അടുത്തയാഴ്ച യുഎഇയും ബഹ്‌റയ്‌നും സന്ദര്‍ശിക്കാന്‍ ഒരുങ്ങി നെതന്യാഹു
കോവിഡും ലോക്ക്ഡൗണും മൂലം തങ്ങള്‍ രണ്ട് തവണ ഈ യാത്ര മാറ്റിവെച്ചെന്നും ഇത്തവണ മൂന്ന് മണിക്കൂര്‍ സന്ദര്‍ശനമാണ് ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
തെല്‍ അവീവ്: കഴിഞ്ഞ വര്‍ഷം ഇസ്രായേലുമായി ഔദ്യോഗിക ബന്ധം സ്ഥാപിച്ച യുഎഇയിലേക്കും ഒരുപക്ഷേ ബഹ്‌റയ്‌നിലേക്കും അടുത്തയാഴ്ച മൂന്ന് മണിക്കൂര്‍ മാത്രം നീളുന്ന ഹൃസ്വ സന്ദര്‍ശനം നടത്താന്‍ പദ്ധതിയിട്ടിട്ടുണ്ടെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ഇസ്രയേലിലെ ആരോഗ്യ പ്രതിസന്ധികള്‍ക്കിടയിലും അടുത്തയാഴ്ച യുഎഇ സന്ദര്‍ശനവുമായി മുന്നോട്ട് പോകുമോ എന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിനു മറുപടിയായാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.കോവിഡും ലോക്ക്ഡൗണും മൂലം തങ്ങള്‍ രണ്ട് തവണ ഈ യാത്ര മാറ്റിവെച്ചെന്നും ഇത്തവണ മൂന്ന് മണിക്കൂര്‍ സന്ദര്‍ശനമാണ് ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഈ യാത്രക്ക് വലിയ ദേശീയ, അന്തര്‍ദേശീയ സുരക്ഷ പ്രാധാന്യമുണ്ട്. എന്നാല്‍ തന്റെ അഭ്യര്‍ത്ഥന മാനിച്ച് മൂന്നു ദിവസത്തെ യാത്ര മൂന്ന് മണിക്കൂറാക്കി ചുരുക്കുകയായിരുന്നുവെന്നും നെതന്യാഹു കൂട്ടിച്ചേര്‍ത്തു. അബുദബി സന്ദര്‍ശനത്തിന് ശേഷം സാധ്യമാകുമെങ്കില്‍ ബഹ്‌റയ്‌നില്‍ മിന്നല്‍ സന്ദര്‍ശനം നടത്തുമെന്നും പിന്നീട് നെതന്യാഹു ട്വിറ്ററില്‍ കുറിച്ചു. എന്നാല്‍ ഇതിന്റെ തീയതി തീരുമാനിച്ചിട്ടില്ല. ഫെബ്രുവരി ഒന്‍പതിനാകും യാത്രയെന്ന്് ഇസ്രായേലി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
2020 സെപ്റ്റംബര്‍ 15നാണ് യുഎസ് മധ്യസ്ഥതയില്‍ യുഎഇ, ബഹ്‌റയ്ന്‍ രാഷ്ട്ര നേതാക്കള്‍ ഇസ്രായേലുമായുള്ള നയതന്ത്ര കരാറില്‍ ഒപ്പുവെച്ചത്. അബ്രഹാം ഉടമ്പടി എന്നാണ് കരാറിന് പേര് നല്‍കിയിരിക്കുന്നത്.