍ അന്നത്തെ പ്രസിഡന്റ് ഹുസ്‌നി മുബാറക്കിനെ കാണാന്‍ നെതന്യാഹു രഹസ്യ സന്ദര്‍ശനവും 2018ല്‍ അല്‍ സിസിക്കൊപ്പം ഇഫ്താറില്‍ പങ്കെടുക്കാന്‍ മറ്റൊരു അനൗദ്യോഗിക സന്ദര്‍ശനവും നടത്തിയതായി റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. നിരവധി യുഎന്‍ സമ്മേളനങ്ങളിലും ഇരുവരും പലതവണ പരസ്യമായി കണ്ടുമുട്ടി.

അല്‍ സിസി നെതന്യാഹുവിനെ ക്ഷണിച്ചതായി വ്യാഴാഴ്ച ഇസ്രായേല്‍ ഹയോം റിപ്പോര്‍ട്ട് ചെയ്തു. വിമാനത്താവളത്തില്‍നേരിട്ടെത്തി നെതന്യാഹുവിനെ അല്‍സിസി സ്വീകരിക്കുമെന്നും റിപോര്‍ട്ട് വ്യക്തമാക്കുന്നുണ്ട്. തന്റെ മുന്‍ഗാമിയായ ട്രംപ് റദ്ദാക്കിയ ഇറാന്‍ ആണവ പദ്ധതിയെക്കുറിച്ച് ബൈഡന്‍ പുതിയ കരാര്‍ തേടാനുള്ള സാധ്യത മുന്നില്‍കണ്ട് ഇരുവരും 'മേഖലയിലെ ഇറാന്റെ ഭീഷണി' ചര്‍ച്ച ചെയ്യും. ഇസ്രായേലും യുഎഇയും ബഹ്‌റയ്‌നും സുദാനും തമ്മിലുള്ള ബന്ധം സാധാരണ നിലയിലാക്കിയതിനെ തുടര്‍ന്നാണ് കൂടിക്കാഴ്ച.

Tags:    

Similar News