സംഭല്‍ മസ്ജിദിന് മുന്നിലെ പോലിസ് ഔട്ട്‌പോസ്റ്റ് രാമനവമി ദിനമായ ഇന്ന് ഉദ്ഘാടനം ചെയ്യും

സംഭല്‍: ഉത്തര്‍പ്രദേശിലെ സംഭല്‍ ശാഹീ ജാമിഅ് മസ്ജിദിന് എതിര്‍വശത്ത് നിര്‍മിക്കുന്ന പുതിയ പോലിസ് ഔട്ട്‌പോസ്റ്റ് രാമ നവമി ദിനമായ ഇന്ന് ഉദ്ഘാടനം ചെയ്യും. 'സത്യവ്രത്' എന്നാണ് ഈ ഔട്ട്‌പോസ്റ്റിന് പേരിട്ടിരിക്കുന്നത്. മസ്ജിദിലെ ഹിന്ദുത്വ സര്‍വേയെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തിന് ശേഷമാണ് ഇവിടെ ഔട്ട്‌പോസ്റ്റ് നിര്‍മിക്കാന്‍ പോലിസ് തീരുമാനിച്ചത്. ഹിന്ദു ഇതിഹാസമായ മഹാഭാരതത്തില്‍ ശ്രീകൃഷ്ണന്‍, അര്‍ജുനന് നല്‍കിയ ഉപദേശത്തിന്റെ ഒരു ഭാഗം ഔട്ട്‌പോസ്റ്റില്‍ എഴുതി ചേര്‍ത്തിട്ടുണ്ട്. സാറ്റലൈറ്റ് ടവര്‍, സിസിടിവി കാമറകള്‍ എന്നിവയുള്ള കണ്‍ട്രോള്‍ റൂമും ഔട്ട്‌പോസ്റ്റിലുണ്ട്. എസ്പി കൃഷ്ണകുമാര്‍ ബിഷ്‌ണോയ്, എഎസ്പി ശിരീഷ് ചന്ദ്ര, സര്‍ക്കിള്‍ ഓഫിസര്‍ അനുജ് ചൗധുരി തുടങ്ങിയവര്‍ ഇന്നലെ ഔട്ട്‌പോസ്റ്റ് പരിശോധിച്ചു.



2024 നവംബര്‍ 24ന് മസ്ജിദ് പരിസരത്ത് ആറ് മുസ്‌ലിംകളെ പോലിസ് വെടിവച്ചു കൊന്നതിന് പിന്നാലെ പ്രദേശത്ത് ഭരണകൂട ഭീകരത നടക്കുകയാണ്. മസ്ജിദ് കമ്മിറ്റി പ്രസിഡന്റ് അഡ്വ. സഫര്‍ അലിയെ കള്ളക്കേസില്‍ കുടുക്കി ജയിലില്‍ അടച്ചുകഴിഞ്ഞു. സംഭല്‍ എംപി സിയാവുര്‍ റഹ്മാന്‍ ബര്‍ഖിനെ എട്ടാം തീയ്യതി പോലിസ് ചോദ്യം ചെയ്യും.