തോല്‍വിക്ക് പിന്നാലെ ട്രംപിനോട് ഇറാനെ ആക്രമിക്കാന്‍ നെതന്യാഹു ആവശ്യപ്പെട്ടതായി റിപോര്‍ട്ട്
അമേരിക്കന്‍ മാഗസിനായ ദ ന്യൂയോര്‍ക്കിലെ സൂസന്‍ ബി ഗ്ലാസറാണ് കഴിഞ്ഞ ദിവസം ഈ ഞെട്ടിക്കുന്ന റിപോര്‍ട്ട് പുറത്തുവിട്ടത്.
തെല്‍ അവീവ്/ വാഷിങ്ടണ്‍: മുന്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ഇറാനെതിരേ സൈനിക ആക്രമണം നടത്താന്‍ മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെ പ്രേരിപ്പിച്ചിരുന്നതായി റിപോര്‍ട്ട്. അമേരിക്കന്‍ മാഗസിനായ ദ ന്യൂയോര്‍ക്കിലെ സൂസന്‍ ബി ഗ്ലാസറാണ് കഴിഞ്ഞ ദിവസം ഈ ഞെട്ടിക്കുന്ന റിപോര്‍ട്ട് പുറത്തുവിട്ടത്.
എന്നാല്‍, യുഎസ് ജോയിന്റ് ചീഫ്‌സ് ഓഫ് സ്റ്റാഫ് ചെയര്‍മാന്‍ ജനറല്‍ മാര്‍ക്ക് മില്ലി ഇറാന്‍ ആക്രമണത്തിനെതിരേ ട്രംപിന് മുന്നറിയിപ്പ് നല്‍കിയിരുന്നതായി റിപോര്‍ട്ട് വ്യക്തമാക്കുന്നു. 2020 ലെ തിരഞ്ഞെടുപ്പില്‍ ട്രംപ് പരാജയപ്പെട്ട് മാസങ്ങള്‍ക്ക് ശേഷം, അധികാരത്തില്‍ കടിച്ച് തൂങ്ങാന്‍ ട്രംപ് ശ്രമം നടത്തുന്നതിനിടെയാണ് ഇതു സംബന്ധിച്ച നീങ്ങളുണ്ടായത്.
ഒരു യുദ്ധം ട്രംപ് ആഗ്രഹിച്ചിരുന്നില്ലെങ്കിലും നെതന്യാഹു ഉള്‍പ്പെടെയുള്ള വിവിധ പ്രകോപനങ്ങള്‍ക്ക് മറുപടിയായി ഒരു മിസൈല്‍ ആക്രമണത്തിന് ശ്രമം നടത്തിയിരുന്നതായി മാര്‍ക്ക് മില്ലി വിശ്വസിച്ചിരുന്നതായി ന്യൂയോര്‍ക്കര്‍ റിപോര്‍ട്ട് ചെയ്യുന്നു. തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടുവെന്ന് വ്യക്തമായതിനെതുടര്‍ന്ന് ട്രംപിനോട് ഇറാനെതിരേ നടപടിയെടുക്കാന്‍ ആവശ്യപ്പെട്ടിരുന്ന ഇസ്രായേല്‍ പ്രധാനമന്ത്രി നെതന്യാഹുവുമായി അടുപ്പമുള്ള ഇറാന്‍ വിരുദ്ധരുടെ ഒരു വൃത്തം ട്രംപിന് ചുറ്റും ഉണ്ടായിരുന്നതായും റിപോര്‍ട്ട് വ്യക്തമാക്കുന്നു.
നെതന്യാഹുവിനെപ്പോലെ, ട്രംപിന്റെ സ്‌റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോയും വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സും ഇറാനെതിരെ നടപടിയെടുക്കാന്‍ പ്രേരിപ്പിച്ചതായി ദ ന്യൂയോര്‍ക്ക് ആരോപിക്കുന്നു.
അധികാരത്തിലിരിക്കെ നെതന്യാഹുവും ട്രംപും ദീര്‍ഘകാലമായി ബന്ധം പുലര്‍ത്തിയിരുന്നു. ഇറാനുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ അവര്‍ യോജിച്ച നീക്കങ്ങള്‍ നടത്തുകയും ചെയ്തിരുന്നു.
ക്രിസ്മസ് അവധിക്കുശേഷം ജനുവരി 3ന് ഇറാന്‍ വിഷയം ചര്‍ച്ച ചെയ്യുന്നതിനായി ഓവല്‍ ഓഫിസില്‍ ട്രംപ് ഒരു യോഗം വിളിച്ചുചേര്‍ത്തു. ഇറാന്റെ ആണവ പ്രവര്‍ത്തനത്തെക്കുറിച്ചുള്ള സമീപകാല റിപ്പോര്‍ട്ടുകളെക്കുറിച്ച് ഉപദേശകരോട് ചോദിച്ചു.
ചെലവും പരിണതഫലങ്ങളും കണക്കിലെടുത്ത് സൈനികപരമായി ഒന്നും ചെയ്യാന്‍ കഴിയില്ലെന്ന് ഉപദേശകര്‍ അദ്ദേഹത്തോട് പറഞ്ഞു. ഒടുവില്‍ പ്രസിഡന്റ് സൈനിക നടപടിയെന്ന ആശയം ഉപേക്ഷിക്കാന്‍ സമ്മതിക്കുകയായിരുന്നുവെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.